Monday, June 3, 2013

ഒടുക്കലത്തെ സാഹസിക യാത്ര - ഭാഗം 1


ഒരു വലിയ സാഹസിക യാത്ര പോകണം എന്നത് കുറെ കാലമായുള്ള  ഒരാഗ്രഹമായിരുന്നു.    നാടും വീടും വിട്ട്, നാട്ടുകാരെയും വീട്ടുകാരെയും പാടെ ഉപേക്ഷിച്ച് ഒരു ഭ്രാന്തമായ യാത്ര. നമ്മളീ ഹോളിവുഡ് സിനിമകളിൽ ഒക്കെ കാണുന്ന യാത്രയില്ലേ, ഏകദേശം ആ രൂപത്തിലുള്ള ഒരു യാത്ര തന്നെയാണ് എന്റെയും  ലക്ഷ്യം. പക്ഷെ യാത്ര പോകുമ്പോൾ കമ്പനിക്കു പറ്റിയ ഒരാൾ കൂടെ വേണ്ടേ ? അതിനു പറ്റിയ ഒരാളെ കിട്ടാഞ്ഞത് കാരണം ആ യാത്രാ മോഹം കുറെ കാലം നീണ്ടു നീണ്ടു പോയി. 

കഴിഞ്ഞ വർഷം നാട്ടിൽ അവധിക്കു പോയപ്പോൾ ഏതെങ്കിലും  കാട്ടിനുള്ളിലേക്ക്‌ അത്തരത്തിലൊരു  യാത്ര നടത്തണം എന്ന് തീരുമാനിച്ചു ഉറപ്പിച്ചിരുന്നു. അങ്ങിനെയിരിക്കുമ്പോൾ ആണ് ഒരു ദിവസം ടോം എന്നെ വിളിക്കുന്നത്. അവനും അത് പോലൊരു യാത്ര പോകുന്ന കാര്യത്തെ കുറിച്ച് എന്നോട് സൂചിപ്പിച്ചു. തികച്ചും യാദൃശ്ചികം. അല്ലാതെന്തു പറയാൻ. പക്ഷെ അത് കൊണ്ടായില്ലല്ലോ. വ്യക്തമായൊരു പ്ലാനിംഗ് വേണം. പോകേണ്ട സ്ഥലം, താമസം, തങ്ങേണ്ടി വരുന്ന ദിവസങ്ങളുടെ എണ്ണം  അങ്ങിനെ കുറെയേറെ കാര്യങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. എന്റെ ലീവ് കഴിയുന്നതിനു മുൻപേ ഈ വക പരിപാടികൾ നടക്കുമോ ഇല്ലയോ എന്നത് മറ്റൊരു സംശയവുമായിരുന്നു.

കോയമ്പത്തൂർ പഠിക്കുന്ന കാലത്ത് ടോമിന്റെ കൂടെ ഒരിക്കൽ ഒരു പാതിരാ യാത്രക്ക്  പോയ കാര്യം ഓർത്ത്‌ പോയി. അവന്റെ കൂടെയുള്ള യാത്ര ഒരേ സമയത്ത് റിസ്ക്കും രസകരവുമാണ്. റിസ്ക്കില്ലാതെ എന്ത് ജീവിതം? ഒടുക്കം അവനെയും കൂടെ കൂട്ടി യാത്ര പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. അത് പ്രകാരം അടുത്ത ദിവസം തന്നെ അവനെ ഞാൻ തിരിച്ചു വിളിക്കുകയും വിശദ വിവരങ്ങൾ സംസാരിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലുള്ള  പറമ്പിക്കുളം എന്ന സ്ഥലമാണ് ഞാൻ നിർദ്ദേശിച്ചത്. ആ സമയത്തെ എന്റെ കുറഞ്ഞ അറിവ് വച്ച് നോക്കുമ്പോൾ പറമ്പിക്കുളത്ത് ഞാൻ മനസ്സിൽ ആഗ്രഹിച്ച കാടും, അരുവിയും, വന്യ ജീവികളും, പാറ കുന്നുകളും അങ്ങിനെ സാഹസിക യാത്ര നടത്താൻ പറ്റിയ എല്ലാ ഘടകങ്ങളും ഉണ്ട്. ടോമിനോട് ഞാൻ അക്കാര്യം പറഞ്ഞപ്പോൾ അവനും ആകെ ത്രില്ലിലായി. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ യാത്രക്കുള്ള സാധന സാമഗ്രികൾ റെഡിയാക്കിയ ശേഷം ആലപ്പുഴയിൽ നിന്ന്  അവൻ നേരെ ഷൊർണൂർ റെയിൽ വെ സ്റ്റേഷനിൽ എത്തിച്ചേരാമെന്നു പറഞ്ഞു . 

