Thursday, March 22, 2012

കോയമ്പത്തൂര്‍ നഗരത്തിലൂടെ ഒരു പാതിരാ യാത്ര- കോളേജ് ഓര്‍മ്മകള്‍ - 1


വര്‍ഷങ്ങള്‍ക്കു മുന്‍പ് കോയമ്പത്തൂര്‍ സി . എം. എസ് കോളേജില്‍ പി . ജി ക്ക് പഠിക്കുന്ന കാലത്ത് ഞങ്ങള്‍ സരവണംപട്ടി എന്ന സ്ഥലത്ത് കോളേജ് ഹോസ്റ്റലില്‍ താമസിച്ചു വരുകയായിരുന്നു. അന്ന് പട്ടാമ്പി കോളേജില്‍ നിന്നും പഠിത്തം കഴിഞ്ഞു ഞാനും റിയാസും കമാലും രൂപേഷും വീണ്ടും ഒരുമിച്ചു ഒരേ റൂമില്‍ ആണ് താമസം.  ഞാന്‍ പലപ്പോളും ആരോടും പറയാതെ സന്ധ്യ കഴിഞ്ഞാല്‍ കുളിച്ചു വേഷം മാറി എങ്ങോട്ടെന്നില്ലാതെ നഗരത്തില്‍ നിന്നും ഒഴിഞ്ഞ വഴികളിലൂടെ നടക്കാന്‍ പോകുക പതിവായിരുന്നു. കൂട്ടത്തില്‍ കാണുന്ന അമ്പലങ്ങളില്‍ തൊഴുതു മടങ്ങുകയും ചെയ്യും. പലപ്പോളും ഇരുട്ടില്‍  വഴി തെറ്റിയും , ചേരികളില്‍ താമസിക്കുന്നവരോട്  മുറി -തമിഴ് പറഞ്ഞു നടന്നും ,റൂമിലെത്താന്‍ വൈകിയിട്ടുണ്ട്. 

അങ്ങനെ ഇരിക്കെയാണ്  ടോം എന്ന് പറയുന്ന സുഹൃത്തിനെ പരിച്ചയപെടുന്നത്. ഒരു ആലപ്പുഴക്കാരന്‍. കണ്ടാല്‍ കൊച്ചു കുഞ്ഞിനെ പോലെ നിഷ്കളങ്കത, മുഖത്ത് കൊണ്ട് വരാന്‍ ശ്രമിക്കുന്നത് നൂറു വയസ്സുള്ള അപ്പൂപ്പന്റെ അനുഭവസമ്പത്ത്. എട്ടും പൊട്ടും തിരിയാത്ത അവനുമായി ചങ്ങാത്തം വേണ്ട എന്ന് രൂപേഷ് (കൂട്ടത്തിലെ ബുദ്ധിരാക്ഷസന്‍ ) എന്നോട് പറഞ്ഞെങ്കിലും ഞാന്‍ അത് കാര്യമാക്കിയില്ല. അവനുമായി ഞാന്‍ കൂടുതല്‍ അടുക്കാന്‍ സിനിമകളും, സാഹിത്യവും,  സമൂഹ  നിരീക്ഷണവും  എല്ലാം കാരണമായിരുന്നു.

അങ്ങനെ ഞാന്‍ അവനുമായി ചങ്ങാത്തത്തില്‍ മുഴുകിയിരിക്കുന്ന   ഒരു ദിവസം അവന്‍ എന്നോട് ചോദിച്ചു .

' ഡാ ഈ നഗരങ്ങളിലെ രാത്രിയെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ  ?'

'ഇല്ല. നീ കാര്യം പറ '

'നമുക്ക് ഈ വരുന്ന ആഴ്ച കോയമ്പത്തൂര്‍ നഗരം ഒന്ന് ചുറ്റി കറങ്ങിയാലോ . ഒരു രാത്രി മുഴുവന്‍ ഈ നഗരത്തില്‍ അലയാന്‍ ഒരു രസം അല്ലേ ?'

'ഏയ്‌ , എന്ത് രസം. ചുമ്മാ ഈ തണുപ്പത്ത്  മൂടിപ്പുതച്ചു കിടക്കാന്‍ നോക്കാം എന്നല്ലാതെ. അതുമല്ല, രാത്രി എന്തൊക്കെ  ഗുലുമാലുകള്‍ ഉണ്ടാകും എന്നാര്‍ക്കറിയാം ' ഞാന്‍ അവനെ നിരുത്സാഹപ്പെടുത്തി . 

 പക്ഷെ അവന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു. അങ്ങനെ വെള്ളിയാഴ്ച രാത്രി ഞങ്ങള്‍ ആരുമറിയാതെ ഹോസ്റ്റല്‍ ചാടി. സെക്കന്റ്‌ ഷോ ലഗേ രഹോ മുന്നാഭായി കാണാന്‍ കയറി. സിനിമ കഴിഞ്ഞു ഗാന്ധിപുരത്ത്‌ എത്തിയപ്പോൾ  സമയം പാതിരാ കഴിഞ്ഞിരിക്കുന്നു.

'ആഹാ.. എന്നാ  രസമാ  അല്ലിയോടാ ' ടോം ചോദിച്ചു.

'ആ ..നല്ല തണുപ്പ്, ബസ്‌ വല്ലതും ഉണ്ടോടെയ്, എന്താ ഇനി പ്ലാന്‍ ? നഗരം ചുറ്റിയടിക്കല്‍  വേണോ ?'

