Wednesday, August 22, 2012

ഇതാണോ ഇത്ര വല്ല്യ ആനക്കാര്യങ്ങള്‍ !

അതെ, ഇത് വല്ല്യ ആനക്കാര്യം തന്ന്യാണ്. ന്താന്ന് വച്ചാല്‍ ആനകളെ കുറിച്ച് പറയാന്‍ പോകുന്ന കാര്യം ആനക്കാര്യം അല്ലാതെ പൂച്ചക്കാര്യം ആകുമോ ? പിന്നല്ല .. 

ആനകളെ കാണാത്തവര്‍ ആരും ഉണ്ടാകില്ല. കുഴിയാനയല്ല ട്ടോ സാക്ഷാല്‍ ആനയുടെ കാര്യമാണ് പറയുന്നത്. ആനകളെ ആദ്യമായിട്ട് ഞാന്‍ കാണുന്നത് മനിശ്ശെരിയിലെ എന്‍റെ അച്ഛമ്മയുടെ വീട്ടില്‍ വച്ചാണ്. അച്ഛമ്മക്ക്‌ ആനയോന്നും ഉണ്ടായിരുന്നില്ല. പക്ഷെ അച്ഛമ്മയുടെ തറവാട്ടു പറമ്പില്‍ ആണ് ആനകളെ കെട്ടി ഇടാറുണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് എപ്പോഴും ആനകളെ കാണാന്‍ സാധിച്ചിരുന്നു. അന്നൊക്കെ വേലി വക്കത്ത് പോയി നിന്ന് ആനയെ ഞാന്‍ സൂക്ഷിച്ച് നോക്കുമായിരുന്നു.

'ഹോ..എന്തൊരു വലുപ്പമാണ് ഈ ആനക്ക്. വലിയ ചെവി, മൂക്ക് ..കാലുകള്‍, വാല് ..നീണ്ട് വെളുത്ത കൊമ്പുകള്‍ , പക്ഷെ കണ്ണ് മാത്രം കുഞ്ഞുത്. ' അച്ഛമ്മക്കും മറ്റുള്ളവര്‍ക്കും ഞാന്‍ അങ്ങിനെയാണ് ആനയെ വിശദീകരിച്ചു കൊടുത്തത്. 

ആനയുടെ കൊമ്പ് അതിന്‍റെ പല്ലാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്‌ കുറച്ചു കൂടി കാലം കഴിഞ്ഞാണ് . ശരിക്കും പറഞ്ഞാല്‍ എന്‍റെ ആദ്യത്തെ പല്ല് പറിഞ്ഞു വീഴാറായ സമയത്താണ് ആനയെ കുറിച്ച് ഞാന്‍ കൂടുതല്‍ അറിയുന്നത്. അന്നൊക്കെ പല്ല് പറിക്കുമ്പോള്‍ ഒരു സമ്പ്രദായം ഉണ്ട്. പറിച്ചെടുത്ത പല്ല് ഉള്ളന്‍ കയ്യില്‍ ചുരുട്ടി പിടിച്ചു കൊണ്ട് പുരപ്പുറത്തേക്ക് പ്രാര്‍ഥിച്ചു കൊണ്ട് ശക്തിയായി എറിയണം. 'ആനപ്പല്ല് പോയി കീരിപ്പല്ല് വരട്ടെ ' എന്ന് ഉറക്കെ പ്രാര്‍ഥിച്ചു കൊണ്ടാണ് പല്ലെടുത്ത് എറിയേണ്ടത്. 

ആനയെ എന്നും കാണുന്നതും കൊണ്ടും , ആനയെ ഇഷ്ടമായത് കൊണ്ടും ഞാന്‍ പല്ലെടുത്ത് പുരപ്പുറത്തേക്ക് എറിയുന്ന സമയത്ത് ചൊല്ലിയത് "കീരിപ്പല്ല് പോയിട്ട് ആനപ്പല്ല് വരട്ടെ ' എന്നായിരുന്നു. 'ഈശ്വരാ പണി പാളിയോ' എന്നാലോചിച്ചു കൊണ്ടാണ് അത് കേട്ടു നിന്നവര്‍ തലക്കു കയ്യും കൊടുത്തു നിന്നത്. 

എന്നെ അടുത്തേക്ക്‌ വിളിച്ചിട്ട് പഴയ വിശ്വാസങ്ങളുടെ പിന്‍ബലത്തില്‍ അച്ഛമ്മ പേടിപ്പിക്കുന്ന തരത്തില്‍ പറഞ്ഞു " അസ്സലായിട്ടുണ്ട് ട്ടോ, കീരിപ്പല്ലിനു പകരം നിയ്യ് കൊമ്പും വച്ച് നടന്നോ ഇനി മുതല്‍ .." 


'അതെന്താ അച്ഛമ്മേ, ആനപ്പല്ലും കൊമ്പും തമ്മില്‍ ബന്ധം .." എന്ന് ചോദിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വശം എനിക്ക് മനസിലാകുന്നത്. 

മനുഷ്യന്മാര്‍ക്ക് 32 പല്ല് എന്ന് പറയുന്ന പോലെ ആനകള്‍ക്ക് അതിന്‍റെ ജീവിതകാലത്ത് 28 പല്ലുകള്‍ ഉണ്ടാകും. അതില്‍ കൊമ്പുകളായി വരുന്ന 2 ഉളിപ്പല്ലുകള്‍ , പിന്നെ ഈ ഉളിപ്പല്ലുകളുടെ 2 പാല്‍പ്പല്ലുകള്‍, 12 ചെറിയ അണപ്പല്ലുകള്‍, 12 വലിയ അണപ്പല്ലുകള്‍ എന്നിവ അതില്‍ ഉള്‍പ്പെടും. ആനക്കൊമ്പുകള്‍ ഒരിക്കല്‍ പറഞ്ഞു പോയാല്‍ പിന്നൊരിക്കലും മുളക്കില്ല, പക്ഷെ മറ്റ് പല്ലുകള്‍ അഞ്ചു തവണ പുതുതായി മുളക്കപ്പെടും എന്ന് പറയുന്നു. മനുഷ്യന്മാരുടെ പല്ലുകള്‍ അടിയില്‍ നിന്ന് മുകളിലേക്ക് പൊങ്ങി വരുന്നത് പോലെയല്ല ആനക്ക് പല്ല് മുളക്കുന്നത്. ആനയുടെ പല്ലുകള്‍ പിന്നില്‍ നിന്നും മുന്നോട്ടു നീങ്ങി നീങ്ങി വരുകയാണത്രെ ചെയ്യുക. ആദ്യത്തെ പല്ലുകള്‍ തേയുന്ന സമയമാകുമ്പോഴേക്കും പുതിയ പല്ലുകള്‍ പിന്നില്‍ വന്നു സ്ഥാനമുറപ്പിച്ചിട്ടുണ്ടാകും . 