ആ ദിവസം വീട്ടിൽ നിന്ന് മറ്റെങ്ങോട്ടോ പോകാനുണ്ടെന്നും പറഞ്ഞു വേണം യാത്ര തിരിക്കാൻ . അല്ലെങ്കിൽ ഒരു പക്ഷെ പ്ലാൻ ചെയ്ത ത്രിൽ ഒക്കെ നഷ്ടമാകും .ദോഷമില്ലാത്ത  നുണ പറയുക എന്നത് ഒരു കലയാണ്. അത് മനോഹരമായി ഞാൻ പലപ്പോഴും നിറവേറ്റാറുള്ള പോലെ അന്നും ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം വീഗാ ലാന്റിലോട്ട് എന്നും പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്.  തൃശ്ശൂരിലുള്ള തമ്പിയെയും, കോട്ടയത്തുള്ള ഷമീറിനെയും, കണ്ടു മടങ്ങും വഴി എറണാംകുളത്തുള്ള അജ്മലിന്റെ വീട്ടിൽ ഒരു ദിവസം തങ്ങും, അതിനും ശേഷം അവരോടൊപ്പം വീഗാ ലാൻഡിൽ പോയി അർമാദിച്ചു മടങ്ങും. ഇതായിരുന്നു വീട്ടുകാർക്ക് ഞാൻ കൊടുത്ത എന്റെ യാത്രാ പ്ലാൻ. അവധിക്കാലത്തല്ലേ ഇതൊക്കെ പറ്റൂ. വീട്ടുകാർ എതിരൊന്നും പറഞ്ഞില്ല. പക്ഷെ ടോമിന്റെ വീട്ടിൽ കഥ വേറെയാണ്. അവനെ അവന്റെ വീട്ടുകാർക്ക് നല്ല വിശ്വാസമായത് കൊണ്ട് കഥകൾ കുറച്ചു ഏറെ പറഞ്ഞാൽ മാത്രമേ അവനെ വീടിനു പുറത്തോട്ടു വിടുമായിരുന്നുള്ളൂ. (അത്രക്കൊന്നുമില്ല . അത് ഞാനൊരു ആലങ്കാരികതക്കു വേണ്ടി പറഞ്ഞതാ ട്ടോ). 

കോളേജ് പിരിഞ്ഞ ശേഷം ടോമിനെ  ഞാൻ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. ഫോണിൽ വല്ലപ്പോഴും വിളിച്ചാൽ വിളിച്ചു അത്ര തന്നെ. പക്ഷെ അതൊന്നും ഞങ്ങളുടെ സ്നേഹ ബന്ധത്തിന്റെ അളവ് കോലുകൾ അല്ലായിരുന്നു. അല്ലെങ്കിൽ തന്നെ, ഒരുപാട് നേരം ഫോണിലും നേരിട്ടും സംസാരിച്ചു ശീലിച്ചവർ  ഒരു സുപ്രഭാതത്തിൽ നമ്മളോട് ഒരു വാക്കും പറയാതെ ജീവിതത്തിൽ നിന്നും തന്നെ അകന്നു പോകുന്ന ഈ കാലത്ത് ടോമിനെ പോലുള്ളവരുമായുള്ള സൌഹൃദത്തെ ഞാൻ എന്തിനേക്കാളും കൂടുതൽ വില കൽപ്പിക്കുന്നു.