'നീ എന്നാ പറയുന്നേ, ഒരു ത്രില്‍ അങ്ങനെ ഒക്കെയാ കിട്ടുക. അല്ലാതെ ചുമ്മാ സിനിമ കണ്ടോണ്ട് മാത്രാണോ .. '

'ആ ശരി ശരി. 'ഞാൻ സമ്മതിച്ചു കൊടുത്തു

ഒരു ബസ്‌ വരുന്നു. എങ്ങോട്ടാണെന്ന് പോലും നോക്കാതെ അവന്‍ ഓടി കയറി. പുറകെ ഞാനും. അത് റെയില്‍വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ചാടി ഇറങ്ങി. പിന്നെ പ്ലാറ്റ്ഫോം   ടിക്കറ്റ്‌ പോലും എടുക്കാതെ സ്റ്റേഷനിലുള്ളിലേക്ക്  കയറി. അവിടെ തമ്പടിച്ചിരിക്കുന്ന ജവാന്മാരോട് കുശലം പറഞ്ഞും, കൊതു കടി കൊണ്ടും വട്ടു പിടിച്ചപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങി. എങ്ങോട്ടെന്നില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വിശാലമായ റോഡുകളില്ലോടെ സിനിമാ  കഥയും  പറഞ്ഞു കൊണ്ട്  തണുപ്പത്ത്   ഞങ്ങള്‍ കുറെ ദൂരം നടന്നു നീങ്ങി .

' ഡാ ടോമെ , നീ ഈ വഴി ഇതിനു മുന്നേ വന്നിട്ടുണ്ടോ ? ആകെ ഒരു പന്തികേട്‌.
ഒരു മനുഷ്യന്റെ കുട്ടി പോലും ഇല്ല ട്ടോ ഇവിടൊന്നും '

' ഞാനോ ? ഈ വഴിയോ ? ഞാന്‍ ആദ്യമായാ ഇങ്ങനെ ഒരു നടത്തം തന്നെ. അല്ല ഇതിലിപ്പോ പേടിക്കാനെന്തിരിക്കുന്നു ?' ടോം കൂളായി പറഞ്ഞു. 

'പെടിയായിട്ടല്ല, എന്നാലും.. നീ ആ കാണുന്ന മേല്‍പ്പാലം കണ്ടോ? അങ്ങോട്ടൊന്നു നോക്കിയേ .." 

ആകെ ഇരുട്ട്. കുറെ പശുക്കള്‍ സിനിമ പോസ്റ്ററുകള്‍ തിന്നുന്നു. അവിടെ രണ്ടു പ്രാകൃത മനുഷ്യര്‍. മുടിയെല്ലാം ജട പിടിച്ചു കൊണ്ടുള്ള ഒരു ഭീകര രൂപം. രണ്ടു പേരും കഞ്ചാവാണെന്നു തോന്നുന്നു  എന്തോ ഒരു സാധനം ആഞ്ഞു വലിക്കുന്നു .

'ഡാ പ്രവീണേ, എന്തുവാടെ ഇവന്മാര് ഈ കാണിക്കുന്നത്? നമുക്കൊന്ന് സംസാരിച്ചാലോ ' 

'പിന്നെ , നീ അവരടെ  ഇന്റര്‍വ്യൂ എടുക്കാന്‍ പോക്വാണോ  ? ചുമ്മാ പുലിവാല് പിടിക്കണ്ട. ആദ്യം ഇതേതാ സ്ഥലം എന്ന് നോക്ക്. പണ്ടാരമടങ്ങാൻ..  ' 

 ഞങ്ങള്‍ നടന്നു നടന്നു അവന്മാരുടെ അടുത്തെത്തി. ഇനിയുള്ള ഭാഗം ആകെ ഇരുട്ടാണ്‌. ടോമാണെങ്കില്‍ വള വളാ സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു. അവന്മാരെ കാണാത്ത പോലെ ഞങ്ങള്‍ അവരുടെ അടുത്ത് കൂടെ അവരെയും മറി കടന്ന ശേഷം  ടണലിന്  അപ്പുറം എത്തി. ആരോ പിന്നില്‍ ഉണ്ടെന്ന സംശയത്തില്‍ ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അതിലൊരുത്തന്‍ ഇരുട്ടിലൂടെ ഓടി വരുന്നത് കണ്ടു.    പിന്നെ ഒട്ടും താമസിച്ചില്ല സര്‍വ ധൈര്യവും സംഭരിച്ചു ഒരൊറ്റ ഓട്ടം. അത് പിന്നെ നിന്നത് നാലും കൂടിയ ഒരു കവലയില്‍. ടോം റോഡില്‍ ഇരുന്നു . കിതപ്പ് മാറുന്നില്ല. എനിക്ക് ദ്വേഷ്യം വന്നു കണ്ട്രോള്‍ പോയി.

'ഹോ എന്തൊക്കെയായിരുന്നു , നഗരത്തിന്റെ രാത്രി മനോഹാരിത, മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു  ഇപ്പൊ എന്തായി ? വഴിയിലെ പ്രാന്തന്മാര്‍ വല്ല കല്ലും വടിയും കൊണ്ട് എറിഞ്ഞിരുന്നെങ്കില്‍ തീര്‍ന്നേനെ അതോടെ എല്ലാം. ' ഞാൻ കലിപ്പായി. 

അവന്‍ ഒന്നും മിണ്ടുന്നില്ല.

'എന്താ നിന്‍റെ മുണ്ടാട്ടം  മുട്ടി പോയോ ? ആ രൂപേഷ് ഇത്രക്കും ബുദ്ധിരാക്ഷസന്‍ ആണെന്ന് ഇപ്പോളാ മനസിലായത്. അവരെല്ലാം പറഞ്ഞത് നിന്‍റെ ഓരോ വട്ടിനെ കുറിച്ചാണ്. എന്തിനു പറയുന്നു നിന്‍റെ റൂമിലുള്ള മേര്സിലിനും, സാമിനും, അലക്സിനും വരെ നിന്നെ കുറിച്ച് വളരെ നല്ല അഭിപ്രായമാ.. എന്നെ പറഞ്ഞാല്‍ മതി ഓരോ വട്ടന്മാരുടെ കൂടെ ഇറങ്ങി തിരിച്ചിട്ട്... ഈ പാതിരാക്ക്‌ ഇതെങ്ങോട്ടെന്നു വച്ചാ ഇനി നടക്കുക. നാളെ ആ വാര്‍ഡന്‍ വന്നു നോക്കുമ്പോള്‍ നമ്മളെങ്ങാനും  അവിടില്ലാ എന്നറിഞ്ഞാൽ തീർന്നു എല്ലാം. അയാളെങ്ങാനും  വല്ല പരാതിയും പ്രിൻസിപ്പാളിന്  കൊടുത്താല്‍ പിന്നെ ധാ ഇതു പോലെ ഇവിടെ ഈ റോഡില്‍ വന്നിരിക്കാം..'