'അപ്പൊ ആനക്കൊമ്പ് ആനേടെ പല്ല് ആണല്ലേ ? " അച്ഛമ്മയോടുള്ള എന്‍റെ ചോദ്യം അതിശയം നിറഞ്ഞതായിരുന്നു. 


അങ്ങനെയാണെങ്കില്‍ ഇനിയിപ്പോ എനിക്ക് പുതിയ പല്ല് മുളക്കുമ്പോള്‍ അത് ആന കൊമ്പ് പോലെ ആയിരിക്കുമോ ? അച്ഛമ്മ പറഞ്ഞ പോലെ മറ്റുള്ളവരുടെ ഇടയില്‍ ആനക്കൊമ്പ് വച്ച് നടക്കേണ്ടി വരുമോ ഞാന്‍ ? അന്ന് രാത്രി അതിനെ കുറിച്ച് തന്നെ ഞാന്‍ ചോദിച്ചു കൊണ്ടേയിരുന്നു. ആ രാത്രി ഇടിയും മിന്നലോടും കൂടിയുള്ള നല്ല മഴയും കൂടി പെയ്തപ്പോള്‍ എന്‍റെ സംശയങ്ങള്‍ കൂടി. 

പിറ്റേന്ന് രാവിലെയാണ് എനിക്ക് മറ്റൊരു ബുദ്ധിയുദിച്ചത്. ഇന്നലെ രാത്രി പെയ്ത മഴയില്‍ ചിലപ്പോള്‍ പുരപ്പുറത്തുള്ള പല്ല് വെള്ളത്തില്‍ ഒലിച്ചു താഴെ വീണു കാണില്ലേ ? ചെന്ന് തിരഞ്ഞു നോക്കിയപ്പോള്‍ , മഴവെള്ളം വീണു കുഴിയായ ഭാഗത്ത് നിന്ന് ആ പല്ല് കിട്ടുകയും ചെയ്തു. ഭാഗ്യം!

പല്ലെടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് "ഇന്നലെ പറഞ്ഞ ആനപ്പല്ല് നിക്ക് വേണ്ട , നിക്ക് കീരിപ്പല്ല് തന്നെ തന്നാല്‍ മതി ഈശ്വരാ .." എന്നും പ്രാര്‍ഥിച്ചു കൊണ്ട് പുരപ്പുറത്തേക്ക് തന്നെ ഒരൊറ്റ ഏറു വച്ച് കൊടുത്തു. ഹാവൂ..അപ്പോഴാണ്‌ സമാധാനമായത്. 

അങ്ങിനെ ഞാന്‍ വിജയശ്രീലാളിതനായി. പുതിയ പല്ലുകള്‍ മുളച്ചു വന്നു. അതില്‍ ചില ആനപ്പല്ലുകളും ചില കീരിപ്പല്ലുകളും ദൈവം എനിക്ക് തന്നു. അങ്ങിനെ ഭാവിയില്‍ ആനപ്പല്ലും കീരിപ്പല്ലും ഇട കലര്‍ന്ന പല്ലുകളുടെ ഉടമയാകുകയും ചെയ്തു. ദൈവത്തിന്‍റെ ഓരോ കാര്യങ്ങളേ.

കാലം കുറച്ചു കഴിഞ്ഞപ്പോഴേക്കും ആനകളെ ഞങ്ങളുടെ പറമ്പില്‍ കെട്ടാതെയായി. അവര്‍ക്കൊക്കെ പ്രത്യേക സൌകര്യങ്ങളോട് കൂടിയ വലിയ താവളങ്ങള്‍ അപ്പോഴേക്കും ആനയുടമ നിര്‍മിച്ചു കഴിഞ്ഞിരുന്നു. പിന്നെ , ആനകളെ കാണണം എന്നുണ്ടെങ്കില്‍ പൂരത്തിന് തന്നെ പോകണം എന്ന അവസ്ഥയായി മാറി. 

പൂരത്തിന് എഴുന്നെള്ളിച്ചു കൊണ്ട് പോകുന്ന ആനകളെ കുറിച്ച് ആലോചിട്ടുണ്ടോ. ആനകളെ കാണുമ്പോള്‍.പലപ്പോഴും പാവം തോന്നാറുണ്ട്. കാടുകളില്‍ അര്‍മാദിച്ചു നടക്കേണ്ട സമയത്ത് നാട്ടിലെ ചെണ്ടയുടേയും മറ്റ് മേളങ്ങളുടെയും ഇടയില്‍ മണിക്കൂറുകളോളം ജലപാനമില്ലാതെ ആനകള്‍ക്ക് നില്‍ക്കേണ്ടി വരുന്നു. 

അത് മാത്രമോ, ഒരു പൂരം കഴിഞ്ഞാല്‍ അടുത്ത പൂരം നടക്കുന്ന സ്ഥലങ്ങളിലെക്കൊക്കെ അതിനു ക്ഷീണം അകറ്റാന്‍ പോലും സമയം കൊടുക്കാതെ നടത്തി തന്നെ കൊണ്ട് പോകുന്നു. ഇനി നടത്താതെ ലോറിയില്‍ കൊണ്ട് പോകുന്ന വിദ്വാന്മാരും ഉണ്ട്. അത്തരത്തില്‍ ലോറിയില്‍ കൊണ്ട് പോകുമ്പോള്‍ അശ്രദ്ധ മൂലം അപകടം പറ്റി ഇന്നും മരണത്തോട് മല്ലിട്ട് കിടക്കുന്ന ആനകള്‍ കേരളത്തില്‍ ഉണ്ട്. 