ഷൊർണൂർ സ്റ്റേഷനിൽ നിന്ന് അവനെ ഞാൻ കാണുമ്പോൾ സമയം ഏകദേശം പതിനൊന്നു മണി കഴിഞ്ഞിരുന്നു. മുടി ചീകാതെ, താടിയൊക്കെ വച്ച് ഒരു രൂപമാണ് പണ്ട് ടോമിനുണ്ടായിരുന്നത്. വർഷങ്ങൾ കഴിഞ്ഞു കാണുമ്പോഴും അവനു അതെ രൂപം തന്നെ. ഒരു മാറ്റവുമില്ല. ഛെ! ഇങ്ങിനൊരു യാത്ര പോകുമ്പോൾ ഒരർത്ഥത്തിൽ അവന്റെ ആ ചിന്തയും രൂപവും  തന്നെയാണ് ഞാനും പിന്തുടരെണ്ടിയിരുന്നത് എന്നെനിക്കും തോന്നി. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല . രണ്ടാളും രണ്ടു ലുക്കിലാണ് ഒരിടത്തേക്ക് യാത്ര പോകാൻ പോകുന്നത് .  താടി രണ്ടു ദിവസം കഴിഞ്ഞാൽ വരുമെന്ന് വിചാരിക്കാം. വസ്ത്രം മുഷിയാനും രണ്ടു ദിവസം ധാരാളം. ഭ്രാന്തമായ ഒരു യാത്രക്ക് വേണ്ടുന്ന പകുതി ലുക്ക് അങ്ങിനെ ഉണ്ടാക്കാമല്ലോ എന്ന് ഞാൻ ആശ്വസിച്ചു. അങ്ങിനെ ഞങ്ങൾ പാലക്കാട്ടേക്ക് യാത്ര തിരിച്ചു. 

പാലക്കാട് എത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു . ഭക്ഷണ ശേഷം ഞങ്ങൾ അടുത്ത പരിപാടി പ്ലാൻ ചെയ്തു. പാലക്കാട് നിന്ന് ഏകദേശം 90 കിലോമീറ്റർ ദൂരെയാണ് പറമ്പിക്കുളം. പറമ്പിക്കുളം കേരളത്തിന്റെ ഭാഗമാണ് എങ്കിലും അവിടെയെത്തണമെങ്കിൽ തമിഴ് നാട് സംസ്ഥാനത്തിലെ സേത്തുമട എന്ന വഴിയിലൂടെ വേണം പോകാൻ. അണ്ണാമലൈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ അധീനതയിലാണ് ഈ വഴിയും പ്രദേശവും നിലവിലുള്ളത്. തുണക്കടവ് അണക്കെട്ടും, ടോപ്‌ സ്ലീപ്പും ആണ് പറമ്പിക്കുളത്തെ പ്രധാന ആകർഷണീയതകൾ എന്ന് പണ്ടെപ്പോഴോ വായിച്ചതായി ഓർത്തു. 

പാലക്കാട് തൊട്ട് പൊള്ളാച്ചി വരെയുള്ള ബസ് യാത്രയിൽ ചെറുതായൊന്നു മയങ്ങി . പൊള്ളാച്ചിയെത്തിയപ്പോൾ സമയം ഏതാണ്ട് അഞ്ചു മണി കഴിഞ്ഞിരുന്നു . ഉറക്ക ക്ഷീണം മാറാൻ ഞങ്ങളൊരു ചായക്കടയിൽ കയറി. അവിടെ മുറി തമിഴ് പറഞ്ഞും തമിഴ് പാട്ട് പാടിയും അൽപ്പ നേരം അണ്ണന്മാരോട് കത്തി വച്ചു. അപ്പോഴേക്കും പൊള്ളാച്ചിയിൽ നിന്ന് പറമ്പിക്കുളം പോകാനുള്ള ആ ദിവസത്തെ അവസാന ബസ് വന്നിരുന്നു. ദിവസവും രണ്ടേ രണ്ടു ബസ് സർവീസ് മാത്രമേ പറമ്പിക്കുളത്തേക്ക് ഉള്ളൂ. യാത്ര മതിയാക്കി എപ്പോൾ മടങ്ങണം എന്നതിനെ കുറിച്ച് കൃത്യമായൊരു ധാരണ ഞങ്ങൾ  രണ്ടു പേർക്കും സത്യത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ കൂടി ബസിന്റെ വരവും പോക്കും ഏതൊക്കെ സമയത്താണ് എന്നൊരു ഏകദേശ രൂപം മനസ്സിലാക്കി വച്ചു. 