അവന്‍റെ കിതപ്പ് മാറിയപ്പോള്‍ എഴുന്നേറ്റിട്ട്  പറഞ്ഞു ' ഡാ ഇതൊക്കെ അല്ലേ ജീവിതത്തില്‍ ഒരു രസം '

"രസമല്ല ..സാമ്പാർ ..ഒന്ന് പോടാ ₹%^്#*&% "എനിക്കങ്ങു ചൊറിഞ്ഞു വന്നു വീണ്ടും. ഞാന്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങി. പിന്നാലെ അവനും. കുറച്ചു ദൂരം നടന്നു. ഒരു പരിചയവും ഇല്ലാത്ത സ്ഥലം . ഒന്ന് നേരം വെളുത്തിരുന്നെങ്കില്‍ വല്ലവരോടും ചോദിക്കാമായിരുന്നു. അതിനിനിയും സമയം കിടക്കുന്നു. മണി രണ്ടു കഴിഞ്ഞു. കുറച്ചു ദൂരം കൂടി നടന്നപ്പോള്‍ കുറച്ച് അപ്പുറത്തായി  ഒരു പോലീസ്  വണ്ടിയും നാലഞ്ച് പോലീസുകാരും നില്‍ക്കുന്നു. ഞങ്ങള്‍  ആകെ കുടുക്കില്‍ പെട്ട് പോയ പോലെയായി .

'ഡാ പന്നീ ..അതാ പോലീസ്. അവര് ചോദിച്ചാല്‍ എന്ത് പറയും '

' ഓ .. ചുമ്മാ നടക്കാന്‍ ഇറങ്ങിയതാണെന്ന് പറയാം '

'ഈ സമയത്തോ? അവര് വിശ്വസിച്ചത് തന്നെ ' നമുക്ക് അവരോടു കാര്യമങ്ങ് തുറന്ന്  പറഞ്ഞാലോ ..

'ആ ബെസ്റ്റ് , പറയേണ്ട താമസം അവരെല്ലാം വിശ്വസിക്കും. എന്നിട്ട് അവര് നമ്മളെ അകത്തു കൊണ്ടേ ഇടും.    മറ്റന്നാള്‍ പ്രിന്‍സിപ്പാള്‍  വന്നു നമ്മളെ ഇറക്കും. അത് മതിയോ ?'

'അയ്യോ ..അതെന്തായാലും വേണ്ട. ' ഞാനെന്തായാലും വായില്‍ വരുന്ന നുണ അങ്ങ് കാച്ചും. നീ ഒരു  നാടകത്തിലെന്ന  പോലെ ഒന്ന് സപ്പോര്‍ട്ട് ചെയ്‌താല്‍ മതി. '  അവന്‍ ഇന്‍ ഹരി ഹർ  നഗറിലെ അപ്പുക്കുട്ടനെ പോലെ തലയാട്ടി സമ്മതിച്ചു.

ഞങ്ങള്‍ വളരെ കൂളായി പോലീസിന് മുന്നിലൂടെ നടന്നങ്ങു പോകുകയായിരുന്നു. കൂട്ടത്തിലെ കറുത്ത് തടിച്ച പോലീസുകാരന്‍ വിസിലടിച്ചു. എന്റെ മനസ്സില്‍ ലഡ്ഡു  പൊട്ടി ചിതറി. എല്ലാം കൂടി വാരിയെടുത്ത് ഞങ്ങള്‍ അവരുടെ അടുത്തേക്ക് മന്ദം മന്ദം നടന്നു. അയാള്‍ മീശ പിരിച്ചു കൊണ്ട് തമിഴില്‍ ചോദ്യം തുടങ്ങി .

' എവിടുന്നാടാ ഈ സമയത്ത് '

മറുപടി എല്ലാം ഞാന്‍ പറയാം എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തുടങ്ങി "സര്‍, ഞങ്ങള്‍ നാട്ടില്‍ പോകാന്‍ വേണ്ടി സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും  ട്രെയിന്‍ പോയിരുന്നു. അപ്പൊ ചുമ്മാ നടക്കാം എന്ന് കരുതി.  അടുത്ത വണ്ടി രാവിലെയെ ഉള്ളൂ. അതാ. ബസില്‍ പോകണ്ട എന്നും കരുതി" ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ദാ ..അടുത്ത ചോദ്യം വരുന്നു.

'ഇത്ര തിരക്കിട്ട് ഈ രാത്രിയില്‍ ട്രെയിന്‍ പിടിച്ചു പോകാന്‍ മാത്രം എന്താ വീട്ടില്‍ വിശേഷം? '

'അത് പിന്നെ ഞങ്ങളുടെ ബന്ധുവിന്റെ കല്യാണം കൂടാന്‍ വേണ്ടിയാ' കോളേജ് വിട്ടു റൂമില്‍ നിന്നു ഇറങ്ങാന്‍ വൈകി. ഇതിന്റെ പേരില്‍ ഒരു ദിവസത്തെ പഠിപ്പ്  കളയണ്ട  എന്ന് കരുതിയാ  ലീവ് എടുക്കാതെ ഇങ്ങനെ പോകാം എന്ന് തീരുമാനിച്ചത് ' ഞാന്‍ അയാള്‍ക്ക്‌ ഞങ്ങളെ കുറിച്ച് ഒരു മതിപ്പുണ്ടാകാന്‍ വേണ്ടി പറഞ്ഞതായിരുന്നു അത്.

