Thursday, March 22, 2012

കാന്‍സര്‍

പണ്ടൊക്കെ കാന്‍സര്‍ വന്നു ആള് മരിച്ചു എന്നൊക്കെ കേട്ടാല്‍ തന്നെ പേടിയാകുമായിരുന്നു. കാന്‍സര്‍ എങ്ങനാ മാഷേ ഒരാള്‍ക്ക്‌ വരുന്നതെന്ന് ചോദിക്കുമ്പോള്‍ മാഷ്‌ പറഞ്ഞു തരും;

"അത് കൂടുതലായിട്ട് സിഗരറ്റ് വലിക്കുന്ന ആളുകള്‍ക്കും കള്ളുകുടിയന്മാര്‍ക്കും വരുന്ന ഒരു അസുഖമാണ്'

കാലം കുറെ കഴിഞ്ഞു, ഇതിനിടക്ക്‌ ഒരുപാട് സിഗരറ്റ് വലിക്കുന്ന ആളുകളെയും, എന്നും കള്ളുകുടിച്ചു വന്നു നാട്ടുകാരെ മുഴുവന്‍ തെറി വിളിക്കുന്നവരെയും ഒരുപാട് കണ്ടു കഴിഞ്ഞു. പക്ഷെ അവര്‍ക്കാര്‍ക്കും കാന്‍സര്‍ വന്നില്ല (ഒരിക്കലും വരാതിരിക്കട്ടെ ). പക്ഷെ മദ്യ വിരുദ്ധ സമരവും , പുകയില വിരുദ്ധ സമരവും നടത്തിയ കുറച്ചു ആളുകള്‍ക്ക് കാന്‍സര്‍ വന്നു മരിച്ചു.

'അതെങ്ങനെ സംഭവിച്ചു മാഷെ ?' ഞാന്‍ പിന്നീടൊരിക്കല്‍ വീണ്ടും ചോദിച്ചു.

മാഷ്‌ ഒരിത്തിരി നേരം ആലോചിച്ചിട്ട് പറഞ്ഞു, അതിപ്പോ.. മാറുന്ന ജീവിതസാഹചര്യങ്ങളും ഭക്ഷണരീതിയും ഒക്കെ കാന്‍സര്‍ ഉണ്ടാക്കും എന്നാണു ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത് '

കാന്‍സര്‍ ബാധിച്ചു മരിച്ച സൂസന്‍ സോണ്ടാഗിനെ കുറിച്ചെഴുതിയ കെ. പി അപ്പനും, അദ്ധേഹത്തിന്റെ കൂട്ടുകാരനായ അഴീക്കോട് മാഷിനും വാര്‍ദ്ധക്യത്തില്‍ കാന്‍സര്‍ ബാധിച്ചു മരിക്കേണ്ടി വന്നു എന്നത് എന്‍റെ ഓര്‍മയില്‍ തെളിഞ്ഞു. അപ്പോള്‍ അവര്‍ക്ക് കാന്‍സര്‍ വരാന്‍ എന്തായിരുന്നു കാരണം ? മാഷ്‌ മിണ്ടുന്നില്ല.

'മാഷെ ...പറ മാഷെ ' ഞാന്‍ നിര്‍ബന്ധം പിടിച്ചു.

'എനിക്കറിയില്ല കുട്ടീ.. ഇന്നത്തെ ജീവിതത്തിലെ കാന്‍സര്‍ ആര്‍ക്കും വരാം.. അതിനു കാരണം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.' മാഷ് അത് പറഞ്ഞു തീര്‍ന്നപ്പോലേക്കും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.

'എന്താ മാഷെ.. എന്തിനാ കരയുന്നത്. ..'