രാത്രി 7-8  മണിയോട് അടുത്ത് ഞങ്ങൾ പറമ്പിക്കുളത്തെത്തി. ആളും മനുഷ്യനും ഒന്നുമില്ലാത്ത പോലെ തോന്നിക്കുന്ന ഒരു സ്ഥലം. ദൂരെ ഒരു ചെറിയ വെളിച്ചം തൂക്കിയിട്ടിരിക്കുന്ന  കട കണ്ടു. ആ സമയത്ത് നല്ല തണുപ്പും തുടങ്ങി കഴിഞ്ഞിരുന്നു. ചൂടോടു കൂടെ എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്ന് മാത്രമായിരുന്നു അന്നേരത്തെ ഞങ്ങളുടെ ചിന്ത . കടയെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഞങ്ങളോടൊപ്പം ബസിൽ ഉണ്ടായിരുന്ന ചെറിയ സംഘങ്ങൾ   ഒരു ജാഥ പോലെ ഞങ്ങളെ അനുഗമിച്ചു. പിന്നെ പ്രധാനമായും ഫുഡ് അടിയാണ് അവിടെ നടന്നത് . നല്ല പച്ചരി ചോറും , മീൻ കറിയും, ഓംലറ്റും ചൂടോടെ കഴിക്കുമ്പോൾ ഒരു പ്രത്യേക ടേയ്സ്റ്റ് തന്നെയായിരുന്നു . 

ഹോട്ടലിനു പിൻ ഭാഗത്ത്  കൈ കഴുകാൻ വേണ്ടി ഒരു ചരുവത്തിൽ വെള്ളം നിറച്ചു വച്ചിരുന്നു.  കൈ കഴുകാനായി അവിടെ ചെന്നതും പൊന്തയിൽ എന്തോ ഒരിളക്കം ഞാൻ ശ്രദ്ധിച്ചു. ആദ്യം ഞാൻ കരുതിയത്‌ ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാൻ വന്ന നായ്ക്കൾ വല്ലതുമായിരിക്കും എന്നാണ് . എന്റെ കൈയ്യിലുള്ള ഇല ഞാൻ എറിഞ്ഞു കൊടുക്കുന്നതിനു മുൻപേ തന്നെ അവറ്റങ്ങളിൽ ചിലത് എന്റെ നേർക്ക്‌ പാഞ്ഞു വന്നു. അപ്പോഴാണ്‌ അത് നായ്ക്കൾ അല്ലെന്നു മനസിലായത്. കറുത്ത പന്നികൾ ആയിരുന്നു അതെല്ലാം . ഉപദ്രവകാരികൾ അല്ലെന്നു കണ്ടാലറിയാം. കഴിച്ച ഭക്ഷണത്തിന്റെ പൈസ കൊടുത്ത് നിൽക്കുന്ന സമയത്ത് കൈ നക്കി തുടച്ചു കൊണ്ട് വരുന്ന ടോമിനെ നോക്കി ഞാൻ പറഞ്ഞു.

" ഡാ പന്നീ .. നീ ശരിക്കുള്ള പന്നികളെ കണ്ടിട്ടുണ്ടോ .. അല്ലേൽ ഇപ്പം കണ്ടോ ..". പന്നികളെ കണ്ടപ്പോൾ അവനെന്തോ ഭയങ്കര സന്തോഷമായ പോലെ തോന്നി. 

"ഓഹോ .. ഇതാണോടാ പന്നീ ആ പന്നികൾ ..?? എങ്കീ പിടിയെടാ ഒന്നിനെ .. "കൈ പോലും കഴുകാതെ പന്നികളുടെ പിന്നാലെ ടോം ഓടി. ആളുകൾ ഞങ്ങളെ നോക്കി എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു. പറഞ്ഞാൽ തന്നെ തമിഴിലല്ലെ അത് കേൾക്കേണ്ട ബാധ്യത നമുക്കില്ല ല്ലോ. 