കഴിഞ്ഞില്ല. ധ വരുന്നു വീണ്ടും  അടുത്ത ചോദ്യം ..

' എന്താ പേര് നിങ്ങളുടെ? '

ഞങ്ങളുടെ പേര് വളരെ സത്യസന്ധതയോടെ ഞങ്ങള്‍ പറഞ്ഞു ' ടോം, പ്രവീണ്‍ '

' അപ്പൊ നിങ്ങള് രണ്ടു മതക്കാര്‍ക്കും കൂടി ഉള്ള ബന്ധുവിന്റെ പേരെന്താ ?'

അപ്പോഴേക്കും  ടോം അഭിനയം തുടങ്ങി കഴിഞ്ഞു. ഒരിത്തിരി സെന്ടിമെന്‍സ് കലര്‍ന്ന സംസാരത്തോടെ അവൻ സംസാരം തുടങ്ങി.

 'അത് ഇവന്റെ ആ ബന്ധു ഹിന്ദു. എന്‍റെ  ബന്ധു ക്രിസ്ത്യന്‍. അവര് രണ്ടും കണ്ടു, ഇഷ്ടപ്പെട്ടു. ഇപ്പൊ വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം ' അങ്ങനെയാ ഞങ്ങള്‍ രണ്ടും കൂട്ടുകാരായത്. പോലീസ് ഏമാന്  സംശയം കൂടി കൂടി വന്നു. വീണ്ടും ചോദിച്ചു .

' അപ്പൊ അവരങ്ങനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു.  ആട്ടെ , നിങ്ങള്‍ എവിടുന്നാ പരിചയപ്പെട്ടത്  ?'

ഞങ്ങള്‍ രണ്ടു പേരും ഒരേ സമയത്ത് രണ്ടു  ഉത്തരം പറഞ്ഞു ' കോളേജില്‍ വച്ച്, അല്ല റെയില്‍വേ സ്റ്റേഷനില്‍ വച്ച് '

' ഡാ നമ്മള്‍ ആദ്യം കണ്ടത് കോളേജില്‍ വച്ചാണ്. പക്ഷെ ഇന്ന് ആദ്യം കണ്ടത് റെയില്‍വേ സ്റ്റേഷനില്‍ വച്ചല്ലേ ? ആണ്  ..' ഞാന്‍ അടുത്ത നമ്പരിട്ടു.

അപ്പുക്കുട്ടന്‍ തലയാട്ടി. പോലീസ് വയര്‍ലെസ്സില്‍ സന്ദേശങ്ങള്‍ എന്തൊക്കെയോ വരുന്നു. ദൈവമേ ഞങ്ങളെ പിടിച്ചു അകത്തിടാന്‍ വല്ലവനും സന്ദേശം വിട്ടോ ആവോ.

വയര്‍ലെസ്സ്   സംസാരത്തിന് ശേഷം പോലീസ് മാമന്‍ വണ്ടിക്കു മുകളില്‍ പാതി കയറി ഇരുന്നു കൊണ്ട് അടുത്ത സെറ്റ് ചോദ്യ ശരങ്ങള്‍ എയ്തു തുടങ്ങി. എന്‍റെ മനസ്സില്‍ ടോമിനെ കൊല്ലാനുള്ള ദ്വേഷ്യം. അവന്‍ കാരണമല്ലേ ഇപ്പോള്‍ ഇതൊക്കെ ...

' ശരി. നിങ്ങള്‍ ഏത് കോളേജിലാ  പഠിക്കുന്നത്? ' ശരിയുത്തരം പറഞ്ഞാല്‍ ഒരു ലക്ഷം രൂപ സമ്മാനം എന്ന കോടീശ്വരന്‍ പരിപാടിയുടെ പരസ്യം മുന്നില്‍ തെളിഞ്ഞ പോലെ. കൂട്ടുകാരനെ വിളിച്ചു ചോദിക്കാം, ഫിഫ്ടി ഫിഫ്ടി അങ്ങനെ ഓപ്ഷന്‍ ഒരുപാടുണ്ട്. കൂട്ടുകാരനോട് ചോദിക്കാം എന്ന നിലയില്‍ ഞാന്‍ ടോമിനെറെ മുഖത്തേക്ക് പാളി നോക്കി. 

ധൈര്യമായിട്ട് പറഞ്ഞോ ഒരു ലക്ഷം രൂപ ഇപ്പൊ തന്നെ കിട്ടും എന്ന നിലയില്‍ അവന്‍ എന്നെയും നോക്കി.

ഞാന്‍ പറഞ്ഞു. ' സി . എം. എസ് കോളേജ് '.

'വര്‍ക്കി അല്ലേ അവിടെ പ്രിന്‍സിപ്പല്‍? '

 ' അതെ എന്ന് തോന്നുന്നു ' ഞാന്‍ മെല്ലെ പറഞ്ഞു.

ടോം ഉറപ്പിച്ചു പറഞ്ഞു ' അതെ ! വർക്കി സാർ തന്നെ " 

പോരാത്തതിന് അങ്ങോട്ടൊരു ചോദ്യവും. " വര്‍ക്കി സാറേ അറിയുമോ സാർക്ക്  '  എന്ന്. അതും കൂടെയായപ്പോൾ എന്റെ മനസ്സിന്റെ സ്ക്രീൻ വിണ്ടു കീറി പോയി.  അവന്‍റെ  ചോദ്യം കേട്ടാല്‍ തോന്നും പോലീസ് അവന്‍റെ വീട്ടില്‍ വിരുന്നു വന്നതാണെന്ന്. പൊട്ടൻ. ഗ്ര്ർ. ഞാൻ ദ്വേഷ്യം കടിച്ചമർത്തി. 

