Thursday, January 11, 2018

നിനവ്

മഞ്ഞു പെയ്യും നിനവിൽ  
നോവായി മാറും കനവേ ..
കുളിരോർമ്മകളെന്നെ പുൽകുമീ രാവിൽ 
ഇരുളിൽ പോയിമറഞ്ഞതെന്തേ നീ ..

കാണാതെ അലയും കാറ്റിൻ 
നെഞ്ചിലൊരു വിങ്ങലായി 
കടലോളം സ്നേഹമായി 
തീരം തേടുന്ന തിരയായ് 

രാവേറെ പെയ്തിട്ടും 
ഉദിക്കാതെ പോയ നിലാവില-
ലിഞ്ഞതാണോയെൻ 
നിനവുകളത്രയും .. 

-pravin-

Sunday, March 12, 2017

കുത്തിക്കുറിക്കലുകൾപുണ്യ സ്നാനം

ഒരു സ്നാനത്തോട് കൂടെ 
ചെയ്ത പാപങ്ങളെല്ലാം നശിക്കുമെങ്കിൽ  
ആ സ്നാനത്തിന് ഞാൻ ഒരുക്കമാണ് . 
പക്ഷേ ഒരു സ്നാനം ചെയ്‌താൽ 
തീരുന്നതേയുള്ളൂ ഇവിടെ പറഞ്ഞു 
പഠിപ്പിക്കുന്ന പാപങ്ങളെങ്കിൽ 
സ്നാനം ചെയ്യുന്നതിനേക്കാൾ 
ഞാൻ ഇഷ്ടപ്പെടുന്നത് പാപം ചെയ്യാനാണ്. 
പാപം ചെയ്യുന്നതിനേക്കാൾ 
ഞാൻ പേടിക്കുന്നത് സ്നാനം ചെയ്യാനുമാണ്‌. 

അഭിനവ എഴുത്തുകാർ 

പേനയിലെ മഷി വറ്റുമെന്നു പേടിച്ച് കൊണ്ട് 
ഒന്നും എഴുതാതെയെഴുതാതെ 
ശ്വാസം മുട്ടി മരിച്ച ഒരാളുണ്ടായിരുന്നു. 
അയാളുടെ മരണ ശേഷം അയാൾ 
ശൂന്യതയുടെ എഴുത്തുകാരനായി അറിയപ്പെട്ടു. 
എഴുത്തും വായനയും അറിയാത്ത 
ആരൊക്കെയോ ചേർന്ന് അയാൾക്ക് 
ഇരുട്ടിലൊരു സ്മാരകം പണിതു. 
കാക്കകൾ ആ സ്മാരകത്തെ തങ്ങളുടെ 
പൊതു കക്കൂസായി പ്രഖ്യാപിച്ചതും അന്ന് തന്നെ.

ഉറക്കം

കണ്ണെത്ര തുറന്നു പിടിച്ചാലും 
ഉറക്കം മനസ്സിനെ അന്ധനാക്കുന്നു ..
ഉറങ്ങാതിരിക്കാനുമാകില്ല 
ഉണരാതിരിക്കാനുമാകില്ല 
അതിനിടയിൽ കാണാതെ 
നഷ്ടമാകുന്ന കാഴ്ചകൾക്ക് 
ആരെ ഞാൻ 
പഴിക്കേണ്ടിയിരിക്കുന്നു ? .

അപരാധി

അപരാധികളെന്നു മുദ്രകുത്തിയ 
നിരപരാധികൾക്കിടയിലേക്ക് ഓടിക്കയറി
 ചെന്ന ഒരു അപരാധി പറയുന്നു 
അവനും നിരപരാധിയാണെന്ന്. 

ജഡങ്ങൾ 

ആത്മാക്കള്‍ക്ക് മരിക്കാനറിയില്ല .
ശരീരങ്ങള്‍ക്ക് ജീവിക്കാനും .
ഇടയില്‍ ഒന്നിനും സാധിക്കാതെ 
കുറെ ജഡങ്ങളും .

വേഷം 

ഒരാൾ ജീവിക്കാനായി വേഷം കെട്ടിയപ്പോൾ
മറ്റൊരാൾ വേഷം കെട്ടി ജീവിക്കുകയായിരുന്നു. 

അനശ്വര പ്രണയം 

പ്രണയ സായൂജ്യമല്ല നഷ്ട പ്രണയമാണ് 
പ്രണയത്തെ അനശ്വരമാക്കുന്നത് .

-pravin 

Wednesday, July 13, 2016

ചില വെളിപാടുകൾ
  • അനുകൂലതയെ മാത്രമാണ്  ആരും ഇഷ്ടപ്പെടുന്നുള്ളൂ. പ്രതികൂലതയെ ആരും ഇഷ്ടപ്പെടില്ല എന്ന് മാത്രമല്ല അതെപ്പോഴും തകർക്കപ്പെടേണ്ട ഒന്നാണ് എന്ന് വിശ്വസിച്ചു വരുകയും ചെയ്യുന്നു. 

  • എന്റെ ശരി നിങ്ങൾക്കും നിങ്ങളുടെ ശരി എനിക്കും തെറ്റാകാം. സ്വാഭാവികം. എന്നാൽ എന്റെ മാത്രമാണ് ശരി എന്ന  ചിന്തയെ തെറ്റെന്നു സമ്മതിക്കാൻ നമ്മൾ മടിക്കുന്നെങ്കിൽ അത് നമ്മുടെ രണ്ടു കൂട്ടരുടെയും തെറ്റ് തന്നെയാണ്. 

  • കുറേ വേട്ടക്കാരും ഒരു ഇരയും എന്നതിൽ നിന്ന് കുറേ ഇരകളും ഒരു വേട്ടക്കാരനും എന്നതിലേക്ക് സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. അന്നും ഇന്നും എന്നും ഇരക്ക്  ദയനീയ മുഖവും വേട്ടക്കാരന്  ക്രൂര മുഖവും ആണെന്നിരിക്കെ സ്ഥിതിഗതികൾ മാറിയിട്ടും വലിയ വിശേഷമൊന്നുമില്ല. വ്യത്യസ്തതകൾ  ഇല്ലാതെ പോകുന്നു അങ്ങിനെ പലതും .

  • ചിരിക്കാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകില്ല. പല കാരണങ്ങൾ കൊണ്ട് അതിന് സാധിക്കാത്തവരേ ഉണ്ടാകൂ .കരയാൻ ആരും ആഗ്രഹിക്കുന്നില്ലെങ്കിലും എല്ലാവരും ഉള്ളിന്റെയുള്ളിലെങ്കിലും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട്  കരയുന്നുണ്ട് പക്ഷേ . 

  • തുടക്കമോ ഒടുക്കമോ ഇല്ലാത്ത.. തുടർച്ച  മാത്രമുള്ള ഒരു ലോകത്ത് ഭൂതത്തിനും ഭാവിക്കും എന്ത് പ്രസക്തി ? ആ ചിന്ത പോലും തുടരുകയാണ് വെറുതെയെങ്കിലും . 