പിന്നെ കുറെ നേരം ഞങ്ങൾ പന്നികളുടെ പിന്നാലെ ഓടി കളിക്കുകയായിരുന്നു. അപ്പോഴാണ്‌ മുനി സ്വാമിയെ പരിചയപ്പെടുന്നത്. ചുരുങ്ങിയ സമയത്തെ സംസാരം  കൊണ്ട് ആ പ്രദേശത്തെ കുറിച്ചു ഒരു ചെറിയ വിവരണം ഞങ്ങൾക്ക് മുനി സ്വാമിയിൽ നിന്ന് കിട്ടി. പക്ഷെ അപ്പോഴത്തെ പ്രധാന പ്രശ്നം മറ്റൊന്നായിരുന്നു. തണുപ്പ് കൂടി കൂടി വരുന്നു. എത്രയും പെട്ടെന്ന് തല ചായ്ക്കാൻ ഒരിടം വേണം. അതിനുള്ള  സഹായം ചെയ്തു തന്നതും  നമ്മുടെ മുനി സ്വാമി തന്നെ.  ഒന്നാലോചിച്ചു നോക്കുമ്പോൾ ഈ പ്ലാനിങ്ങിലൊന്നും ഒരു കാര്യമില്ല. നിയോഗങ്ങളായും  നിമിത്തങ്ങളായും  ഓരോന്നും നമ്മുടെ മുന്നിലേക്ക്‌ നമ്മളെ തേടി വരണം. അപ്പോഴേ ഒരു ഗുമ്മുള്ളൂ . യഥാർത്ഥത്തിൽ പ്ലാനിങ്ങിലൂടെ ജീവിതത്തിന്റെ അത്തരം ത്രില്ലിംഗ് നിമിഷങ്ങൾ  നമ്മൾ നഷ്ട്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് തോന്നി പോയി. 

മുനി സ്വാമി കാണിച്ചു തന്ന വഴിയിലൂടെ ഒരു ടോർച്ച്  വെളിച്ചത്തിൽ ഞങ്ങൾ നടന്നു. ഒടുക്കം  താമസിക്കാനൊരു സ്ഥലം ഞങ്ങൾ കണ്ടെത്തി. രണ്ടു പേർക്ക് ബെഡ് സ്പെയ്സ് ഉള്ള ഒരു കുഞ്ഞു വീട്. വീട് മരത്തിന്റെ മുകളിലാണെന്നു മാത്രം. വാടക അൽപ്പം കൂടുതലാണെങ്കിലും സാരമില്ല. ഇതൊക്കെ ഒരു രസമല്ലേ എന്ന് ഞങ്ങൾ കരുതി. രാത്രി ഞങ്ങൾ കിടക്കാൻ പോകുന്നത് മരത്തിനു മുകളിലെ വീട്ടിലാണല്ലോ എന്നോർത്തപ്പോൾ മനസ്സിന് വല്ലാത്തൊരു സുഖവും സന്തോഷവും അങ്ങിനെ എന്തൊക്കെയോപ്പാടെ തോന്നി കൊണ്ടിരുന്നു. 

മുറിയിലെത്തിയ ശേഷം ഉറക്കം വരാതെ ഞങ്ങൾ രണ്ടു പേരും കട്ടിലിൽ കിടന്നു ഓരോന്ന് സംസാരിക്കാൻ തുടങ്ങി. 

" എടാ ദാസാ നമുക്കെന്താട ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത് ? "  . 

"എല്ലാത്തിനും അതിന്റേതായ സമയമുണ്ട് വിജയാ .." 

നാടോടിക്കാറ്റ് സിനിമയിലെ ആ ഡയലോഗ് പറയാനാണ് ഞങ്ങൾക്ക് ആ സമയത്ത് തോന്നിയത്. സിനിമയിൽ അത് പറഞ്ഞു കഴിയുമ്പോൾ പശു കരയുന്ന ശബ്ദമാണ് കേട്ടതെങ്കിൽ  ആ ദിവസം ഞങ്ങൾ കാതോർത്തത്  ദൂരെയെവിടുന്നൊക്കെയോ കരയുന്ന   മയിലുകളുടെയും   മറ്റെതോക്കെയോ പക്ഷികളുടെയും ശബ്ദമാണ്. 

" ഡാ, ഇവിടുത്തെ കാട്ടിൽ  പുലിയും ആനയും ഒക്കെയുണ്ടോടെ ? അതോ ഈ കരയുന്ന പക്ഷികൾ മാത്രേ ഉള്ളോ ?" ടോമിന് എന്തോ അത് വരെ കേട്ടിരുന്ന  ശബ്ദം  കൊണ്ട് മാത്രം തൃപ്തി വന്നില്ലായിരുന്നു. കാലത്ത് കുളിയും ഭക്ഷണവും കഴിഞ്ഞ ശേഷം ക്യാമറയും തൂക്കി ഒരു ട്രെക്കിങ്ങിനു പോകാം എന്ന് ഞാൻ പറഞ്ഞപ്പോഴാണ് അവനു സമാധാനമായത്. അവൻ അപ്പോൾ തന്നെ ക്യാമറയും മറ്റും സെറ്റ് ചെയ്തു വച്ചു. അതും കഴിഞ്ഞ ശേഷമെ അവൻ ഉറങ്ങിയുള്ളൂ എന്നാണു എന്റെ ഓർമ. 