അയാള്‍ അതിനു മറുപടി പറയാതെ മൌനം പൂണ്ടപ്പോള്‍, ഞാന്‍ ഇടക്ക് കയറി സംസാരിച്ചു.

' സര്‍, ഇനിയിപ്പോ ഞാങ്ങള്‍ പൊയ്ക്കോട്ടേ. '

'നിങ്ങളിനി എങ്ങോട്ടാ നടക്കുന്നത്. ഇതിപ്പോ നടന്നു നടന്നു ഗാന്ധിപുരം ആയിരിക്കുന്നു. സ്റ്റേഷനിലേക്ക്  തിരിച്ചിപ്പോ  നടന്നാലേ രാവിലെ നിങ്ങൾക്ക്  ട്രെയിന്‍ കിട്ടൂ. ബന്ധുവിന്റെ കല്യാണം കൂടാനുള്ളതല്ലേ?  വേഗം വിട്ടോ..വിട്ടോ  ' മീശ പിരിച്ചു കൊണ്ട് പോലീസ് ഏമാന്‍ ഞങ്ങളോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. 

 ഞങ്ങള്‍ അല്‍പ്പം നടന്നു ..

  'ആ ചോദ്യത്തില്‍ എന്തോ ഒരു   "ഇത്" ഇല്ലേ ..?'  ഞാന്‍  ടോമിനോട് ചോദിച്ചു .

' ഏയ്‌ ..ഇല്ലാന്നേ..ഉണ്ടോ ?' 

' ഏയ്‌ ..ഇല്ല ..ഇല്ല " രണ്ടാളും മുഖത്തോട് മുഖം നോക്കി തലയാട്ടി കൊണ്ട് ഒരേ പോലെ പറഞ്ഞു . 

ഞങ്ങള്‍ വീണ്ടും നടത്തം തുടങ്ങി. 

ഹാവൂ .. എന്തായാലും  ആശ്വാസമായി. പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല ല്ലോ. ഗാന്ധിപുരം എത്തിയ സ്ഥിതിക്കിനി എന്തിനാ റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കുന്നത്. ഇവിടെ നിന്നു രാവിലെ ബസ്‌ കയറി ഹോസ്ടലിനു മുന്നില്‍ പോയി ഇറങ്ങിയാല്‍ പോരെ. അത് പക്ഷെ പോലീസുകാരോട് പറയാന്‍ പറ്റുമോ? അവരാണെങ്കില്‍ ഞങ്ങള്‍ നടന്നു പോകുന്നതും നോക്കി കൊണ്ടേ  ഇരിക്കുന്നു. ഇവര്‍ക്കൊന്നും വേറെ പണിയില്ലേ. റോഡിനാണെങ്കിൽ  ഒരു വളവു പോലും ഇല്ല. ഒന്ന് വളഞ്ഞു നടന്നു അവരുടെ കണ്ണില്‍ നിന്നും മായാന്‍ പറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി.

 നടക്കുമ്പോള്‍ ടോം പാട്ട് പാടി. അവനെ പച്ച  തെറി വിളിച്ചു കൊണ്ട്  ഞാനും വേറൊരു ഭരണി പാട്ട് പാടി. ഒടുക്കം പോലീസ് പോയെന്നു ഉറപ്പായപ്പോള്‍ ഗാന്ധിപുരം ബസ്‌ സ്റ്റാന്‍ഡില്‍ കയറി കിടന്നുറങ്ങാം എന്ന് കരുതി അവിടേക്ക് തിരിച്ചു. അവിടെ നടന്നെത്തിയപ്പോള്‍ സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു. ബസ്‌ സ്റ്റാന്റ് രാത്രി അടച്ചിട്ടതിനാല്‍ അവിടെ കിടന്നുറങ്ങാം എന്ന ഞങ്ങളുടെ പൂതി വെള്ളത്തിലായി.

 ടോമിന്റെ കഴുത്തിന്‌ മുറുക്കെ പിടിച്ചു തള്ളി  സ്നേഹം പ്രകടിപ്പിച്ചു കൊണ്ട്  അവനെയും കൊണ്ട് നഗരത്തിലെ ഒരു കടത്തിണ്ണയിലേക്ക് ഞാന്‍ നടന്നു. അവിടെ നിലത്തെ പൊടിയൊന്നും നോക്കാതെ ഞങ്ങള്‍ ഒരിത്തിരി നേരം കിടന്നു. പക്ഷെ ചുറ്റും വട്ടമിട്ടു പറക്കുന്ന കൊതുകുകള്‍ അതിനും സമ്മതിച്ചില്ല.

' ടോമെ, സംഭവം ഇപ്പൊ ഈ യാത്ര ഒരു രസമായി തോന്നുന്നുണ്ട് ട്ടോ ' ഞാന്‍ ആ പൊടി മണ്ണില്‍ കിടന്നു കൊണ്ട്  ആകാശത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

 'അത് തന്നെയാ ഞാന്‍ ആദ്യം പറഞ്ഞത്. അപ്പൊ നിനക്ക് മനസിലായില്ല..ഇപ്പൊ എന്ത്യേടാ ? ' ടോം ആവേശത്തോടെ പ്രതികരിച്ചു. ആ നിമിഷം മുതലാക്കി കൊണ്ട്  ഞാന്‍ അവനെ വിളിച്ച തെറിയെല്ലാം അവന്‍ എന്നെ തിരിച്ചു വിളിച്ചു. 