-pravin-

Saturday, March 12, 2016

പുളവന്റെ പ്രണയം

ഈ അടുത്തൊന്നും പുഴ ഇങ്ങിനെ നിറഞ്ഞൊഴുകിയിട്ടില്ല. ഇനിയും എത്ര നേരം മഴ തുടരുമെന്നുമറിയില്ല. എതയരികിലെ മാളത്തിലേക്ക് വെള്ളം കയറുമെന്നായപ്പോൾ പതിയേ തല പുറത്തിട്ടു കൊണ്ട് കാലാവസ്ഥ നിരീക്ഷിക്കുകയായിരുന്നു അത്. വേഗത്തിൽ നാക്ക് പുറത്തേക്ക് ഇടുകയും അകത്തേക്ക് വലിക്കുകയും ചെയ്ത് കൊണ്ട് കുറച്ചു നേരം ആ നിരീക്ഷണം അങ്ങിനെ തുടർന്നു. അൽപ്പ സമയത്തിനുള്ളിൽ പ്രതീക്ഷിച്ച പോലെ വെള്ളം മാളത്തിലേക്ക് കയറിയപ്പോൾ അത് പതിയെ മാളത്തിനു പുറത്തേക്ക് ഇഴഞ്ഞു നീങ്ങി. പിന്നെ കരയുടെ അരിക് പറ്റിയൊഴുകുന്ന വെള്ളത്തിലൂടെ കുളിക്കടവ്‌ ലക്ഷ്യമാക്കി മെല്ലെ നീന്തി. അതിന്റെ അടുത്ത പ്രതീക്ഷയും തെറ്റിയില്ല. പെണ്ണുങ്ങളുടെ കുളിക്കടവിൽ ഈ പെരുമഴയത്തും ജാനകി ഹാജരായിരിക്കുന്നു. നീർക്കോലി കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങാൻ തുടങ്ങി.
കഴിഞ്ഞ രണ്ടു മൂന്നു മാസമായി പുതുമ നഷ്ടപ്പെടാത്ത എന്തെങ്കിലും ഒരു കാഴ്ച അത് കാണുന്നുവെങ്കിൽ അലക്കാനും കുളിക്കാനുമായി കടവിൽ എത്തുന്ന ജാനകിയെ മാത്രമാണ്. ജാനകിയെ എത്ര കണ്ടാലും അതിന് മതി വരുന്നില്ലായിരുന്നു. വെള്ളത്തിൽ മുങ്ങി നിൽക്കുന്ന അവളുടെ മിനുസമുള്ള കാലുകളിൽ ഉരസി നീന്തുന്നത് അതിന്റെ വിനോദമാണ്‌. അതിലുമുപരി അവളോടുള്ള അതിന്റെ പ്രണയം കൂടിയാണ് ആ ഉരസി നീന്തൽ. അവളറിഞ്ഞാലും ഇല്ലെങ്കിലും പ്രണയിച്ചേ മതിയാകുമായിരുന്നു അതിന്. ജാനകി എന്ന പേര് അവളുടെ തന്നെയോ എന്ന് സംശയമാണ്. അവളുടെ കൂടെ കുളിക്കാൻ ഇറങ്ങുന്ന മറ്റു പെണ്ണുങ്ങൾ അവളെ ജാനകീ..ജാനകീ എന്ന് വിളിക്കുന്നത് പോലെയാണ് അതിന് തോന്നിയിട്ടുള്ളത്. എന്തായാലും ചിന്തിക്കുമ്പോൾ ഓർത്തെടുക്കാൻ പറ്റിയൊരു പേര് വേണമല്ലോ. അങ്ങിനെയാണ് അതിന്റെ മനസ്സിൽ അവൾ ജാനകിയായത്. ഇന്നെന്തായാലും ജാനകിയുമായി കൂടുതൽ ശൃംഗരിക്കാൻ അവസരമുണ്ട്. അവളെ ഒറ്റക്ക് ഇങ്ങനെ കാണാൻ കിട്ടുന്നത് പോലും ഇതാദ്യമായാണ്.
കനത്ത മഴയിൽ ഈറനായി നിന്ന് വസ്ത്രങ്ങൾ അലക്കി കൊണ്ടിരിക്കുന്ന ജാനകിയെ പ്രണയാതുരനായി നോക്കി നിൽക്കുകയാണ് ആ നീർക്കോലി. അതേ സമയം തൊട്ടു താഴത്തെ കടവിൽ തല മാത്രം വെള്ളത്തിൽ പൊക്കിപ്പിടിച്ച് അതേ ജാനകിയുടെ ശരീരത്തെ ഭോഗാസക്തമായ കണ്ണുകളാൽ രണ്ടു മനുഷ്യരും നോക്കുന്നുണ്ടായിരുന്നു. ആരുമാരും പരസ്പ്പരം കാണുന്നില്ലെങ്കിലും എല്ലാവരെയും ഗൗരവത്തോടെ നിരീക്ഷിച്ചു കൊണ്ട് എതയരികിൽ ഒരു തവളയും ഇരിപ്പുണ്ട്. തവളയുടെ കണ്ണ്‍ രണ്ടു ഭാഗത്തേക്കും മാറി മാറി ചലിച്ചു കൊണ്ടിരുന്നു. ഇടക്കിടക്ക് തൊണ്ടയിൽ എന്തോ ഒന്ന് വീർപ്പിച്ചും വിട്ടുമുള്ള ആ നിരീക്ഷണത്തിനിടയിൽ അറിയാതെ അത് "പോക്രോം പോക്രോം" എന്ന തന്റെ അതിഗംഭീരമായ ശബ്ദം പുറപ്പെടുവിച്ചു. പണി പാളി. നീർക്കോലി അവനെ കണ്ടു കഴിഞ്ഞിരിക്കുന്നു. തവള മാളത്തിൽ നിന്ന് ചാടി എതയുടെ മുകളിലേക്ക് വലിഞ്ഞു കേറി. ഇനി അവിടെ നിന്നാൽ മറ്റവൻ ശാപ്പിട്ടു കളയും. നീർക്കോലി മുങ്ങാങ്കുഴിയിട്ട് തവളയിരുന്ന മാളത്തിന് അടുത്തെത്തിയെങ്കിലും തവള അപ്പോഴേക്കും എതയുടെ മുകളിലേക്ക് എത്തിയിരുന്നു. നീർക്കോലി അവനെ നോക്കി ഇളിഞ്ഞു ചിരിച്ചു. തവളയുടെ കണ്ണുകൾ അപ്പോൾ മറ്റാരെയോ ആണല്ലോ ശ്രദ്ധിക്കുന്നത് എന്ന് മനസ്സിലായപ്പോൾ നീർക്കോലി പരിസരം ഒന്ന് നിരീക്ഷിച്ചു.
വെള്ളത്തിൽ മുങ്ങി കിടന്ന് ജാനകിയെ നോക്കി കൊണ്ടിരിക്കുന്നവന്മാരെ അപ്പോഴാണ്‌ നീർക്കോലി കാണുന്നത്. അവരെ പേടിപ്പിക്കാനുള്ള വഴിയൊക്കെ തന്റെ കൈയ്യിലുണ്ട്. പത്തിയില്ലെങ്കിലും പാമ്പിന്റെ രൂപം തന്നെയാണ് തനിക്കും. അവരെ ഇത് വരെ കുളിക്കടവിൽ ഒന്നും കണ്ടിട്ടില്ല. വരത്തന്മാർ ആണെന്ന് തോന്നുന്നു. നീർക്കോലി ചിന്തിച്ചു. ഊളിയിട്ട് ചെന്ന് അവന്മാരുടെ തലക്ക് സമീപം പൊങ്ങി കൊണ്ട് അത് നാക്ക് നീട്ടി കണ്ണ് തുറിച്ചു പിടിച്ചു. പെട്ടെന്നുള്ള അതിന്റെ പ്രത്യക്ഷപ്പെടലിൽ ഭയചികിതരായ അവന്മാർ അലറി വിളിച്ചു കൊണ്ട് കടവിലേക്ക് നീന്തിക്കയറി. പക്ഷേ പേടിച്ചോടാനൊന്നും അവർക്ക് ഉദ്ദേശ്യമില്ലായിരുന്നു. കടവിലേക്ക് കയറി നിന്ന് കൊണ്ട് വെള്ളത്തിലെങ്ങാനും നീർക്കോലിയുടെ തല കാണുന്നുണ്ടോ എന്ന് തിരയാൻ തുടങ്ങി അവർ. നീർക്കോലിയാകട്ടെ വീണ്ടും ജാനകീ സമീപം ഹാജരായിക്കൊണ്ട് അവളുടെ സൗന്ദര്യം ആസ്വദിക്കാൻ ആരംഭിച്ചു.