മനുഷ്യന്‍ രണ്ടു ദിവസം വയ്യാതെയായി കിടക്കുമ്പോള്‍ തന്നെ നോക്കാന്‍ ആരുമില്ലാതെയാകുന്ന ഈ കാലത്ത് ആനയെ പോലെ വലിയൊരു ജീവിക്ക് എന്തെങ്കിലും അപകടം പറ്റിയാല്‍ എത്ര പേര്‍ എത്ര കാലത്തോളം ആ ആനക്ക് വേണ്ട തരത്തില്‍ ശുശ്രൂക്ഷ നല്‍കാന്‍ തയ്യാറാകും എന്നത് സംശയകരമായ ഒരു വസ്തുതയാണ്. 

ഒരു മുതിര്‍ന്ന ആനക്ക് ഒരു ദിവസത്തില്‍ ഏകദേശം 140-270 കിലോഗ്രാം ഭക്ഷണം കഴിക്കേണ്ടി വരുന്നു. അതിനു വേണ്ടി ഒരു ദിവസത്തില്‍ പതിനാറു മണിക്കൂറുകള്‍ വരെ ആനകള്‍ ചിലവഴിക്കുകയും ചെയ്യുന്നു . ഇങ്ങനെ കഴിക്കുന്ന ഭക്ഷണത്തില്‍ പകുതിയില്‍ അധികവും ദഹിക്കാതെ പുറത്തേക്ക് തന്നെ വിസര്‍ജ്ജിക്കപ്പെടുന്നുണ്ട്. ആനയുടെ ദഹനപ്രക്രിയയില്‍ ഉണ്ടാകുന്ന അപാകത മൂലമാണ് അതിനു ഇത്ര മേല്‍ ഭക്ഷണം കഴിക്കേണ്ടി വരുന്നതെന്ന് പറയപ്പെടുന്നു. 

മനുഷ്യനെ പോലെ ആനയും ഒരു സാമൂഹ്യ ജീവിയാണെന്ന് പറയാം. ചുമ്മാ പറയുന്നതല്ല ട്ടോ. മനുഷ്യന് ഇന്ന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ചിട്ടയായ ജീവിതവും, സാമൂഹ്യ ജീവിതവുമെല്ലാം ആനകളുടെ പക്കല്‍ ഇപ്പോഴുമുണ്ട്. സംശയമുണ്ടെങ്കില്‍ നിങ്ങള്‍ കാട്ടിലെക്കൊന്നു പോയി നോക്കൂ. പുതുതായി ഉണ്ടാകുന്ന ആനക്കുട്ടികളെ നോക്കാന്‍ വളര്‍ത്തമ്മമാരെ പോലെ ഒരുപാട് പിടിയാനകള്‍ ഉണ്ടായിരിക്കുമത്രെ. ഒരു ദിവസം ഏകദേശം പതിന്നൊന്ന് ലിറ്റര്‍ പാല് വരെ ആനക്കുട്ടിക്ക് അമ്മയാന കൊടുക്കേണ്ടി വരുന്നു . അത്രയും പാല് ചുരത്താന്‍ നല്ല രീതിയില്‍ ഭക്ഷണം കഴിക്കുകയും തന്‍റെ ആരോഗ്യം കൂടി ശ്രദ്ധിക്കുകയും വേണമെന്നുള്ളത് കൊണ്ടാണ് അമ്മയാന കുട്ടിയുടെ സംരക്ഷണ ചുമതല വളര്‍ത്തമ്മമാര്‍ക്ക് വിട്ടു കൊടുക്കുന്നത്. പെണ്ണാനകളാണ് കുടുംബം ഉണ്ടാക്കുന്നത്‌.. എങ്കില്‍ കൂടി കുറച്ചു കാലങ്ങള്‍ കഴിഞ്ഞാല്‍ ഇവര്‍ മറ്റ് ആനക്കൂട്ടങ്ങളോട് ചേര്‍ന്ന് മറ്റൊരു കുടുംബം ഉണ്ടാക്കുന്നു. 

അങ്ങനെ ആനക്കുട്ടി തന്‍റെ മുതിര്‍ന്നവരെ കണ്ടു കൊണ്ട് പയ്യെ പയ്യെ വളരുന്നു. ഇതില്‍ പിടിയാനയും കൊമ്പനും ഉണ്ടായിരിക്കാം. കൊമ്പനാനകള്‍ ഒരു പ്രായമായിക്കഴിഞ്ഞാല്‍ കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കും. അവനാണ് നുമ്മ പറയുന്ന "കൊമ്പന്‍ മൂസ". മനുഷ്യന്മാരിലും ഇത്തരം കൊമ്പന്‍ മൂസമാര്‍ ഉണ്ടാകും. ആരോടും ഇണങ്ങാതെ ബ്രഹ്മചാരികളെ പോലെ ഇവര്‍ കാലങ്ങളോളം ഒറ്റക്കിങ്ങനെ അലഞ്ഞു നടക്കും. പിന്നെ ഒരവസരത്തില്‍ തന്‍റെ ശക്തി കാണിക്കാന്‍ തരത്തില്‍ മറ്റ് കൊമ്പന്മാരുമായി കൊമ്പ് കോര്‍ക്കും. ഇത്തരത്തില്‍ കൊമ്പ് കോര്‍ത്തു വമ്പനായ ആനക്ക് മാത്രമേ പെണ്ണാനയെ പ്രേമിക്കാനും ഇണ ചേരാനും യോഗമുള്ളൂ. മറ്റുള്ളവര്‍ അടുത്ത ശക്തി മത്സരത്തില്‍ പെണ്ണാനയുടെ മുന്നില്‍ ശക്തി തെളിയിക്കണം. 