'ഒന്നുമില്ല കുട്ടീ.. ഓരോന്ന് ഓര്‍ത്തപ്പോള്‍ കണ്ണ് നിറഞ്ഞതാണ്‌ '

ഞാന്‍ അത് വിശ്വസിച്ചു. അന്ന് മാഷെനിക്ക് വായിക്കാന്‍ ഒരുപാട് പുസ്തകങ്ങള്‍ തന്നു. അതെല്ലാം ജീവിതത്തെയും, ചില അര്‍ത്ഥശൂന്യതകളെയും കുറിച്ചായിരുന്നു. മാസങ്ങള്‍ കഴിഞ്ഞു. ആ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചു തീരുന്നതിനും ഒരു ദിവസം മുന്‍പ് മാഷ്‌ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആകുകയും പിന്നീടു മരിക്കുകയും ചെയ്തു. വളരെ വൈകി ഞാന്‍ ആരോ പറഞ്ഞറിഞ്ഞു- മാഷ്‌ ഒരു കാന്‍സര്‍ രോഗിയായിരുന്നു എന്ന്.
-pravin- 

14 comments:

  1. സംശമില്ലാത്ത മടക്കയാത്രക്ക്‌ വിളിക്കാന്‍ മരണം കെട്ടുന്ന ഒരു വേഷം ആകാം .......

    ReplyDelete
  2. മരണം നമുക്ക് മുന്നില്‍ ഏതൊരു വേഷവും കേട്ടും ...പ്രാര്‍ത്ഥിക്കാം നമുക്ക് കാന്‍സര്‍ പോലെയുള്ള രോഗം വരാതിരിക്കാന്‍

    ReplyDelete
  3. ജിദ്ദയില്‍ എന്നോടൊപ്പം ജോലി ചെയ്ത ഒരു സുഹ്യത്ത് ഈയിടെ കുടുംബസമേതം ലീവിനു നാട്ടില്‍ പോയി, അവിടെ നിന്ന് മലേഷ്യക്ക് ഒക്കെ പോയി സന്തോഷിച്ച് തിരിച്ച് വന്നതാ...അതു കഴിഞ്ഞ് തിരിച്ചിങ്ങ് വരാന്‍ നാട്ടില്‍ നിന്ന് ടെസ്റ്റ് ചെയ്തപ്പോളറിഞ്ഞു കാന്‍സറാണെന്ന്... ഒരാളുടെ ജീവിതം ഒക്കെ മാറാന്‍ ഒരു നിമിഷം മതി. യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത ആളാ.... നമ്മുടെ അഹങ്കാരത്തിലൊന്നും ഒരു കാര്യവുമില്ല...

    ഇനീഷ്യല്‍ സ്റ്റേജായാല്‍ രക്ഷപെടും പക്ഷേ...

    നല്ല കുറിപ്പ്

    ReplyDelete
  4. അപ്പൊ ധൈര്യമായി കള്ളും കുടിക്കാം ബീഡിയും വലിക്കാം അല്ലെ ,പ്രവീണേ

    ReplyDelete
  5. അഹങ്കരിയ്ക്കാന്‍ ഒന്നുമില്ല ആര്‍ക്കും

    ReplyDelete
  6. ഇങ്ങനെയുള്ള ഓർമ്മപ്പെടുത്തലുകൾ വേണം ..
    മരണം - എന്നത് ദാ , ഈ കൈവെള്ളയിലുണ്ട് ...
    അഹങ്കരിക്കാൻ ഒരു ചുക്കുമില്ല ...

    മാഷ് ഒരു വിങ്ങലുണ്ടാക്കി :)

    ReplyDelete
  7. അതിൽ കൂടുതൽ വിങ്ങൽ തോന്നിയത് ...
    എനിക്കറിയില്ലായിരുന്ന
    എന്നെ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ..
    മരണം പ്രവചിച്ചു പോയ പുണ്യാളന്റെ അഭിപ്രായം ശ്രധിച്ചപ്പോഴാനു പ്രവീണ്‍

    ReplyDelete
  8. ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും മിക്കവാറും കാന്‍സറുകളെ കീഴടക്കാന്‍ കഴിഞ്ഞെങ്കിലും, കാന്‍സര്‍ വരാനുള്ള കാരണം മാത്രം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
    ഡോക്ടര്‍ വി.പി ഗംഗാധരന്റെ 'ജീവിതമെന്ന അത്ഭുതം' വായിച്ചാല്‍ തോന്നിപ്പോകും ഇത്രയൊക്കെയേ ഉള്ളൂ ഈ ജീവിതം എന്ന്..