ജാനകിക്ക് അറിയില്ലല്ലോ അവൾക്കിങ്ങനെ ഒരു സൗന്ദര്യാരാധകൻ ഉണ്ടെന്ന്. നീർക്കോലിക്ക് അതിന്റെ പ്രണയം മൂത്തപ്പോൾ അവളുടെ കാലിൽ ഒന്ന് ഉരസി നീന്താൻ തോന്നി. രണ്ടു തവണ ഉരസി നീന്തിക്കഴിഞ്ഞപ്പോൾ പിന്നെ അവളുടെ കാലിൽ ഒന്ന് ചുംബിക്കാനാണ് അതിന് തോന്നിയത്. അതിന്റെ ചുംബനം അവൾക്ക് കടിയായിട്ടായിരിക്കാം അനുഭവപ്പെട്ടത്. അവൾ കാലു കുടഞ്ഞ്‌ കരക്ക്‌ കയറി നിന്ന് നിലവിളിച്ചു. വെള്ളത്തിൽ തല പൊക്കി നിൽക്കുന്ന അതിനെ കണ്ടതും അവൾ പേടിച്ച് ഉറക്കെയുറക്കെ അലറിക്കരഞ്ഞു. അവളുടെ കരച്ചിൽ കേട്ടിട്ടാകണം താഴത്തെ കടവിൽ നിന്ന് മറ്റവന്മാർ നീന്തി വരുന്നത് അതിന് കാണാമായിരുന്നു. അതിന് അവരോടുള്ള കലിപ്പ് ഇപ്പോഴും മാറിയിട്ടില്ല. അത് സ്വയം അവളുടെ സംരക്ഷകന്റെ സ്ഥാനം ഏറ്റെടുത്തു കൊണ്ട് രണ്ടും കൽപ്പിച്ച് ഇല്ലാത്ത പത്തിയും വിടർത്തി അവന്മാരെ എതിരിടാൻ തീരുമാനിച്ചു. ജാനകിയുടെ അലമുറയിട്ട കരച്ചിൽ പെരുമഴയുടെ ആർത്തലച്ച ശബ്ദത്തിലും ചുറ്റും പൊന്ത പിടിച്ചു പടർന്ന് കിടന്നിരുന്ന വള്ളി മരങ്ങൾക്കും ഇടയിൽ അലിഞ്ഞില്ലാതെയായി.
അവർ നീന്തി ജാനകിയുടെ കടവിലേക്ക് എത്തിയതും നീർക്കോലി അതിന്റെ പരമാവധി ശൗര്യം പുറത്തെടുത്തു. ജാനകിയെ ഏതു വിധേനയും സംരക്ഷിക്കാൻ ആയിരുന്നു അപ്പോഴും അതിന്റെ തിടുക്കം. ഊളിയിട്ടു ചെന്ന് അവന്മാരിൽ ഒരാളുടെ കാലിൽ ചുറ്റിപ്പിണഞ്ഞ് കടിച്ചു. അവന്റെ കാൽ വഴി തല ഭാഗത്തേക്ക് ഇഴഞ്ഞു കേറാനുള്ള ശ്രമത്തിനിടയിൽ കൂട്ടത്തിലെ മറ്റവൻ ഏതോ ഒരു വള്ളി കൊണ്ട് അതിന്റെ കഴുത്തിൽ ഒരു കുടുക്കിട്ടു വലിച്ചു. നീർക്കോലിയുടെ യുദ്ധം അവസാനിക്കുകയായിരുന്നു അവിടെ. അതിന്റെ കണ്ണ് പുറത്തേക്ക് തള്ളി വന്നു. നാക്ക് ശക്തിയില്ലാതെ പുറത്തേക്ക് കുഴഞ്ഞു വീണു കിടന്നു . കഴുത്തിനു വണ്ണം കുറഞ്ഞു. അവർ അതിനെ തൂക്കിയെടുത്ത് നിലത്തടിച്ചു. അതിന്റെ ഒരു കണ്ണ് വെള്ളത്തിലേക്ക്‌ തെറിച്ച് പോയി. അപ്പോഴും ജാനകിയുടെ ഉച്ചത്തിലുള്ള ശബ്ദം അതിന് കേൾക്കാമായിരുന്നു. അതിന്റെ വാലറ്റം ജീവന് വേണ്ടി അപ്പോഴും പോരാടുകയായിരുന്നു. അവർ അതിനെ ആ കുടുക്ക് സഹിതം വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. അതിന് നീന്താൻ സാധിക്കുന്നില്ലായിരുന്നു. വെള്ളത്തിലേക്ക് മുങ്ങിപ്പോയി അത്.
ഉയിർത്തെഴുന്നേൽക്കാനുള്ള ഒരു അവസാന ശ്രമത്തിൽ അത് വെള്ളത്തിന്‌ മുകളിലേക്ക് പൊങ്ങി വന്നു. എതയുടെ നനഞ്ഞ മണ്ണിൽ പറ്റിപ്പിടിച്ചു കിടക്കാൻ ശ്രമിക്കുകയാണ് അത്. പക്ഷേ അതിന്റെ മിനുസമുള്ള ശരീരം ആ ശ്രമങ്ങളെ വിഫലമാക്കിക്കൊണ്ടേയിരുന്നു. ജാനകിയുടെ കടവിൽ നിന്ന് എത്ര ദൂരം താഴോട്ട് അത് ഒലിച്ചു നീങ്ങി എന്നറിയില്ല. എന്നാലും അത് അതിന്റെ ശേഷിക്കുന്ന ഒറ്റക്കണ്ണ്‍ കൊണ്ട് ജാനകിയെ തിരഞ്ഞു കൊണ്ടേയിരുന്നു.
മഴ അവസാനിച്ചു. ശാന്തമായെങ്കിലും ഇരുകരകളെയും ശക്തിയായി ഉരസിക്കൊണ്ട് വേഗത്തിൽ എങ്ങോട്ടോ നിറഞ്ഞൊഴുകുകയാണ് പുഴ. എതയുടെ മുകളിൽ നിന്ന് താഴേക്ക് മെല്ലെ മെല്ലെ ഇറങ്ങി വന്ന തവള അതിന്റെ ചുറ്റുപാടും കണ്ണ്‍ തുറിച്ചു നോക്കി. താഴത്തെ കടവിലും മുകളിലെ കടവിലും ആളനക്കമില്ല. പോക്രോം പോക്രോം എന്ന പതിവ് ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അത് വെള്ളത്തിലേക്ക് സധൈര്യം എടുത്ത് ചാടി.
നീർക്കോലിയുടെ തെറിച്ചു പോയ കണ്ണ്‍ അതിന്റെ പകുതി ജീവനുള്ള ശരീരത്തിന് സമീപം എങ്ങിനെയോ ഒഴുകി എത്തിയിരിക്കുന്നു. ചാകുന്നതിനു മുൻപ് എന്തെങ്കിലും ഭക്ഷിക്കാനുള്ള ആഗ്രഹത്താൽ അത് അതിന്റെ ചലനമറ്റ കണ്ണ് തന്നെ വിഴുങ്ങുകയുണ്ടായി. അൽപ്പ സമയത്തിന് ശേഷം അതിന്റെ ജീവൻ പൂർണ്ണമായും നിലച്ചു.
അത്രയും നേരം എതയുടെ നനഞ്ഞ മണ്ണിൽ പതിഞ്ഞിരുന്നിരുന്ന അതിന്റെ ശരീരം വീണ്ടും വെള്ളത്തിലേക്ക് ആണ്ടു പോയി. ജീവനില്ലാത്ത മറ്റൊരു ശരീരം കൂടി വെള്ളത്തിനടിയിൽ മണലിനോട്‌ ഉരസി നീങ്ങുന്നുണ്ടായിരുന്നു അപ്പോൾ. ആ രണ്ടു ജീവനില്ലാത്ത ശരീരങ്ങളും വെള്ളത്തിനടിയിൽ വച്ച് ഉരുണ്ടു കൂടി മെല്ലെ മെല്ലെ നീങ്ങി മറഞ്ഞു. നാളെ അവർ ഭാരമില്ലാത്ത ശരീരങ്ങളായി മറ്റെവിടെയെങ്കിലും പൊങ്ങി വന്നാലും അവർ തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തിന്റെ കഥ ആരും അറിഞ്ഞു കൊള്ളണം എന്നില്ല. അതൊരു രഹസ്യമായി കാത്ത് സൂക്ഷിക്കാൻ പ്രകൃതി ഒരാളെ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട് പക്ഷെ.
-pravin-