അല്ല, ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം. ഇത്രേം വല്യ സംഭവമായ ഈ കൊമ്പന്മാരെയല്ലേ മനുഷ്യന്‍ വാരിക്കുഴിയില്‍ ചാടിക്കുന്നത്. എന്നിട്ടോ, താപ്പാനകളെ കൊണ്ട് ആ വാരിക്കുഴിയില്‍ നിന്ന് പൊക്കിയെടുത്ത് നാട്ടാനകളുടെ കൂട്ടത്തിലാക്കി പരിശീലനം ചെയ്യിപ്പിച്ചെടുത്ത ശേഷം പൂരത്തിനും , തടി മില്ലിലെ പണികള്‍ ചെയ്യിപ്പിക്കാനും കൊണ്ട് പോകുന്നു. അങ്ങനെ പവനായിയും ശവമായി എന്ന് പറയുന്ന പോലെ കാടിനെ കിടു കിടാ വിറപ്പിച്ച കൊമ്പന്‍മാരെല്ലാം ഇന്ന് നാട്ടിലെ വല്ല പൂര പറമ്പിലോ , കൂപ്പിലോ ഉണ്ടായിരിക്കും. 

മനുഷ്യന്‍ ആനയുടെ വലുപ്പത്തിന് മുന്നില്‍ എത്രയോ ചെറുതെന്ന് പറഞ്ഞിട്ടെന്താ കാര്യം, ആനയെയും മറ്റ് ജന്തു ജാലങ്ങളെയും മെരുക്കിയെടുക്കാനും ഒരു അടിമയെ പോലെ വളര്‍ത്താനും ഉള്ള ബുദ്ധിയും കഴിവുമെല്ലാം മനുഷ്യന് മാത്രം സ്വന്തം. 

ഒരു ജീവിതകാലം മുഴുവന്‍ ഒരു അടിമയെ പോലെ തന്‍റെ യജമാനന് വേണ്ടി സേവനമനുഷ്ടിക്കുകയും നന്ദി പ്രകടിപ്പികുകയും ചെയ്യുന്ന ഈ ജീവിയുടെ അവസാന കാലങ്ങളില്‍ പല യജമാനന്മാരും അതിനെ വേണ്ട വിധത്തില്‍ ശുശ്രൂക്ഷിക്കാന്‍ താല്‍പ്പര്യപ്പെടാറില്ല . ആനയെ പോലൊരു വലിയ ജീവിയെ ആയുഷ്ക്കാലം വരെ തീറ്റി പോറ്റുമ്പോഴുണ്ടാകുന്ന ഭാരിച്ച ചിലവിനും പുറമേ അവസാന കാലത്ത് അതിനു വേണ്ട ശുശ്രൂക്ഷ ചികിത്സ നല്‍കുകയും കൂടി ചെയ്‌താല്‍, അത് വരെ ആനയെ കൊണ്ടുണ്ടാക്കിയെടുത്ത ലാഭങ്ങളെല്ലാം നഷ്ടങ്ങളായി മാറാന്‍ അധിക സമയം വേണ്ടി വരില്ല എന്ന ദുഷിച്ച ചിന്ത കാരണം പല ആന മുതലാളിമാരും ഈ ജീവിയുടെ ആരോഗ്യ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ കൊടുക്കാറില്ല. അത് പലപ്പോഴും ആനകള്‍ക്ക് നരക യാതനകള്‍ ഉണ്ടാക്കി കൊടുക്കാറുമുണ്ട്. 

ഇങ്ങനെയൊക്കെ ദുരിതം സഹിച്ചു കൊണ്ട് ചരിയുന്ന ആനയുടെ കൊമ്പും, പല്ലും , വാല്‍ രോമങ്ങളും, നഖങ്ങളുമടക്കം ആന മുതലാളിമാര്‍ എടുത്തു സൂക്ഷിച്ച് വക്കുന്നത് തന്‍റെ പ്രിയപ്പെട്ട ആനയോടുള്ള സ്നേഹത്തിന്‍റെ ഭാഗമായാണ് എന്ന് വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. എല്ലാ ആന മുതലാളിമാരും ഇങ്ങനെയെന്നു പറയാന്‍ പറ്റില്ല, എങ്കില്‍ കൂടി മേല്‍പ്പറഞ്ഞ പ്രവണത കാണിക്കുന്ന മുതലാളിമാരാണ് ഭൂരിഭാഗവും ഇന്നുള്ളതെന്നു പറയേണ്ടിയിരിക്കുന്നു. 

പലപ്പോഴും പാപ്പാന്മാരെ ആനകള്‍ കുത്തി കൊന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ മാത്രമാണ് ആനയെന്ന ജീവിക്ക് അനുഭവിക്കേണ്ടി വരുന്ന യാതനകളെ കുറിച്ച് പലരും ചര്‍ച്ച ചെയ്യാന്‍ പോലും ആഗ്രഹിക്കുന്നത്. ആനയോട് മനുഷ്യര്‍ ചെയ്യുന്ന ദ്രോഹത്തിന്റെ ഒരംശം പോലും ദ്രോഹം ആ ജീവി മനുഷ്യനോടു ചെയ്യുന്നില്ല എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. 

ആനയെ അണിയിച്ചൊരുക്കി പൂരത്തിനും ആഘോഷങ്ങള്‍ക്കും ,കൂപ്പിലെയും മറ്റ് സ്ഥലങ്ങളിലെയും ഭാരിച്ച പണികള്‍ ചെയ്യിക്കാന്‍ കൊണ്ട് പോകുന്നവര്‍ ആനയുടെ ആരോഗ്യ സംരക്ഷണാ ചുമതലകളുടെ കാര്യത്തിലും കൂടി മതിയായ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. അതിനു കഴിയില്ല എന്ന് പൂര്‍ണ ബോധ്യമുള്ളവര്‍ ഒരിക്കലും കുടുംബ പ്രതാപം കാണിക്കാനും , ആനപ്രേമം കാണിക്കാനും വേണ്ടി ആനകളെ വാങ്ങുകയോ വളര്‍ത്തുകയോ ചെയ്യരുത്. അങ്ങിനെ ചെയ്‌താല്‍, അത് ആ മിണ്ടാ പ്രാണിയോടു ചെയ്യുന്ന കൊടും ക്രൂരതയായി മാത്രമേ വിലയിരുത്താന്‍ സാധിക്കൂ. 