    ReplyDelete
  9. എന്റെ കൊച്ചുമ്മ മരിച്ചത് ക്യാന്‍സര്‍ വന്നായിരുന്നു. എപ്പോഴും വേദനിപ്പിക്കുന്ന ഒരോര്മ

    ReplyDelete
  10. എന്റെ രണ്ടു ബന്ധുക്കളുടെ കാന്‍സര്‍ മരണം ,അതിന്റെ ഭീകരത വളരെ വെക്തമായി മനസ്സിലാക്കിയ ഒരാളാണ് ഞാന്‍ !. കോഴിക്കോട് , തിരുവനന്തപുരം rcc (റീജിണല്‍ കാന്‍സര്‍ സെന്റെര്‍ )യുടെ എല്ലാം വരാന്തകളില്‍ സ്വപ്‌നങ്ങള്‍ തട്ടിയുടഞ്ഞ ഹതഭാഗ്യരുടെ കണ്ണുനീര്‍ ഇന്നും എന്റെ മനസ്സില്‍ വിങ്ങലായ് അവശേഷിക്കുന്നുണ്ട് ... :(

    വീണ്ടും ഈ വരികളിലൂടെ അവരെയൊക്കെ ഞാന്‍ കാണുന്നു...ഓര്‍ക്കുന്നു...സ്മരിക്കുന്നു

    വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക !
    സ്നേഹാശംസകളോടെ
    അസ്രൂസ്

    ReplyDelete
  11. ഈ ജീവിതം വെറും വിശ്രമം, എന്തായാലും ഇന്ന് എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്, അല്ലേൽ അതിന്നെ പിടിച്ചു നിർത്താൻ ആന്റി ബയോട്ടിക്കുകളും ഉണ്ട്

    ReplyDelete
  12. ക്യാന്‍സര്‍, ഇന്ന് ആര്‍ക്കും, എപ്പോഴും, ഏതവസ്ഥയിലും വരാവുന്ന ഒരു രോഗമാണ്, പലപ്പോഴും അതിന്‍റെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ ഉത്തരം അജ്ഞാതമായിരിക്കും. ഒരു ദിവസം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചതിന്‍റെ ഭീകരവും, ദയനീയവുമായ ഓര്‍മ്മകള്‍ ഇനിയും പോയിട്ടില്ല.
    നന്നായി എഴുതി .ഭാവുകങ്ങള്‍.

    സസ്നേഹം,
    മുകേഷ്,
    http://mukeshbalu.blogspot.com/

    ReplyDelete
  13. കഴിഞ്ഞ വര്‍ഷം എന്റെ ബോസ്സ് മരിച്ചത് ക്യാന്‍സര്‍ രോഗത്താല്‍. അദ്ദേഹത്തോടൊപ്പം ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ ചിലവിട്ട ഞാന്‍ അദ്ദേഹത്തിന്റെ ആദ്യവും അന്ത്യവും കണ്ടിരുന്നു. അത് തന്നെയാണ് ക്യാന്‍സര്‍ എന്നും ഒരു ഭീതിത ചിന്തയായി എന്റെ മനസ്സില്‍ തുടരുന്നതും. ലോകത്തിന്റെ ഇതു കോണില്‍ കൊണ്ട് പോയി ചികിത്സ നല്‍കാനും ആസ്തിയുള്ളവര്‍ പോലും നിസ്സഹായരായ കാഴ്ചക്കാര്‍ മാത്രമാകുന്ന ഈ രോഗം വിചിത്രം. മിക്കവാറും അറിയുന്നത് തന്നെ മൂന്നും നാലും സ്റ്റേജില്‍ എത്തിയ ശേഷം മാത്രം.

    എഴുത്തുകാരന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ മാഷുടെ ആ ദൈന്യത. കുറച്ചു വരികളില്‍ ആ വേദന പങ്കിട്ടു പ്രവീണ്‍

    ReplyDelete