Tuesday, February 2, 2016

ദൈവത്തെയോർത്ത് ..
ദൈവത്തോട് പറയാനുള്ളത് 


തട്ടുംപുറത്തിരുന്നു സദാ 
മനുഷ്യരുടെ നന്മ തിന്മകളുടെ 
കണക്ക് എഴുതി തീർക്കാനുള്ളതല്ല 
ദൈവമേ നിന്റെ ജീവിതം. 
അൽപ്പ സമയം ജന്തു ജാലങ്ങളുടെ
കാര്യവും പിന്നെ സമയം കിട്ടുമെങ്കിൽ
അവനവന്റെ കാര്യം കൂടി 
നോക്കുന്നതാകും ഇനിയങ്ങോട്ട് നല്ലത്. 
മനുഷ്യമാരിനി നിങ്ങളെ പേടിച്ച് 
നന്നാകാനൊന്നും പോകുന്നില്ല. 
നിങ്ങളെ പേടിച്ച് ജീവിച്ചാ 
അവരിത്രേം കേടായത്. 


റഫറി 

പാപവും പുണ്യവും തമ്മിൽ 
പണ്ടൊരു ചെറിയ കശപിശ നടന്നപ്പോൾ 
തമ്മിൽ തല്ലി തീരുമാനിക്കാൻ പറഞ്ഞു ദൈവം. 
ജയിക്കുന്നവന് മുന്നിൽ തോൽക്കുന്നവൻ 
അടിമപ്പെടാനായിരുന്നു ദൈവം കൽപ്പിച്ചത്. 
അടി തുടങ്ങി കാലങ്ങളായിട്ടും ആരും 
ജയിക്കുന്നുമില്ല തോൽക്കുന്നുമില്ല. 
അങ്ങിനെ ദൈവത്തിന് ഒരു സ്ഥിരം ജോലിയായി- റഫറി.

ദൈവം 


മനുഷ്യരുടെ വിശ്വാസം മുഴുവൻ
മതങ്ങൾ കൈയ്യടക്കിയപ്പോൾ
ദൈവത്തെ വിശ്വസിക്കാൻ ആരുമില്ലാതായി.
അങ്ങിനെ ദൈവം അനാഥനായി.
സർവ്വശക്തനായ ആ ദൈവം പ്രപഞ്ചത്തിന്റെ
ഏതോ ഇരുളടഞ്ഞ കോണിൽ
ആരാരും തിരിച്ചറിയാതെ ഇന്നും 
അജ്ഞാത വാസം തുടരുകയാണ്.


ദൈവം  മനുഷ്യനാകുമ്പോൾ  


ദൈവം കോപിക്കുമായിരിക്കും 
പക്ഷേ ഒരിക്കലും അസഹിഷ്ണു ആകില്ല. 
അസഹിഷ്ണുത മൂലം കോപിതനാകുന്ന 
ഒന്നിനെ ദൈവം 
എന്ന് വിളിക്കുന്നതിലും 
നല്ലത് മനുഷ്യൻ 
എന്ന് വിളിക്കുന്നതാണ്.

ആൾ ദൈവങ്ങൾ മനുഷ്യരുടെ 
സംപ്രീതി പിടിച്ചു പറ്റുമ്പോൾ 
ചില മത ദൈവങ്ങൾ മനുഷ്യനെപ്പോലെ 
പെരുമാറി സ്വയം ചെറുതാകുന്നു. 


-pravin-

Sunday, December 6, 2015

ഗർഭസ്ഥൻ

ഇത് മാത്രമാണെന്റെ ലോകം 
എന്ന് പറഞ്ഞു കൊണ്ടവൻ 
അമ്മയുടെ ഗർഭ പാത്രത്തിൽ 
ചുരുണ്ട് കൂടി കിടന്നു. 

മറ്റൊരു ലോകമേ ഇല്ലെനിക്കെന്ന് 
ആരോടൊക്കെയോ വാദിച്ചു 
ജയിക്കാൻ ശ്രമിക്കവെ അവന് 
കണ്ണും മൂക്കും വായും ഉടലും രൂപപ്പെട്ടു. 

മാസങ്ങൾക്ക് ശേഷം അവൻ 
മറ്റൊരു ലോകത്തിലേക്ക് പിറന്നു വീണു കരഞ്ഞു. 
അമ്മ  അമ്മിഞ്ഞപ്പാൽ നൽകിയപ്പോൾ 
ചിന്തിക്കാൻ നിൽക്കാതെ അവൻ അത് വേഗം കുടിച്ചു. 

അവൻ കുറച്ച് വളർന്നു പിന്നീട്.  

ഒക്കത്ത് വച്ച് ചോറുരുള നൽകുമ്പോൾ
അവൻ കരയാതിരിക്കാൻ അമ്മ പലതും പറഞ്ഞു. 
ചോറുരുള വേഗം കഴിച്ചു കൊണ്ട് 
അവൻ അമ്മയെ അനുസരിച്ചു. 

അവൻ പിന്നെയും കുറച്ച് വളർന്നു. 

വികൃതി കാണിക്കാതിരിക്കാനായി 
അമ്മ അവന്  സ്വർഗ്ഗ നരകങ്ങളുടെ കഥ 
പറഞ്ഞു കൊടുക്കുമായിരുന്നെങ്കിലും 
അവൻ വികൃതി കുട്ടിയായി  തന്നെ വളർന്നു. 

അവൻ പിന്നെയും പിന്നെയും വളർന്നു. 

അമ്മക്ക് അവനെ പിടിച്ചാൽ കിട്ടാതായി. 
അവൻ അമ്മയെ അനുസരിക്കാതെയായി. 
സംശയങ്ങൾക്കുമപ്പുറം അവൻ അമ്മയോട് 
മറ്റെന്തൊക്കെയോ ചോദിച്ചു കൊണ്ടേയിരുന്നു. 

അമ്പിളി മാമനെ  കാണിച്ചു അവനെ കൊതിപ്പിക്കാനോ 
അതിശയിപ്പിക്കാനോ അമ്മക്കിപ്പോൾ കഴിയുന്നില്ല. 
കോക്കാച്ചി പിടിക്കും എന്ന് പറഞ്ഞ് അവനെ 
പണ്ടത്തെ പോലെ പേടിപ്പിക്കാനും അമ്മക്ക് കഴിയുന്നില്ല. 

അവൻ ഇപ്പോൾ അത്രക്കും വളർന്നു കഴിഞ്ഞിരിക്കുന്നു. 

തെറ്റ് ചെയ്തവർ നരകത്തിൽ പോകുമത്രേ 
നല്ലത് ചെയ്തവർ സ്വർഗ്ഗത്തിലും. 
ആരു പറഞ്ഞു ഈ വിഡ്ഢിത്തരമൊക്കെയെന്ന് 
അവൻ അമ്മയോട് ഇടയ്ക്കിടെ ചോദിച്ചു. 

അമ്മക്ക് മറുപടിയില്ലാതാകുമ്പോൾ 
അവൻ സ്വയം മറന്നു സന്തോഷിച്ചു. 

ഈ ഭൂമി മാത്രമാണ് ആകെയുള്ള  ലോകം.
ഈശ്വരനുമില്ല ചെകുത്താനുമില്ല. 
ഉണ്ടെങ്കിൽ തന്നെ എനിക്കതിലൊന്നും 
പേടിയുമില്ലെന്നവൻ  ആവർത്തിച്ചു പറഞ്ഞു. 

അങ്ങിനെ ഓരോന്നും  പറഞ്ഞ് കൊണ്ട്  അമ്മയെ തിരുത്തവേ 
ഇനിയും ജനിച്ചിട്ടില്ലാത്ത അവനിലെ  ഗർഭസ്ഥൻ 
അടുത്ത ലോകത്തേക്കുള്ള രൂപ മാറ്റത്തിന് 
തയ്യാറെടുക്കകയായിരുന്നു. 