അടുത്ത ദിവസം രാവിലെ വീട്ടിലേക്കു വിളിക്കാൻ മൊബൈൽ എടുത്തു നോക്കിയപ്പോഴാണ് BSNLന് ഒഴികെ മറ്റൊന്നിനും ആ കാട്ടുമുക്കിൽ  റേഞ്ച് ഇല്ല എന്ന് മനസിലായത്. ടോമിന്റെ കയ്യിലുള്ള കണക്ഷൻ BSNL ആയതു കൊണ്ട് അതെടുത്തു വിളിക്കാമെന്നു കരുതി നോക്കുമ്പോൾ  ടോമിനെ തന്നെ കാണാനില്ലായിരുന്നു. രാവിലെ എന്നെക്കാൾ മുൻപ് അവൻ എഴുന്നേറ്റത് ഞാൻ അറിഞ്ഞിരുന്നു. പക്ഷെ ഇതിപ്പോ എവിടെ പോയെന്നു ഒരു പിടീം ഇല്ല എന്നോർത്തു നിൽക്കുമ്പോൾ ആണ് തലയിൽ ബൾബ് മിന്നിയത്. 

ഞാൻ റൂമിൽ നിന്ന് താഴെ ഇറങ്ങി ചെന്നപ്പോൾ കുറച്ചു ദൂരെയായി കുറച്ചു കുട്ടികൾ കൂടി നിൽക്കുന്നത് കണ്ടു. അതിനു ഒത്ത നടുക്ക് ടോം ക്യാമറയും പിടിച്ചു നില്ക്കുന്നുണ്ട്. അവനു ഫോട്ടോ എടുക്കാൻ കണ്ട സമയം എന്ന് പിരാകി കൊണ്ട് അവന്റെ അടുക്കലേക്കു ഞാൻ ചെന്നു. 

പക്ഷെ സംഭവം അവിടെ ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. കുറെ കുട്ടികളും ലവനും  കൂടി ഒരു കുട്ടികുരങ്ങനെ കളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തിന്നാൻ കിട്ടുന്നതിനു അനുസരിച്ച് കുരങ്ങൻ കുട്ടി എന്തൊക്കെയോ കോപ്രായം കാണിക്കുന്നു,  മറ്റേ കുരങ്ങൻ ഇതിന്റെയെല്ലാം ഫോട്ടോ എടുക്കുന്നു. അതാണ്‌ അവിടെ നടക്കുന്നത്. സത്യം പറഞ്ഞാൽ രണ്ടു പേരുടെയും ആ സമയത്തെ മുഖഭാവം കുറെ നേരം നോക്കി നിന്നപ്പോൾ വന്ന കാര്യം ഞാൻ മറന്നു പോയിരുന്നു. 

കുരങ്ങനെ കളിപ്പിക്കലും, ഫോട്ടോ എടുക്കലും, വീട്ടിലേക്കു വിളിക്കലുമെല്ലാം തീർത്ത ശേഷം ഞങ്ങൾ അവിടെ അടുത്തു തന്നെയുള്ള ഒരു ഡാമിൽ കുളിക്കാൻ പോയിരുന്നു. അത് വല്ലാത്തൊരു പോക്കായിരുന്നു എന്ന് വേണം പറയാൻ. ഞാനും ടോമും പിന്നെ ഒരു അഞ്ചെട്ടു പിള്ളേരും. പിള്ളേരായിരുന്നു ആ സമയത്തെ ഞങ്ങളുടെ ഗൈഡ്. 