'എടാ   ദാസാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത് ' 

' എടാ വിജയാ  എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് '

കൊതുകുകളുടെ മൂളല്‍ ശബ്ദം  കേട്ട് കൊണ്ട് ഞാന്‍  പറഞ്ഞു.  'ആഹ ..എന്തൊരു സുഖം ഇവറ്റങ്ങളുടെ മൂളക്കം കേള്‍ക്കാന്‍ '

 'ഐശ്വര്യത്തിന്റെ സൈറം മുഴങ്ങുന്ന പോലെ ഉണ്ടല്ലേ' ടോം അതിന് മറുപടിയും പറഞ്ഞു.

 പിന്നെ കഥകളും വിശേഷങ്ങളും പറഞ്ഞു നേരം വെളുത്തതറിഞ്ഞില്ല.   സമയം നാലര കഴിഞ്ഞിരിക്കുന്നു. നഗരത്തിലെ തട്ട് കടകള്‍ സജീവമായി കൊണ്ടിരിക്കുന്ന സൂചന കിട്ടിയിരിക്കുന്നു.   ഞങ്ങള്‍ ഒരു തട്ട് കടയില്‍ പോയി ചായ കുടിച്ചപ്പോഴേക്കും, ഞങ്ങള്‍ക്ക് പോകാനുള്ള  ബസ്‌ ഹോണ്‍ മുഴക്കി വരുന്നുണ്ടായിരുന്നു . മഞ്ഞു പെയ്യുന്ന ആ റോഡിലൂടെ ഞങ്ങള്‍ കൈ പിടിച്ചു കൊണ്ടോടി ചെന്ന് ആ ബസ്‌ കയറിയപ്പോള്‍ അനുഭവിച്ച സന്തോഷം എന്തെന്ന്  പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല.

  സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഹോസ്റ്റല്‍ മതില്‍ ചാടി അകത്തു കയറുന്ന സമയത്താണ് വാച്മാന്‍ പല്ല് തേക്കാന്‍ പുറത്തിറങ്ങുന്നത് കണ്ടത്. മുകളിലെ റൂമിലേക്ക്‌ പോകാനുള്ള വഴി ഷട്ടര്‍ കൊണ്ട് അടച്ചിരിക്കുന്നു. അയാളുടെ കിടക്കയില്‍ നിന്നു താക്കോല്‍ എടുത്തു സാവധാനം ഷട്ടര്‍ തുറന്നു ഉള്ളില്‍ കയറി. പിന്നെ താക്കോല്‍ പഴയ പടി അവിടെ കൊണ്ട് വച്ച ശേഷം , ഷട്ടര്‍ അടച്ചു. ആ ശബ്ദം  കേട്ട് അയാള്‍ ഓടി വന്നിരിക്കാം. ഞങ്ങള്‍ അപ്പോഴേക്കും പുതപ്പിനുള്ളില്‍ മൂടി പുതച്ചു രാത്രിയില്‍ നഷ്ടപ്പെട്ട  ഉറക്കത്തെ  തിരിച്ചു വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

 ഉച്ചക്ക് ഉറക്കം ഉണരുമ്പോള്‍ ഞാന്‍ കണ്ടത് റൂമില്‍ ഒരാള്‍ക്കൂട്ടം. ഇന്നലെ പോയ ഞങ്ങള്‍ തിരിച്ചു വരുമോ എന്ന സംശയത്തിലായിരുന്നു അവര്‍. ടോമിന്റെ റൂമിലും ഇതേ അവസ്ഥ. പിന്നെ അവര്‍ ഞങ്ങളെ പരിഹസിച്ചു കഥകള്‍ ഉണ്ടാക്കി പറഞ്ഞു ചിരിക്കുമ്പോളും, അതൊന്നും ഞങ്ങള്‍ ആ ഒരു രാത്രിയില്‍ അനുഭവിച്ചതിന്റെ ത്രില്ലിനു (ടോം പറയുന്ന പോലെ) പകരമാകില്ല എന്നറിഞ്ഞു കൊണ്ട് തന്നെ അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു.
  
  കോളേജ് ജീവിതത്തിനു ശേഷം എല്ലാവരും ഓരോ വഴിയില്‍ പോയി. ടോം സംവിധായകന്‍ ആകാനുള്ള വഴി തിരഞ്ഞു പോയി. എനിക്കിഷ്ടമുള്ള  വഴി അത് തന്നെ ആയിരുന്നെങ്കിലും, വേറെ ചില കാരണങ്ങളാല്‍ ഞാന്‍ വേറെ എവിടെയോ എത്തി. കോയമ്പത്തൂരിലെ ആ നഗരത്തിലൂടെ പിന്നെ ഒരിക്കല്‍ ഒരു പകലില്‍ സഞ്ചരിച്ചപ്പോള്‍ പഴയതെല്ലാം ഓര്‍ത്തു ഞാന്‍ വിഷമിച്ചു. ആ കാലം ഇനി കിട്ടുമോ ? ഇത്രയും തിരക്കുള്ള ഈ നഗരത്തിലൂടെ ആയിരുന്നോ അന്ന് രാത്രി ഞാനും ടോമും ഒറ്റയ്ക്ക് ആരെയും കാണാതെ നടന്നത്? നഗരത്തിനും ഗ്രാമത്തെ പോലെ ഒരുപാട് കഥകള്‍ പറയാനുണ്ട് എന്ന് തോന്നിപ്പോയി.


            2006-2008 cms college കോയമ്പത്തൂര്‍ , ഞാനും ടോമും - ഒരു പഴയ ഫോട്ടോ

-pravin-

25 comments:

  1. ഫോളോ ചെയ്യാനുള്ള ഗാഡ്ജറ്റ് വയ്ക്കൂ...
    ഒപ്പം കമന്റിലെ വേര്‍ഡ്‌ വെരിഫിക്കേഷനും ഒഴിവാക്കൂ.