-pravin-

Tuesday, November 3, 2015

തമ്പാന്‍ ചരിതം - കോളേജ് ഓര്‍മ്മകള്‍ - 4

ഞങ്ങള്‍ കോളേജ് ഹോസ്റ്റലില്‍ താമസം തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അപ്പോഴും  മറ്റു മുറികളിലൊന്നും ആളുകള്‍ വന്നിട്ടില്ലായിരുന്നു. വന്നിട്ട് കുറച്ച് ദിവസങ്ങളേ  ആയിട്ടുള്ളൂ എന്നത് കൊണ്ടാകാം  കമാലും രൂപേഷും റിയാസുമൊന്നും സ്വന്തം  റൂം വിട്ട്  പുറത്തിറങ്ങാന്‍ വല്യ താല്‍പ്പര്യം കാണിക്കാറുണ്ടായിരുന്നില്ല.  അതേ സമയം ഞാനാകട്ടെ  എല്ലാ റൂമിലും പോയി എത്തി നോക്കുന്ന സ്വഭാവത്തിലും ആയിരുന്നു. അന്ന് തമ്പിയും നിധിന്‍ സാമിയും മാത്രമേ ഞങ്ങള്‍ക്ക് അവിടത്തെ കൂട്ടുകാരായിട്ടുള്ളൂ. ഒരു ദിവസം ഞാന്‍ തമ്പിയുടെ റൂമില്‍ പോയി ഇരിക്കുന്ന സമയത്താണ് ആ റൂമിലേക്ക്‌ രണ്ടു പുതിയ ആളുകള്‍ വന്നത്. ഞാൻ  അവരെ അവിടെ വച്ച് തന്നെ പരിചയപ്പെട്ടു. ഒരാള്‍ വയനാട്ടില്‍ നിന്നും, മറ്റെയാള്‍ പത്തനംതിട്ടയില്‍ നിന്നും. ഒരാള്‍ വക്കീലാണെന്നു പറഞ്ഞിട്ട് എനിക്ക് വല്യ ബോധ്യമൊന്നുമായില്ല. അതിനുള്ള ഒരു ലുക്ക് അയാൾക്കുണ്ടായിരുന്നില്ല. മറ്റെയാള്‍ക്ക് പിന്നെ അഹങ്കാരമൊന്നുമില്ല. ഓ തനിക്കങ്ങനെ പ്രത്യകിച്ചു പണിയൊന്നുമില്ല എന്ന മട്ടില്‍ കൈയിലെ ഭാണ്ഡവും  പിടിച്ചു റൂമെല്ലാം വൃത്തി ഉള്ളതാണോ എന്ന് നോക്കുന്ന തിരക്കിലായിരുന്നു പുള്ളി. ഞാന്‍ അല്‍പ്പ നേരത്തിനു ശേഷം എന്‍റെ റൂമിലേക്ക്‌ പോയി. 


'ഡാ തമ്പിയുടെ റൂമില്‍ ഒരു വയനാടന്‍ തമ്പാനും ഒരു വക്കീലും വന്നിരിക്കുന്നു .. ' ഞാന്‍ പറഞ്ഞു. 


' തമ്പാനോ? ' കമാല്‍ ചോദിച്ചു. 


'അതെഡാ , അവന്‍ വയനാട്ടിലെ ഏതോ വല്യ  തറവാട്ടില്‍ പിറന്നവനാണെന്ന്  തോന്നുന്നു കണ്ടിട്ട് ' ഞാന്‍ ഒരൽപ്പം  പരിഹാസത്തോടെ പറഞ്ഞു. 

സത്യത്തില്‍ വക്കീലിന്റെ സ്ഥലം വയനാട് എന്നുള്ളത് മറന്നാണ് മറ്റേ  പുള്ളിയുടെ സ്ഥലം വയനാടായി പറഞ്ഞത്. ആ ദിവസം തന്നെ പുള്ളിയെ വീണ്ടും കണ്ടപ്പോൾ  വയനാട്ടില്‍ എവിടാണ് എന്ന് ചോദിച്ചപ്പോളാണ് എനിക്ക് പറ്റിയ ആ അക്കിടി  മനസിലായത്.  ബ്ലെസ്സന്‍ എന്ന അവന്റെ ഒറിജിനല്‍ പേരിനേക്കാളും അവനു ചേരുക  തമ്പാന്‍ എന്ന പേര് തന്നെയാണ്  തന്നെയാണ് എന്ന് ഞങ്ങള്‍ക്ക് തോന്നിയത് കൊണ്ടാകാം ഞങ്ങള്‍ അന്ന് മുതൽ അവനെ 'തമ്പാനേ..' എന്ന് വിളി തുടങ്ങി. അല്ലെങ്കിലും ഈ പേരിലൊക്കെ എന്തിരിക്കുന്നു എന്ന് അവനും തോന്നിക്കാണും. അത് കൊണ്ട് തന്നെ അവനും ആ വിളി ഇഷ്ടപ്പെട്ടു. 


അടുത്ത  ദിവസം വൈകീട്ട്   മുറിയിലേക്ക് എന്തോ സാധനങ്ങള്‍ വാങ്ങണം ഒന്ന് കൂടെ വരാമോ എന്ന് അവൻ എന്നോട് ചോദിച്ചു. ഓ അതിനെന്താ വരാമല്ലോ എന്ന് ഞാനും പറഞ്ഞു. അങ്ങിനെ ഞങ്ങ രണ്ടു പേരും കൂടി ശരവണംപട്ടിയിൽ തന്നെയുള്ള ഒരു കടയിലേക്ക് പോയി. 


'ഓ.. എന്നാ കാലാവസ്ഥയാ ഇവിടം.. സൂപ്പർ  സ്ഥലം തന്നിയാടോ ഇത്.. ' തമ്പാന്‍ അവിടത്തെ ചെറിയ തണുപ്പുള്ള കാറ്റ് കൊണ്ടപ്പോള്‍ പറഞ്ഞതാണ്. ഒരു കൈയില്‍ ബക്കറ്റും മറ്റു സാധനങ്ങളുമായി നില്‍ക്കുമ്പോഴാണ് ഹോസ്റ്റലിനു മുന്നിലായിട്ടു സീനിയര്‍ വിവേക് നില്‍ക്കുന്നത് കണ്ടത്. വെല്‍ക്കം പാര്‍ട്ടിക്ക് പൈസ എല്ലാവരും കൊടുക്കണം എന്നോ മറ്റോ പറയാന്‍ വേണ്ടി വന്നതായിരുന്നു അവന്‍. വന്ന സമയം  തൊട്ടേ സീനിയേര്‍സ് ബാച്ചുമായി വല്യ സുഖത്തിലില്ലായിരുന്നു ഞങ്ങളുടെ ബാച്ച് . ഞാന്‍ ആ വക കാര്യങ്ങളൊക്കെ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു തമ്പാനെ  പേടിപ്പിച്ചു വച്ചിരുന്നത് കൊണ്ടോ എന്തോ അവനെ കണ്ട ഉടൻ തമ്പാന്‍ ഒന്ന് പതറി. ഞാന്‍ ഒരിത്തിരി വിട്ടു നില്‍ക്കുകയായിരുന്നു. വിവേക് അവനു മുന്നിലായി ബൈക്ക് കൊണ്ട് നിര്‍ത്തിയിട്ടു സിനിമയിലെ വില്ലന്മാരെ പോലെ ഹെല്‍മറ്റ്  സാവധാനം ഊരി എടുത്തു. പിന്നെ തമ്പാന്‍ നില്‍ക്കുന്നതിനു തൊട്ടടുത്തേക്ക്  മുറുക്കാന്‍ പോലെ എന്തോ ഒരു സാധനം തുപ്പിയിട്ട് അവനോടു ചോദിച്ചു. 

"എന്താടെ നിന്റെ പേര് ? "


' ബ്ല .. ബ്ല.. ബ്ല.. ബ്ലാസ്സന്‍... ബ്ലസ്സന്‍ കോശി ' അവനാകെ പരിഭ്രമിച്ചു കൊണ്ട് പറഞ്ഞു. 


' എവിടാ സ്ഥലം '


' കുറച്ചു ദൂരെയാ. പത്തനംതിട്ടാ എന്ന് പറയും '


' ആ അറിയാം.. ഞാനും കേരളത്തില്‍ തന്നെയാടോ..പിന്നെ വെല്‍കം പാര്‍ട്ടിക്ക് ആക്റ്റീവ് ആയിട്ട് ഉണ്ടയിക്കോണം .. കേട്ടല്ലോ ..' വിവേക് അതൊരിത്തിരി ബലത്തിലാണ് പറഞ്ഞത്. 