-pravin- 

Thursday, August 9, 2012

വായനശാല


"ദെ ശശാങ്കേട്ടാ...സമയം ഒത്തിരിയായി വന്നു കിടക്കാന്‍ നോക്ക് . ഇതെന്തൊരു എഴുത്താണ് .. ? " ഡയറിയില്‍  എന്തോ എഴുതിക്കൊണ്ടിരുന്ന ശശാങ്കനെ  അയാളുടെ  ഭാര്യ പെട്ടെന്ന് റൂമില്‍ കയറി വന്നു വിളിച്ചു. 

"ഇതു കഥയൊന്നുമല്ല, പണ്ടത്തെ കാര്യങ്ങള്‍ ഓരോന്ന് ഓര്‍ത്തപ്പോള്‍ ഡയറിയില്‍ അങ്ങിനെ എഴുതിപ്പോയതാണ്.. " ശശാങ്കന്‍ എഴുത്ത് നിര്‍ത്തി എഴുന്നേറ്റ ശേഷം ഭാര്യയോടായി പറഞ്ഞു. 

" എന്തായാലും എഴുതിയത് ഞാന്‍ ഒന്ന് വായിച്ചു നോക്കട്ടെ ..ഞാന്‍ അറിയാത്ത പഴയ വല്ല ചുറ്റിക്കളികളും ഉണ്ടോ എന്നറിയാമല്ലോ ..ന്ഹെ .." ശശാങ്കന്റെ ഡയറി കയ്യിലെടുത്തു കൊണ്ട് ഭാര്യ പറഞ്ഞു. 

"ഓ ..അതിനെന്താ ...നീ വായിക്ക് .. ഹ ഹ " ശശാങ്കന്‍ ചെറിയൊരു ചിരിയോടെ  ബെഡ് റൂമിലേക്ക്‌ പോയി. ഭാര്യയാകട്ടെ ആ ഡയറി കുറിപ്പ് വായിക്കാനെന്ന വണ്ണം ഇടനാഴിയിലെ സോഫാ സെറ്റിയില്‍ ഇരുന്ന് വായനയും തുടങ്ങി. 
                                                  *****************************************


ഒരു ദിവസം രാവിലെ എണീറ്റപ്പോള്‍ എവിടെ നിന്നോ കേട്ട ഒരു വാക്കായിരുന്നു സാഹിത്യ ലോകം. സാഹിത്യ ലോകമോ അതെന്തു ലോകം? സത്യം പറഞ്ഞാല്‍ ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്. പരലോകം, ഇഹലോകം എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതെന്തു ലോകം?  എന്നാല്‍ പിന്നെ അതിനെ കുറിച്ച് അറിഞ്ഞിട്ടു തന്നെ കാര്യം. ഇതൊക്കെ ചോദിച്ചു മനസിലാക്കാന്‍ പറ്റിയ ആളുകള്‍ ഇന്നാട്ടിലുള്ളപ്പോള്‍ ഞാന്‍ എന്തിനു ഇതാലോചിച്ച് ഭേജാറാകണം ? അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു തന്നെ മനസിലാക്കണം. 

പതിവ് കുളിയും പാസാക്കിയ ശേഷം , നാട്ടിലെ പഴയ വായന ശാലയിലേക്ക് ഞാന്‍ വച്ച് പിടിച്ചു. എന്‍റെ ഓര്‍മ വച്ച കാലം മുതല്‍ ഇന്നേ വരെ നാട്ടിലെ ആ കുടുസ്സു റൂമിലുള്ള വായനശാലയിലേക്ക് ഞാന്‍ പോയിട്ടില്ലായിരുന്നു. വായനശാലയിലേക്ക് ഓടിയെത്തിയ എന്നെ കണ്ടയുടന്‍,  വായന ശാലയുടെ ഉടമയും റിട്ടയേഡ്  അധ്യാപകനും സര്‍വോപരി നാട്ടിലെ പ്രമാണിയുമായ നാരായണന്‍ മാഷ്‌ അന്തം വിട്ടു കൊണ്ടെന്നോട് ചോദിച്ചു.

"എന്താ ശശാങ്കാ ...എന്ത് പറ്റി ? കിതക്കുന്നുണ്ടല്ലോ ...എവിടേക്ക് പോകുന്ന വഴിയാണ് ?

കിതപ്പ് കുറച്ചു മാറിയതിനു ശേഷം, വായനശാലയുടെ തിണ്ണയില്‍ ഇരുന്നു കൊണ്ട്  ഞാന്‍ പറഞ്ഞു " മാഷേ , ഞാന്‍ എങ്ങോട്ടും പോകുന്നതല്ല, ഇങ്ങോട്ടായി തന്നെ വന്നതാണ്". 

അത് കേട്ട മാഷ്‌ ആകെ കോരിത്തരിച്ച പോലെ  അല്‍പ്പ നേരം നിന്നു. അതിനു ശേഷം വായന ശാലക്കുള്ളില്‍ പത്രവും പുസ്തകവും വായിച്ചു കൊണ്ടിരിക്കുന്ന ആളുകളെ ഒന്ന് സൂക്ഷ്മമായി നോക്കി. പിന്നീട് വീണ്ടും എന്നെ തന്നെ നോക്കി. എനിക്കൊന്നും മനസിലായില്ല. ഞാന്‍ ചോദിച്ചു.

"എന്താ..എന്താ മാഷ് ഇങ്ങനെ നോക്കുന്നത്..എന്ത് പറ്റി ?"