    ReplyDelete
  2. അനുഭവം ആണെങ്കില്‍ക്കൂടി എഴുത്തിന് ഒഴുക്കുണ്ട്. ഭാഷയും നന്ന്. അക്ഷരത്തെറ്റുകള്‍ നന്നായി നോക്കിയിട്ട് മാത്രം പോസ്റ്റ്‌ ചെയ്യുക. ചെറുതും വലുതുമായി ധാരാളം അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ. തുടര്‍ന്നും എഴുതുക. എല്ലാ ആശംസകളും.

    ReplyDelete
    Replies
    1. sony - നന്ദി. തീര്‍ച്ചയായും ഇനി അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഞാന്‍ സത്യം പറഞ്ഞാല്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ഫേസ് ബുക്കിലാണ് എഴുത്ത് മുഴുവന്‍ ഉണ്ടായിരുന്നത്. ഒരു സുഹൃത്താണ് ബ്ലോഗ്‌ തുടങ്ങാന്‍ എന്നോട് പറഞ്ഞത്. എങ്ങനെ ഒക്കെ ആണ് ചെയ്യേണ്ടത് എന്ന് പഠിക്കാന്‍ സമയം ഇല്ല. ഉറക്കം ഉപേക്ഷിച്ചാണ് ഇപ്പോളത്തെ ബ്ലോഗ്‌ എഴുത്ത് തന്നെ പൂര്‍ത്തിയാക്കിയത്.

      Delete
  3. സൂപ്പർ എഴുത്ത്... നിങ്ങളുടേ കൂടെ സഞ്ചരിച്ച ഫീൽ.. കൂടെ കോളേജ് ഡെയ്സ് മിസ്സ് ചെയ്യുകയും ചെയ്യുന്നു.. good one

    ReplyDelete
    Replies
    1. കണ്ണന്‍..നന്ദി..പോയ കാലം ഇനി തിരിച്ചു കിട്ടില്ല ല്ലോ ...

      Delete
  4. നല്ല എഴുത്തിനു ആശംസകള്‍ .... കൂടെ ഇച്ചിരി അസൂയയും, രാത്രിയില്‍ അങ്ങിനെ നാട്ടിലെ വഴികളിലൂടെ നടക്കുന്നത് ഒത്തിരി സ്വപ്നം കണ്ടിട്ടുണ്ട്...പക്ഷേ.... ഇവിടെ ആ സങ്കടം ഇല്ലെങ്കിലും, നാട്ടില്‍ എന്നാണാവോ അങ്ങിനെയൊരു കാലം ഉണ്ടാവുക...? പെണ്‍കുട്ടികള്‍ക്ക് സ്വതന്ത്രമായി അങ്ങിനെ നിലാവില്‍ നടക്കാന്‍ കഴിയുക...?

    ReplyDelete
    Replies
    1. കുഞ്ഞൂസ് ചേച്ചീ ..നന്ദി..ശരിയാ നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് അങ്ങനൊരു കാലം ഉണ്ടാകില്ല. പക്ഷെ മനിശ്ശേരി എന്നൊരു സ്ഥലമുണ്ട് , എന്‍റെ അമ്മൂമ്മയുടെ വീട് അവിടെ ആണ്. പാടത്തിന്റെ അരികില്‍ വീട്.. പിന്നെ പരന്നു കിടക്കുന്ന പറമ്പ് , കുളങ്ങള്‍ , പറങ്കി കാടുകള്‍ .. രാത്രി നിലാവ് പെയ്തിറങ്ങും.. പാടത്തില്‍ നിന്നും കള കളം ശബ്ദമുണ്ടാകി ഒഴുകുന്ന വെള്ളം.. അവിടെ പാടത്തിനു നടുക്ക് ഒരു വലിയ മരം ഉണ്ട്. അതിന്‍റെ ചുവട്ടില്‍ നിലാവ് കൊള്ളുന്ന പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. തിരുവാതിര കാലമായാല്‍ ആ ഭാഗത്തെ പെണ്‍ പിള്ളേര്‍ രാത്രിയില്‍ ആ മരച്ചുവട്ടില്‍ ഇരുന്നു സൊറ പറയും. ചിലര്‍ നില വെളിച്ചത്തില്‍ ആ പാട വരമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ഇപ്പോള്‍ എല്ലാവരും കല്യാണം കഴിഞ്ഞു പോയെന്നു തോന്നുന്നു. വല്ലപ്പോഴും അമ്മൂമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ ഇക്കരെ പാടത്ത് നിന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഈ അടുത്തു പോയപ്പോള്‍ ആ മരം വല്ലാതെ ഉണങ്ങി പോയിരിക്കുന്ന പോലെ തോന്നി. ചുറ്റും ചിതല്‍ വളഞ്ഞിരിക്കുന്നു. ആരും ഇല്ല ഇപ്പൊ. ഒറ്റപെടല്‍ ആ മരത്തിന്‍റെ ആരോഗ്യത്തെ ബാധിച്ചിരിക്കാം..ഞാന്‍ അല്‍പ്പ നേരം ആ മരത്തെ തന്നെ നോക്കി നിന്നു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.

      Delete
    2. ho....vayichit avide chennu irikkan kothiyavunnallo....

      Delete
  5. ഹും, ആ യാത്രക്ക് ത്രില്‍ കിട്ടിയില്ല.. ത്രില്‍ വേണമെങ്കില്‍ ഒറ്റയ്ക്ക് തന്നെ നടക്കണം... ചുമ്മാ പറഞ്ഞതാട്ടോ ഇഷ്ടപ്പെട്ടു.. ഇങ്ങനത്തെ അനുഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ആശംസകള്‍..