ആകാശം മുട്ടി നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെ വളഞ്ഞും പുളഞ്ഞും നടന്നെത്തിയത്‌ ഒരു വലിയ മുളം കാട് പോലെ തോന്നിക്കുന്ന  ഒരു സ്ഥലത്തായിരുന്നു. നീളമുള്ള മുളകൾക്കിടയിലൂടെ നോക്കുമ്പോൾ ദൂരെയായി നീല നിറത്തിൽ ഡാമിൽ വെള്ളം നിറഞ്ഞു നിൽക്കുന്നത് കാണാമായിരുന്നു. അപ്പോഴേക്കും ഏകദേശം രണ്ടു കിലോ മീറ്ററോളം  ഞങ്ങൾ നടന്നു കഴിഞ്ഞിരുന്നു. അതിനിടയിൽ ക്യാമറയിൽ പതിഞ്ഞ ഫോട്ടോകൾക്ക് കണക്കില്ലായിരുന്നു. അത്രക്കും മനോഹരമായ പച്ച പിടിച്ച സ്ഥലങ്ങൾ അതിനു മുൻപേ ഞങ്ങൾ എവിടെയും കണ്ടിട്ട് പോലുമില്ല. 

ഡാമിന്റെ ഭാഗത്ത്‌ നിന്ന് കുറച്ചങ്ങ്‌ മാറിയാണ് കുളിക്കാൻ സൌകര്യമുള്ള സ്ഥലം. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ വേറെയും അഞ്ചാറ് പേർ അവിടെ കുളിക്കുന്നുണ്ടായിരുന്നു. നല്ല തണുപ്പുള്ള വെള്ളം. വെള്ളത്തിലേക്ക് ഇറങ്ങാൻ ആദ്യം മടിച്ചെങ്കിലും പയ്യന്മാർ തുരുതുരാ വെള്ളത്തിലോട്ട് തലയും കുത്തി ചാടുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് സഹിച്ചില്ല. ഞങ്ങളും അത് പോലെ വേഗം വേഗം ചാടി. പിന്നെ ഒരു മണിക്കൂറോളം കുളിയോടു കുളിയായിരുന്നു. ഹൗ, മുടിഞ്ഞ തണുപ്പെന്നൊക്കെ പറഞ്ഞാൽ അതായിരുന്നു തണുപ്പ്.  ഹൗ ..ആലോചിക്കാനെ  വയ്യ ! 

കുളി കഴിഞ്ഞു കരക്ക്‌ കയറി തോർത്തിയ ശേഷമാണ് മറ്റൊരു കാര്യം ഞങ്ങൾ അറിഞ്ഞത്. കഴിഞ്ഞ ആഴ്ച അതെ കടവിൽ കുളിക്കാനിറങ്ങിയ ചെറുപ്പക്കാരിലെ ഒരാളെ മുതല പിടിച്ചിരുന്നത്രെ. ബോഡി പോലും കിട്ടിയില്ല എന്നാണു അറിഞ്ഞത്. ഡാമിൽ മുതല ഉണ്ടാകുമോ എന്നൊക്കെയുള്ള ഞങ്ങളുടെ സംശയങ്ങൾക്ക് മറുപടികൾ പട പടാന്ന് കിട്ടി കൊണ്ടിരുന്നു. പിന്നെ വിശ്വസിക്കാതിരിക്കാൻ പറ്റിയില്ല. ഡാമിന് കുറെ ദൂരെയായി  ഒരാൾ തോണി തുഴഞ്ഞു പോകുന്നത് കണ്ടു. പങ്കായം കൊണ്ട് അയാൾ ഇടയ്ക്കിടെ വെള്ളത്തിൽ അടിക്കുന്നത് കൂടെയുള്ള പീക്കിരികൾ കാണിച്ചു തന്നു. അതെല്ലാം മുതലയെ ദൂരേക്ക്‌ അകറ്റാൻ അവിടെയുള്ള ആളുകൾ ചെയ്യുന്ന ചെപ്പടി വിദ്യകൾ ആണെന്നാണ്‌ പിള്ളേര്  ഞങ്ങൾക്ക് പറഞ്ഞു തന്നത്. അതൊക്കെ  ഞങ്ങൾ പാതി വിശ്വസിക്കുകയും പാതി അവിശ്വസിക്കുകയും ചെയ്തു. സത്യം എന്തരോ എന്തോ എന്ന മട്ടിൽ ഞങ്ങൾ പരസ്പ്പരം മുഖം നോക്കി നിന്നു പോയ നിമിഷമായിരുന്നു അത് . 
-pravin-
(ഫോട്ടോസ് - കടപ്പാട് - ഗൂഗിൾ)