"അല്ല ശശാങ്കാ, സത്യം പറ നീ ഇങ്ങോട്ട് തന്നെ വന്നതാണോ ? " എന്തോ വലിയ ലോക മഹാത്ഭുതം കണ്ട പ്രതീതിയില്‍ മാഷ്‌ വീണ്ടും എന്നോട് ചോദിക്കുകയാണ്. 

എനിക്കിതൊന്നും കേട്ടിട്ട് സഹിക്കുന്നില്ല. അല്ല, മാഷിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എന്‍റെ തറാ -പറാ ഭാഷാ സാഹിത്യാഭിരുചികള്‍ എല്ലാം വളരെ നന്നായി തന്നെ അറിയാമായിരുന്ന എന്‍റെ പഴയ മലയാളം അധ്യാപകനായിരുന്നു അദ്ദേഹം. ആ സ്ഥിതിക്ക് എന്‍റെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു ചിലപ്പോള്‍ സമയം എടുത്തുവെന്നു വരും. അത് ക്ഷമിക്കേണ്ടത്‌ ഞാന്‍ തന്നെയല്ലേ. അതൊക്കെ  ക്ഷമിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ, വായനശാലക്കുള്ളില്‍ നിന്നും പുറത്തു വന്ന ചില താടി വളര്‍ത്തിയ ജീവികള്‍ എന്നെ പുച്ഛത്തോടെ നോക്കി ചിരിച്ചത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ദ്വേഷ്യം കൊണ്ട് പ്രാന്ത് പിടിച്ച ഞാന്‍ കൂട്ടത്തില്‍ ഒരു താടിക്കാരനോട്  തട്ടിക്കയറിക്കൊണ്ട് ചോദിച്ചു. 

"എന്താടോ ഇത്ര ചിരിക്കാന്‍ മാത്രം ഉണ്ടായത്. ഇവിടെ തന്‍റെ ആരെങ്കിലും ചത്തോ ? ആദ്യം മര്യാദക്ക് പോയൊന്നു കുളിക്കാനെങ്കിലും പഠിക്ക്. എന്നിട്ട് മതി ബാക്കിയുള്ളവരെ കളിയാക്കാന്‍ തരത്തിലുള്ള തന്‍റെ ഈ കൊലച്ചിരി ". അത് പറഞ്ഞു തീരും മുന്‍പേ താടി വച്ച ആ ജുബ്ബാക്കാരന്‍ എനിക്ക് നേരെ വന്നെങ്കിലും മാഷ് അയാളെ പറഞ്ഞയച്ചു. പിന്നീട മാഷ് എന്നോടായി ചോദിച്ചു

"അല്ല ശശാങ്കാ ..നിനക്കെന്താണ് വേണ്ടത് ? എന്തിനാ ഇപ്പൊ ഇങ്ങോട്ട്  വന്നത് ? തല്ലു കൂടാനോ ?" 

പഴയ അധ്യാപക  ശാസനാ വാത്സല്യത്തിന് മുന്നില്‍  തല കുനിച്ചു നിന്ന് കൊണ്ട് ഞാന്‍ പറഞ്ഞു. 

"മാഷെ, എനിക്ക് പഠിക്കണം. സാഹിത്യ ലോകം എന്താണെന്ന് അറിയണം. പുസ്തകങ്ങള്‍ വായിക്കണം.   റേഡിയോയിലും ടി വിയിലും പത്രങ്ങളിലും എല്ലാം പറയുന്ന പോലെ, ആളുകള്‍ ബഹുമാനിക്കുന്ന ഒരു ബുദ്ധിജീവി ആകണം " 

"എടാ പൊട്ടാ, നീ വേണ്ട കാലത്ത് നന്നായി പഠിച്ചിരുന്നെങ്കില്‍ നീ ഇത് പോലുള്ള ചോദ്യം ചോദിക്കുമായിരുന്നില്ല. നീ കൃഷി കാര്യങ്ങള്‍ നോക്കി അച്ഛനെയും സഹായിച്ച് നടക്കണം എന്നാഗ്രഹിച്ചത് ഒരു തെറ്റാണെന്ന് ഞാന്‍  ഒരിക്കലും പറയില്ല. എന്തായാലും വൈകിയാണെങ്കിലും പുസ്തകങ്ങള്‍ വായിക്കാന്‍ തീരുമാനിച്ചത് നന്നായി. നിനക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം , വായിക്കാം , സംശയങ്ങള്‍ ചോദിക്കാം. എന്താ അത് പോരെ തല്‍ക്കാലം? "

"ഉം. അത് മതി.. എന്നാല്‍ ഇപ്പൊ തന്നെ വായന തുടങ്ങട്ടെ" ഞാന്‍ ആവേശം കൊണ്ട് പറഞ്ഞു. 

വായനശാലയുടെ അകത്തേക്ക് തവളച്ചാട്ടം ചാടി കൊണ്ട് ഞാന്‍ പ്രവേശിച്ചു. ആദ്യത്തെ ദിവസം കൊണ്ട് തന്നെ എനിക്ക് വായന മതിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ . കടിച്ചാല്‍ പൊട്ടാത്ത കുറെ വാക്കുകളും മനസിലാകാത്ത കുറെ വാക്യ പ്രയോഗങ്ങളും എന്നെ ശ്വാസം മുട്ടിച്ചു. ഇതാണോ സാഹിത്യ ലോകം ? ശ്ശൊ..ഒന്നും വേണ്ടിയിരുന്നില്ല. എന്‍റെ മുഖ ഭാവങ്ങള്‍ കണ്ടിട്ടായിരിക്കണം മാഷ്‌ എന്നെ അടുത്തേക്ക്‌ വിളിച്ചിട്ട് പറഞ്ഞു. 