' ഓ. അതിനെന്താ .. ഞങ്ങള്‍ ഉണ്ടാകും.. ചേട്ടായിയുടെ പേരെങ്ങനാ.. '


'വിവേക്. നിങ്ങളുടെ സീനിയര്‍ ആണ്.. എം. ഐ. ബി '


' ആ..ആ .. ചേട്ടായിയെ കുറിച്ച് ഞാന്‍ കേട്ടായിരുന്നു. '


'ഹും. അപ്പൊ ശരി കാണാം ' വിവേക് ബൈക്ക് എടുത്തു പറപ്പിച്ചങ്ങു പോയി. വിവേക് പോയപ്പോള്‍ തമ്പാന്റെ മുഖം അങ്ങ് മാറി. ഒരു പുച്ഛവും പരിഹാസവും കലര്‍ന്ന മുഖത്തോടെ തമ്പാന്‍ ഉറക്കെ പറഞ്ഞു. 


' പിന്നേ.. എന്‍റെ പട്ടി വരും ആക്റ്റീവ് ആയിട്ട്. ചുമ്മാതല്ല ഇവനൊക്കെ ഇങ്ങനെ വഷളായത്..എന്നാ മുടിഞ്ഞ പോക്കാണ് അവനാ ബൈക്ക് എടുത്തു പോയത്..ഒക്കെ പണക്കാരന്റെ ഹുങ്കാണ്..' 


ബൈക്കുമായി ദൂരേക്ക് പാഞ്ഞു പോകുന്ന വിവേകിനെ ഞാൻ ഒന്ന് മെല്ലെ പാളി  നോക്കി.. ഇല്ല അവനൊന്നും സംഭവിച്ചിട്ടില്ല. തമ്പാന്റെ നാക്കിനു കുഴപ്പമൊന്നുമില്ല  .. പക്ഷേ  അവന്റെ വാക്കുകള്‍ അങ്ങനെ ഒരു ശ്രുതി മുഴക്കുന്നതായിരുന്നു. 


' എന്നാലും എന്‍റെ തമ്പാനെ, നിനക്കിത്രക്ക്  ധൈര്യമേ ഉള്ളൂ.. അവന്റെ മുന്നില്‍ ബ ബ ബ പറയുന്നത് കണ്ടിട്ട്.. അയ്യേ.. ' ഞാന്‍ അവനെ കളിയാക്കി. 


' അല്ല പിന്നെ. ഞാന്‍ അവന്‍ വല്ല മൊടയും ഇടുമോ എന്നറിയാന്‍ ടെസ്റ്റ്‌ ചെയ്തതല്ലേ .. എനിക്കങ്ങു ചൊറിഞ്ഞു വന്നതാ..പിന്നെ ഇവന്മാരെ ഒന്നും വല്ലാതെ വെറുപ്പിക്കാനും കൊള്ളത്തി ല്ലാന്നെ. നാളെ നമുക്ക് വല്ല പുസ്തകോം പറീം വാങ്ങാന്‍ ഇവറ്റങ്ങളുടെ അടുതോട്ടു തന്ന പോകേണ്ടി വരുവാ .. അതാ പിന്നെ ഞാന്‍.. ' 


തമ്പാന്‍ ആള് കൊള്ളാമല്ലോ. കൌശലക്കാരാ.. ഞാന്‍ ചിന്തിച്ചു. 


പിന്നെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ഗുല്‍ഷന്‍ സിജി തമ്പാന്റെ റൂമില്‍ വരുന്നത്. ഒരു വട്ടു കേസ് പോലെ പെരുമാറി കൊണ്ട്ടാണ് സിജി രംഗപ്രവേശം ചെയ്തത്. തമ്പാന്റെ സുകൃതക്ഷയം, ആ റൂമില്‍ തന്നെ സിജി കയറി കൂടി. സിജിയെ ഒരു അപൂര്‍വ ജീവിയെ കാണുന്ന പോലെ സന്തോഷത്തിൽ എല്ലാവരും ബക്കറ്റിലും ടിന്നിലുമൊക്കെ  കൊട്ടിപ്പാടിക്കൊണ്ടാണ് വരവേറ്റത്. ആ വക കാര്യങ്ങളില്‍ ചുക്കാന്‍ പിടിക്കാന്‍ പശു എന്ന് വിളിക്കുന്ന പ്രശാന്തിനാണ് കൂടുതല്‍ താല്പര്യം. പശു എന്നോട് പറഞ്ഞിട്ടാണ് ഞാന്‍ മുറിക്കു പുറത്തു വന്നു സിജിയെ പരിചയപ്പെടുന്നത്. സത്യം പറയാല്ലോ, അന്ന് ആദ്യം കണ്ടപ്പോള്‍ അവനൊരു ചെറിയ പിരിയിളക്കം ഉള്ളതായി എനിക്കും തോന്നി . പക്ഷെ സത്യത്തിൽ സിജി നമ്മളെക്കാളും നോര്‍മല്‍ ആയിരുന്നു. എന്നാൽ അവനങ്ങിനെ പെരുമാറാതെ തനിക്ക് ചുറ്റും  ചുറ്റും ടിന്‍ കൊട്ടി പ്രോത്സാഹിപ്പിക്കുന്ന പശുവിനെയും മറ്റും സന്തോഷിപ്പിച്ചു കൊണ്ട് ഹോസ്റ്റല്‍ ഇടനാഴിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട്   നൃത്തമാടിയാണ് റൂമിലേക്ക് കയറിയത്. ഭാഗ്യം അന്ന് വാര്‍ഡന്‍ ഇല്ലായിരുന്നു. 


സിജി താമസം തുടങ്ങിയ കുറച്ചു നാളുകള്‍ക്കുള്ളില്‍ തമ്പാന്‍ ആ റൂം വിട്ട് ജീവനും കൊണ്ട് ബാലുവും സേവിയറും താമസിക്കുന്ന റൂമിലേക്ക്‌ ചേക്കേറി പാര്‍ത്തു. അടുത്ത ദിവസം തമ്പാന് പനി പിടിച്ചു. തമ്പാനെ കാണാന്‍ ചെന്ന ഞാന്‍ കാര്യങ്ങള്‍ ഒക്കെ തിരക്കി.

' എന്നാ പറയാനാ.. ആ ഉണ്ടക്കണ്ണന്‍ സിജിയുടെ കൂടെ പറ്റത്തില്ല അളിയോ.. ഇന്നലെ ഞാന്‍ ഭാഗ്യം കൊണ്ടാ രക്ഷപെട്ടത്. എന്‍റെ ബെഡിനു മുകളിലത്തെ സ്പേസിലാ  അവന്‍ കിടക്കുന്നത്. അവിടെ ഇരുന്നു കൊണ്ട് എന്‍റെ മേലോട്ട് ധാ ഇപ്പൊ വാള് വക്കും  നിന്റെ മേലോട്ട് എന്ന് പറഞ്ഞു ഓരോ വൃത്തി കെട്ട  ശബ്ദം ഉണ്ടാക്കി മനുഷ്യനെ പേടിപ്പിക്കുവാ ..ചുമ്മാ.. ഓരോ വട്ടു കേസുകള്.. ' തമ്പാന്‍ പനിയുടെ കുളിരിലും ദ്വേഷ്യം വന്നിട്ട് പറഞ്ഞു. 


അപ്പോളാണ് തമ്പാനെ തിരികെ റൂമിലേക്ക്‌ വിളിക്കാന്‍ സിജി മാപ്പുമായി അവിടേക്ക് വരുന്നത്. അവനെ കണ്ടതും തമ്പാന്‍ നിശബ്ദനായി. 


'തമ്പാനെ  നീ ഇന്നലെ ഞാന്‍ ഒരു തമാശ കാണിച്ചപ്പോഴേക്കും റൂം മാറിയതെന്തിനാ? വാ അങ്ങോട്ട്‌ തന്നെ പോകാം..'