    ReplyDelete
    Replies
    1. റഷീദ് ..നന്ദി..ഒറ്റയ്ക്ക് നടന്നാലും ത്രില്ല് കിട്ടും..ഇങ്ങനെ നടക്കുമ്പോള്‍ കിട്ടുന്ന ത്രില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ കിട്ടില്ലല്ലോ എന്ന് കരുതിയ അന്ന് അങ്ങനെ പോയത്..ഇനി ഇപ്പൊ വീണ്ടും നീ പറഞ്ഞ പോലെ ഒറ്റക്കൊന്നു നടന്നു നോക്കാം ല്ലേ ?

      Delete
  6. enikkorubadishatayeeetoooo praviyettta thrilling

    ReplyDelete
  7. നന്നായിട്ടുണ്ട് പ്രവീണ്‍............കണ്ണന്‍ ചേട്ടന്‍ പറഞ്ഞത്‌ പോലെ ഒരു വല്ലാത്ത ഫീല്‍............തനിക്ക്‌ ഒരുപാട മുന്നേറാന്‍ പറ്റും എല്ലാ വിദ ആശംസകളും................

    ReplyDelete
  8. വായിച്ചു വന്നപ്പോള്‍ മനസ്സില്‍ തട്ടിയ അഭിപ്രായമാണ് കുഞ്ഞൂസിന്റെ വരിയില്‍ കണ്ടത്, രാത്രിയിലെ സ്ത്രീകള്‍ എന്ന ഒരു ലേഖനത്തില്‍ ഞാന്‍ ഇതിനെ കുറിച്ച് ചെറുതായൊന്നു സൂചിപ്പിച്ചിട്ടുണ്ട്, പുരുഷന്മാര്‍ക്ക് പോലും നമ്മുടെ നിരത്തുകള്‍ രാത്രിയില്‍ അന്ന്യം ആവുന്ന കാലം ആണ് ‍ ഇത്.

    രാത്രിയിലെ ആ യാത്രയില്‍ കിട്ടിയ ത്രില്ലില്ലണോ ഇപ്പോഴും.

    നല്ല ഒഴുക്കുള്ള വരികള്‍, പിറകിലൂടെ ആള്‍ ഓടിവന്നപ്പോള്‍ അറിയാതെ ഞാനും ഭയന്നു..

    ReplyDelete
    Replies
    1. യാത്രയുടെ ത്രില്‍ ഇപ്പോള്‍ ഓര്‍മയില്‍ മാത്രം. ഇപ്പോള്‍ എവിടെ ചെന്നെത്തും എന്നറിയാത്ത ഒരു യാത്രയിലാണ്. ഈ യാത്രയുടെ ത്രില്‍ ഒരു പക്ഷെ എനിക്ക് വിവരിക്കാന്‍ സാധിച്ചില്ലെന്നു വരാം. അത്രക്കും വിവരിക്കാനുണ്ട്. കുഞ്ഞൂസ് ചേച്ചിയുടെ ആ വാക്കുകളില്‍ നിന്നു ഞാന്‍ എഴുതിയ മറ്റൊരു അനുഭവ കഥയാണ് ചില നിലാക്കഴ്ച്ചകള്‍ ..

      Delete
  9. hai etta...kollam..oru aankutti aayal mathiyarnnu ennu thonnunu...hostelil nilkkumbol orupad kothichittund mathil chadi karakkam......6 manikk adakkunna gate ravileyalle thurakku.....(adithi)

    ReplyDelete
  10. വായിച്ചു.പാതിരാ യാത്രയും അന്നത്തെ ഒരു ഭ്രമം അല്ലെ?
    രസകരമായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  11. പ്രവിനെട്ടോ(ഞങ്ങടെ കുട്ടേട്ടന്‍))) ,ഏട്ടന്റെ എഴുത്തിന് ശരിക്കും ഒരു ജീവനുണ്ട്..വാക്കുകള്‍ ശരിക്കും ഹൃദയത്തില്‍ തട്ടുന്നു..ഏട്ടന്റെ യാത്ര ശരിക്കും ത്രില്ലടിപിച്ചു...ഇനിയും നല്ല അനുഭവങ്ങള്‍ എഴുതാന്‍ കഴിയട്ടെ ...

    ReplyDelete
  12. വായിച്ചു...നന്നായിട്ടുണ്ട്...ആ ടെന്‍ഷനും...ത്രില്ലും എല്ലാം നിറഞ്ഞു നില്‍ക്കുന്നു..

    ReplyDelete
  13. ഒരാഴച മുൻപു ഞാനും ശരവണം പെട്ടിയിൽ പടിക്കുന്ന എന്റെ ചേട്ടനും കൂടി ഇതുപോലെ ഒരു യാത്ര പോയിരുന്നു. സെക്കന്റ് ഷോ കാണുക എന്നതായിരുന്നു ഉദ്ധേശ്യം. തിരികെ വരുന്ന വഴിക്ക് എകദേശം സമാനമായ അനുഭവങ്ങൾ ഞങൾക്കും അനുഭവിക്കെണ്ടിവന്നു. ഹോ..! വീണ്ടും അതെല്ലാം ഓർമ്മവന്നു. എന്തായാലും എഴുത്തു കലക്കി..!!!

    ReplyDelete
  14. നഗരത്തിലെ രാത്രിയുടെ പേടിപ്പെടുത്തുന്ന അന്തരീക്ഷം നന്നായി വരച്ചിടാൻ കഴിഞ്ഞിട്ടുണ്ട്. പോലീസുകാരുടെ കൂടെയുള്ള രംഗം എന്തോ അത്ര ശരിയായതായി തോന്നിയില്ല. എന്റെ തോന്നലാവാം. പണ്ടൊരാൾ മൃഗശാലയിലെ സിംഹത്തിന്റെ ഗർജ്ജനം കേട്ടിട്ട് 'ഒറിജിനാലിറ്റിയില്ല" എന്ന് പറഞ്ഞപോലെ!!!

    ReplyDelete
  15. കൊള്ളാലോ നീ ഇനി നാട്ടില്‍ വരുമ്പോ വിളിക്കണം

    ReplyDelete