"എന്താ  ശശാങ്കാ, എന്ത് പറ്റി ? ഇത്ര പെട്ടെന്ന് വായന  മടുത്തോ നിനക്ക് "

"അല്ല മാഷേ, ഇതല്ലാതെ സാഹിത്യലോകത്ത് എത്താന്‍ വേറെ വല്ല വഴിയുമുണ്ടോ ...ഇതെന്തോ എനിക്ക് പറ്റുന്നില്ല " 

"ശശാങ്കാ ഇതിനെന്നല്ല, ഒരു കാര്യത്തിനും എളുപ്പ വഴി അന്വേഷിച്ചു നീ പോകരുത്.  സാഹിത്യ ലോകം എന്ന് പറഞ്ഞാല്‍ എന്തോ ഭയങ്കര സംഭവമാണെന്നും  അവിടെയുള്ളവര്‍ മുഴുവന്‍ ബുദ്ധി ജീവികള്‍ ആണെന്നും പൊതുവേ എല്ലാവര്‍ക്കും ഒരു ധാരണയുണ്ട്.   ഒരു കാര്യം മനസിലാക്കുക ബുദ്ധി ജീവികള്‍ എന്നൊരു വര്‍ഗം യഥാര്‍ത്ഥ സാഹിത്യ ലോകത്തില്‍ ഇല്ല. ഒരു നല്ല എഴുത്തുകാരന്‍റെ ഭാഷ അയാളുടെ ഹൃദയത്തില്‍ നിന്നും വരുന്നതായിരിക്കണം. ലളിതമായ ഭാഷ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്‌.,. അതൊന്നും മനസിലാകാതെ താടിയും മുടിയും നീട്ടി ജുബ്ബാ വേഷവും ഇട്ടു കൊണ്ട് നടക്കുന്നവരും ബുജി സാഹിത്യം എന്ന പേരില്‍ കുറെ വാചകങ്ങള്‍ അടിച്ചിറക്കുന്നവനും സാധാരണക്കാരുടെ വായനാലോകത്ത് ഒരു സ്ഥാനവും ഇല്ല " മാഷ്‌ അല്‍പ്പം ഗൌരവത്തോടെ ഇത്രയും പറഞ്ഞു നിര്‍ത്തി. 

വായനശാല അടച്ച ശേഷം ഞാനും മാഷും അമ്പല ഇടവഴിയിലൂടെ നടന്നു വരുമ്പോഴും സംസാരം മുഴുവന്‍ സാഹിത്യത്തെ കുറിച്ച് തന്നെയായിരുന്നു. പുസ്തകങ്ങളെയും ഭാഷകളെയും സാഹിത്യത്തെയും ഇത്രയേറെ സ്നേഹിക്കുന്ന ഒരു മനുഷ്യന്‍ വേറെയുണ്ടോ എന്ന് തോന്നി പോയി. അന്ന് മാഷിന്‍റെ വീട്ടില്‍ കയറി ചായയും കുടിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്. അതൊരു തുടക്കമായിരുന്നു; എന്‍റെ സാഹിത്യസങ്കല്‍പ്പങ്ങളുടെ ലോകത്തിലേക്ക് യാത്ര ചെയ്യാനുള്ള ഒരു നല്ല തുടക്കം. പണ്ട് ക്ലാസ്സില്‍ പഠിപ്പിച്ചതും പഠിപ്പിക്കാത്തതുമായ പലതും മാഷിലൂടെ ഞാന്‍ വീണ്ടും പഠിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

വര്‍ഷങ്ങള്‍ക്കു ശേഷം മാഷിന്‍റെ വായന ശാല ഞാന്‍ ഏറ്റെടുത്തു നടത്തേണ്ടി വന്ന ഒരു അവസ്ഥയും സംജാതമായി. മാഷിനു തീരെ വയ്യാതായിരിക്കുന്നു. എപ്പോഴും വീട്ടില്‍ തന്നെയിരിപ്പാണ്. ഒരിക്കല്‍ ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നതിനു ശേഷം പുറത്തേക്കൊന്നും ഇറങ്ങാനാകാത്ത ഒരു അവസ്ഥയില്‍ മാഷ്‌ തന്നെയാണ് എന്നെ  വിളിച്ച്  വായനശാല ഏറ്റെടുത്ത് നടത്താന്‍ അപേക്ഷിച്ചത്. ആ മനുഷ്യനോടുള്ള ആദരവ് കൊണ്ട് മാത്രമല്ല, പുസ്തകങ്ങളോട് എനിക്കെപ്പോഴോ തോന്നിയ പ്രണയവും കൊണ്ടാണ് വായന ശാല ഏറ്റെടുത്തു നടത്താന്‍ ഞാന്‍ തയ്യാറായത്. 

പുസ്തകങ്ങളോടും വായനയോടും കൂടുതല്‍ അടുത്തത്‌ കൊണ്ടായിരിക്കാം അല്‍പ്പം സ്വല്‍പ്പം എഴുത്തും ആ കാലത്ത് ഞാന്‍ തുടങ്ങിയിരുന്നു. പലതും മാഷിനെ കാണിച്ചു കൊടുത്തുവെങ്കിലും, ഒന്നിലും നല്ല അഭിപ്രായം പറയാന്‍ അദ്ദേഹം തയ്യാറായില്ല. ആദ്യമൊക്കെ ഒരു അവഗണനയായി മാത്രമേ എനിക്കതിനെ കാണാന്‍ സാധിച്ചിരുന്നുള്ളൂ. ഞാന്‍ വീണ്ടും നന്നായി  എഴുതാനാകാം അദ്ദേഹം മൌനം ഭജിക്കുന്നതെന്ന് കരുതി ഞാന്‍ ആശ്വസിച്ചു. 

ആയിടക്കൊരു ദിവസം അദ്ദേഹത്തിനു പെട്ടെന്ന് അസുഖം കൂടി ആശുപത്രിയിലായി. വായനശാല അടക്കാതെ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയിലേക്ക് ഓടിയെത്തിയെങ്കിലും അവസാനമായി ഒരു വാക്ക് പോലും മിണ്ടാതെ അദ്ദേഹം പോയി. ഏതോ ഒരു ലോകത്തേക്ക് ഒത്തിരി പുസ്തകങ്ങളും കയ്യില്‍ പടിച്ചു കൊണ്ടായിരിക്കണം അദ്ദേഹം പോയിട്ടുണ്ടാകുക. 

വര്‍ഷങ്ങള്‍ വീണ്ടും കടന്നു പോയിക്കൊണ്ടിരിക്കുന്നു. വായനശാല നവീകരിക്കുന്നത് സംബന്ധിച്ച് ഒരു പൊതുയോഗം സംഘടിപ്പിക്കണം എന്ന് രാജേട്ടന്‍ എന്നോട് പറഞ്ഞപ്പോള്‍ എനിക്കും അത് ശരിയാണെന്ന് തോന്നി. അതനുസരിച്ച് വായനാശാല വാര്‍ഷിക ദിനവും നാരായണന്‍ മാഷിന്‍റെ അനുസ്മരണ ദിനവും ഒരുമിച്ചു ഒരു ദിവസം നടത്താന്‍ തീരുമാനിച്ചതും  രാജേട്ടനായിരുന്നു.  

അല്ല, രാജേട്ടനെ നിങ്ങള്‍ക്ക് മനസിലായില്ലേ, ഞാന്‍ പണ്ട് വായനശാലയില്‍ വച്ച് ഒരിക്കല്‍ ദ്വേഷ്യത്തോടെ ഒരാളോട് സംസാരിച്ചു എന്ന് പറഞ്ഞില്ലേ, ജുബ്ബ വേഷം ധരിച്ച  ആ പഴയ താടിക്കാരന്‍... ആണ് ഇപ്പറഞ്ഞ രാജേട്ടന്‍,. ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. എനിക്ക് ജോലിയും മറ്റ് തിരക്കുകളും വന്നപ്പോള്‍ രാജേട്ടനാണ് വായനശാലയുടെ പകുതി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നത്. 

നാളെയാണ് വായനശാലയുടെ വാര്‍ഷിക ദിനവും മാഷിന്‍റെ അനുസ്മരണ ദിനവും.  ഒരു കൂട്ടം ആളുകളുടെ മുന്നില്‍, വായനശാലയ്ക്ക് മുന്നില്‍ കെട്ടിയുണ്ടാക്കിയ ഒരു കൊച്ചു സ്റ്റേജില്‍ നിന്ന്  മാഷിനെ കുറിച്ചും ഈ വായനശാലയുടെ കഴിഞ്ഞ കാല ചരിത്രവും ഭാവി പരിപാടികളെയും കുറിച്ച് ഒരു നാല് വാക്ക് സംസാരിക്കുക എന്നതാണ് രാജേട്ടന്‍ എനിക്ക് മേല്‍ ചുമത്തി തന്നിരിക്കുന്ന ആദ്യ ചുമതല. അത് ഭംഗിയായി തന്നെ നിര്‍വഹിക്കപ്പെടെണ്ടതുണ്ട്. 

നാളെയുടെ എഴുത്തുകാരും വായനക്കാരും മറ്റ് സാഹിത്യപ്രേമികളും ഈ വായനശാലയിലൂടെ പുറം ലോകത്ത് അറിയപ്പെടാന്‍ തരത്തിലുള്ള ഒരു സംവിധാനം ഞാന്‍ ചെയ്തു കൊടുത്താല്‍ മാത്രമേ മാഷോടുള്ള എന്‍റെ കടപ്പാടുകള്‍ അര്‍ത്ഥവത്താകുകയുള്ളൂ എന്നൊരു തോന്നല്‍ എന്നില്‍ ശക്തമായിരിക്കുന്നു. ഇനിയുള്ള ദിവസങ്ങള്‍ അതിനായുള്ള പ്രയത്നത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും  ദൈവം സഹായിക്കട്ടെ. 


ശശാങ്കന്‍, ഒപ്പ് 
                                         *****************************************************

ശശാങ്കന്‍ എന്ന പേരിനടിയില്‍ ഇട്ടിരിക്കുന്ന ഒപ്പും കൂടി  വായിച്ചു തീര്‍ത്തപ്പോള്‍ ആണ് ഭാര്യക്ക് സമാധാനമായത്. തന്‍റെ ഭര്‍ത്താവ് എന്നും എന്തെങ്കിലും ഇരുന്ന് എഴുതുന്നത്‌ കാണാമെങ്കിലും ഇത് വരെയും ആ എഴുത്തിനെ അത്ര ഗൌനിച്ചിരുന്നില്ല. പലപ്പോഴും അദ്ദേഹം ചില പേപ്പറുകളില്‍ എഴുതി വയ്ക്കുന്ന  കവിതയും കഥയും വായിച്ച് താന്‍ ചിരിച്ചു തള്ളുകയാണ് പതിവ്. പക്ഷെ ഇത് വായിച്ചപ്പോള്‍ എന്തോ..അദ്ദേഹത്തിനോട് എന്തോ ഒരു മതിപ്പ് തോന്നി പോയിരിക്കുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും അവളുടെ ഓര്‍മയില്‍ ഓരോരോന്നായി ഓടിയെത്തി. 

ഡയറിയും കയ്യില്‍ പിടിച്ചു കൊണ്ട് ബെഡ് റൂമില്‍ ചെന്നെത്തി നോക്കിയ അവള്‍ കണ്ടത് സുഖമായി ഉറങ്ങുന്ന ശശാങ്കനെയാണ്. തമാശയിലൂടെയാണെങ്കിലും അറിയാതെ പലപ്പോഴും താന്‍ അദ്ദേഹത്തെ വിഷമിപ്പിച്ചിരിക്കാം എന്നോര്‍ത്തു കൊണ്ട് അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഡയറി മേശപ്പുറത്ത് വച്ച ശേഷം ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് പതിയെ ശശാങ്കനോട് ചേര്‍ന്ന് കിടക്കുമ്പോഴും എന്തിനെന്നറിയാതെ അവളുടെ കണ്ണുകള്‍ കണ്ണീര്‍ വാര്‍ത്തു കൊണ്ടേയിരുന്നു. 

-pravin-