പക്ഷെ തമ്പാനുണ്ടോ ഇനി അങ്ങോട്ട്‌ പോകുന്നു. കൊന്നാലും അങ്ങോട്ടിനി ഇല്ലാ എന്ന മട്ടില്‍ തമ്പാന്‍ പറഞ്ഞു. ' സാരമില്ല  ഇവ്ടം ആവുമ്പോ ബാലുവിന് ഒരു കൂട്ടാകുമല്ലോ എന്ന് കരുതിയാ.. അല്ലാതെ നിന്നോടുള്ള പ്രശ്നം കൊണ്ടൊന്നുമല്ല.. ' തമ്പാന്‍ സിജിയെ പറഞ്ഞു മനസിലാക്കിപ്പിച്ചു. സിജി പോയതിനു ശേഷം തമ്പാന്‍ എന്നോട്  പറഞ്ഞു ' പിന്നെ എന്‍റെ പട്ടി പോകും ഇനി അങ്ങോട്ട്‌ ...അല്ല പിന്നെ '. 


'അത് ശരി .. അപ്പൊ ഈ പറച്ചില്‍ സ്ഥിരം ആണല്ലേ.. ഇക്കണക്കിനു ഞാന്‍ ഇവിടുന്നു പോയാല്‍ എന്നെ കുറിച്ചും പറയുമല്ലോ ഇങ്ങനെ ഒക്കെ ..' ഞാന്‍ എന്‍റെ സംശയം അവതരിപ്പിച്ചു. 


' ഓ. ഇതൊക്കെ ഞാന്‍ ചുമ്മാ ഒരു തമാശക്ക് പറയുന്നതാന്നെ.. എന്‍റെ ഒരു സ്വഭാവം അങ്ങനെ ഒക്കെയാ. ' അത് ശരിയായിരുന്നു. തമ്പാന്‍ മുന്നും പിന്നും നോക്കാതെ ഓരോന്നിങ്ങനെ പുലമ്പിയിരുന്നു എന്നല്ലാതെ മനസ്സില്‍ ഒന്നും ഇല്ലായിരുന്നു. 


ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സര്‍വ വിജ്ഞാന കോശം ചേതനും, പശുവും, ശരത്തും, ജോണിയുമെല്ലാം തമ്പാനെ കാണാന്‍ വന്നിരുന്നു. സര്‍വ വിജ്ഞാന കോശമായ ചേതന്റെ (അവനെ കുറിച്ച് പിന്നെ പറയാം )  കത്തി തുടങ്ങിയപ്പോള്‍ ഞാന്‍ അവിടെ നിന്നും മെല്ലെ വലിഞ്ഞു. 


ആ സൌഹൃദങ്ങള്‍ എല്ലാം പിന്നെ വളര്‍ന്നു വലുതായി. കോളേജ് പരീക്ഷകള്‍ തുടങ്ങുന്നതിനു മുന്‍പ് ഒരിക്കല്‍ തമ്പാന്‍ എന്‍റെ നാടും പുഴയും എല്ലാം കാണാന്‍ വേണ്ടി വന്നതും, പരീക്ഷകള്‍ കഴിഞ്ഞ അതേ  ദിവസം ഞാനും തമ്പാനും ചേതനും കൂടി ഊട്ടിയിലേക്ക് പോയതുമെല്ലാം ഞങ്ങള്‍ക്കിടയിലെ സൌഹൃദങ്ങളുടെ വളര്‍ച്ചക്ക് കൂടുതല്‍ വഴിയൊരുക്കി. കോളേജ് വിട്ടതിനു ശേഷം ഇന്നും ആ ബന്ധങ്ങള്‍ മുറിഞ്ഞു പോകാതെ സൂക്ഷിക്കുന്ന എന്‍റെ മറ്റൊരു നല്ല സുഹൃത്ത്‌ കൂടിയാണ്  തമ്പാന്‍.                 2008 ഏപ്രിൽ -  ഞാനും തമ്പാനും ഊട്ടിയിൽ. ക്ലിക്ക് ചേതൻ വക 

മറ്റു ചില കോളേജ് ഓർമ്മകൾ വായിക്കാൻ താഴത്തെ ലിങ്കുകളിൽ ക്ലിക്കുക

കോയമ്പത്തൂര്‍ നഗരത്തിലൂടെ ഒരു പാതിരാ യാത്ര- കോളേജ് ഓര്‍മ്മകള്‍ - 1

-pravin-

Saturday, October 17, 2015

പശു ഒരു ഭീകര ജീവിയാണ്

തലമുറ തലമുറകളായി  കാട്ടിലായിരുന്നു ഞങ്ങളുടെ  താമസം.  അങ്ങിനെയിരിക്കേ നാട്ടിലേക്ക് ഒന്ന്  മാറി താമസിച്ചാലോ എന്ന് ഞങ്ങളിൽ ചിലർക്ക് ഒരാഗ്രഹം തോന്നി. കാട് മനുഷ്യന്റെയല്ലെന്നും  ജന്തുക്കളുടെ മാത്രമാണെന്നും  നാട്ടിൽ മനുഷ്യരോട് കൂടെയാണ്  മനുഷ്യർ  ജീവിക്കേണ്ടതെന്നുമൊക്കെയുള്ള   അഭിപ്രായങ്ങൾ  ഉയർന്ന സാഹചര്യത്തിൽ നാട്ടിലെ സ്ഥിതിഗതികൾ അന്വേഷിക്കാൻ നാട് വരെ ഒന്ന് പോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. രണ്ടു മൂന്നു ദിവസത്തെ നീണ്ട യാത്രയുള്ളതിനാൽ വഴി മദ്ധ്യേ ഭക്ഷണം പാകം ചെയ്ത് കഴിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള ഒരുക്കങ്ങളോടെയായിരുന്നു യാത്ര. 

കാടിനോടും വന്യജീവികളോടും  വിട പറഞ്ഞു കൊണ്ട് യാത്ര തുടങ്ങിയപ്പോൾ   ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും യാത്രയുടെ ഉദ്ദേശ്യത്തെ കുറിച്ച് ആലോചിച്ചപ്പോൾ  മനസ്സിന്  ഒരാശ്വാസം. എത്രയായാലും നാട്ടിലെ മനുഷ്യരുടെ കൂടെയുള്ള സഹവാസം സാധ്യമെന്ന് തോന്നിയാൽ  താൽപ്പര്യമുള്ളവർക്കെങ്കിലും നാട്ടിലേക്ക് മാറി താമസിക്കാമല്ലോ. നാട്ടിൽ എത്തിയ ഞങ്ങൾക്ക് അവിടത്തെ സിസ്റ്റത്തെ കുറിച്ചൊന്നും വലിയ അറിവില്ലായിരുന്നു. ഞങ്ങൾ ഭൂമി വിട്ട് മറ്റൊരു ഗ്രഹത്തിൽ എത്തിയ പോലെ കാഴ്ചകൾ കണ്ട് നടന്നു.  വഴിയിൽ കാണുന്നവരൊക്കെ ഞങ്ങളെ വിചിത്രമായി നോക്കി. അങ്ങിനെ നോക്കുന്നതിൽ കുറ്റം പറയാനില്ല. കാരണം ഞങ്ങളുടെ വേഷം അങ്ങിനെയായിരുന്നു. അവർ ഞങ്ങളെ മുഖം ചുളിച്ചു കൊണ്ട് നോക്കിയപ്പോൾ ഞങ്ങൾ മൂക്ക് പൊത്തിപ്പിടിച്ചു നടക്കുകയായിരുന്നു. അത്രക്കും അസഹനീയമായ നാറ്റമായിരുന്നു വഴിയരികിൽ. 

വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു നീങ്ങുന്ന ആളുകൾക്കിടയിൽ അത്ര തന്നെ തിരക്കോടെ ഓടിക്കളിക്കുന്ന നായ്ക്കളെ കാണാമായിരുന്നു. കാട്ടിലെ ചെന്നായ്ക്കളെ എത്രയോ സ്നേഹത്തോടെ ഞാൻ  തീറ്റിയിരിക്കുന്നു. ആ ഓർമ്മയിൽ കയ്യിലെ ഭാണ്ഡത്തിൽ നിന്ന് ഒരൽപ്പം മാംസം എടുത്ത് വഴിയരികിലെ ഒരു നായക്ക്  എറിഞ്ഞു കൊടുത്തതും ബാക്കിയുള്ള നായ്ക്കളെല്ലാം  കൂടെ ഞങ്ങൾക്ക് നേരെ പല്ലിറുമ്മി കൊണ്ട് ഓടി വന്നു.  ഞങ്ങളുടെ മേലേക്ക് ചാടി വീണ പലതിനെയും  കൈയ്യിലുണ്ടായിരുന്ന  വടി കൊണ്ട് തുരത്തിയെങ്കിലും  ഞങ്ങൾക്ക് സാരമായി തന്നെ മുറിവേറ്റു. ഇതെന്തൊരു നാട്, ഇത്രയും കോലാഹലങ്ങൾ ഇവിടെ  നടന്നിട്ടും ആരും ഒന്ന് തിരിഞ്ഞു നോക്കുന്നു പോലുമില്ല. ഇതൊക്കെയെത്ര  കണ്ടിരിക്കുന്നു എന്ന മട്ടിലാണ് എല്ലാവരുടെയും  ഭാവം.  

എന്തോ ആവട്ടെ വിശ്രമിക്കാൻ ഒരിടം കണ്ടെത്തിയ സന്തോഷത്തിൽ വഴിയരികിലെ വലിയ മാവിൻ ചുവട്ടിൽ ഇരുന്നതായിരുന്നു ഞങ്ങൾ. വിരിപ്പെല്ലാം വിരിച്ച് ഭാണ്ഡത്തിൽ നിന്നും കഴിക്കാനുള്ളത് പുറത്തെടുക്കവേ നാട്ടുകാരിൽ ചിലർ ഞങ്ങളെ വളരെ ഗൌരവത്തോടെ നോക്കി നിൽപ്പുണ്ടായിരുന്നു. അവരെ  വക വക്കാതെ ഞങ്ങൾ അവിടെ തന്നെ അടുപ്പ് കൂട്ടി. അപ്പോഴേക്കും കുറേയധികം  നാട്ടുകാർ ഞങ്ങളെ വളഞ്ഞു കഴിഞ്ഞിരുന്നു. ഞങ്ങളുടെ ഭാണ്ഡം തുറക്കാനും അതിലുള്ള മാംസം പുറത്തിടാനും അവർ പറഞ്ഞു. പിന്നെ അധികം ചോദ്യം ചെയ്യലൊന്നും  ഉണ്ടായില്ല.  മരക്കഷ്ണങ്ങൾ കൊണ്ടും വലിയ പലക കൊണ്ടും അവർ ഞങ്ങളെ തല്ലിച്ചതച്ചു. ഒടുക്കം മാപ്പ് പറഞ്ഞു കൊണ്ട് വന്നിടത്തേക്ക് തന്നെ തിരിച്ചു പോകാൻ പറഞ്ഞു. കാര്യമെന്തെന്ന് അറിയില്ലെങ്കിലും വേദന കൊണ്ടും പേടി കൊണ്ടും ഞങ്ങൾ അത് സമ്മതിച്ചു.  ഞങ്ങൾ അവരോടു മാപ്പ് പറഞ്ഞപ്പോൾ അവർ ഒന്നിച്ച് ഒരേ സ്വരത്തിൽ പറഞ്ഞു. 

"ഞങ്ങളോടല്ല ..മാതാവിനോട് മാപ്പ് പറയുക" 

അപ്പോഴാണ്‌ ആ ജീവിയെ ഞങ്ങൾ ശ്രദ്ധിക്കുന്നത്. പേടിപ്പെടുത്തുന്ന രൂപം. വലിയ കൊമ്പുകൾ, വലിയ കണ്ണുകൾ , മൂക്കിനുള്ളിലൂടെ കടത്തി വിട്ട നീളമുള്ള ഒരു  ആഭരണം  അണിഞ്ഞിട്ടുണ്ട് അത്. കഴുത്തിൽ വലിയ മണിയും മാലയും  തൂക്കിയിട്ടിരിക്കുന്നു. നെറ്റിയിൽ ചുവപ്പ് കുറി നീട്ടി വരച്ചിരിക്കുന്നു. ആ ജീവിയെ എല്ലാവരും ബഹുമാനിച്ചു കൊണ്ട് അതിനെ തൊഴുത് നിൽക്കുന്നത് കണ്ടപ്പോൾ ഞങ്ങളും അത് പോലെ ചെയ്തു. ഞങ്ങൾ അതിനോട് മാപ്പ് പറയുമ്പോൾ അത് എന്തോ ചവച്ചരക്കുന്ന തിരക്കിലായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങളോട് അതൊന്നും മിണ്ടിയതുമില്ല. ശരീരമാസകലം വേദനയുമായി കാട്ടിലേക്ക് തന്നെ മടങ്ങുമ്പോൾ നാട്ടുകാരോട് മാതാവിന്റെ പേര് അന്വേഷിക്കാൻ ഞങ്ങൾ മറന്നില്ല. പശു എന്നാണ് പേരെങ്കിലും ഗോമാതാ എന്ന് വിളിക്കുന്നതാണ് ഉത്തമം എന്ന് അവർ പറഞ്ഞു തന്നു. ഞങ്ങളെ തല്ലിയ കൂട്ടത്തിലെ സന്മനസ്സുള്ളവരാകട്ടെ  പോകും വഴി ഞങ്ങൾക്ക് ഭക്ഷിക്കാനും കുടിക്കാനും ചാണകവും ഗോ മൂത്രവും ഏർപ്പാടാക്കി തരാനും മറന്നില്ല. 

പുലി, കടുവ, സിംഗം  എന്ന് തുടങ്ങി ഒരു വന്യജീവിയേയും പേടിക്കാതെ തന്നെ  അവരുടെ സാമ്രാജ്യത്തിൽ സസുഖം ജീവിച്ച ഞങ്ങൾക്ക് ഇപ്പോൾ പേടിക്കാൻ ഒരു ജീവിയുണ്ട് - ഗോ മാതാ. ആ രൂപം ഓർക്കുമ്പോഴേ മരണം നേരിട്ട് കാണുന്ന പ്രതീതിയാണ്. കാട്ടിലെത്തിയ ശേഷം കൂടെയുണ്ടായിരുന്നവർ ഗോമാതാവിനെ കുറിച്ചു അവിടെയുള്ളവർക്കും    വിവരിച്ചു കൊടുക്കുകയുണ്ടായി.  

"എന്താ അതിന്റെ ഒരു കൊമ്പും വാലും കണ്ണും ഒക്കെ ..കാട്ടുപോത്തൊന്നും ഒന്നുമല്ല .. ഹോ ഭീകര കാഴ്ചയാണ്. ശരിക്കും പേടിയാകും. പുലിയും കടുവയും സിംഗവുമൊക്കെയായി മല്ലിട്ട് ജയിക്കാൻ എളുപ്പമാണ്. പക്ഷേ ഈ ഗോ മാതാവിന്റെ  കാര്യത്തിൽ അതൊന്നും നടപ്പില്ല. സ്വന്തമായിട്ട് ഇത്രേം അംഗരക്ഷകരുള്ള  ഒരു ജീവിയെ ആദ്യമായിട്ടാ കാണുന്നത്. തൊടാൻ പോലും ഭയക്കും.  ശരിക്കും ഒരു ഭീകര ജീവി തന്നെ !! "

-pravin- 

Wednesday, September 2, 2015

നുഴഞ്ഞു കയറ്റം

രാജ്യങ്ങളിലേക്കെന്ന പോലെ 
ലോകങ്ങളിലേക്കിനി നുഴഞ്ഞു കയറണം. 
അതിർത്തീ രേഖകളില്ലാത്ത, 
കാവൽക്കാരില്ലാത്ത ലോകങ്ങളിലേക്ക് 
പ്രധാന കവാടങ്ങളിൽ കൂടി 
ഏകനായ് നുഴഞ്ഞു കയറണം.

ഏകനായ് ഏകനായ് മാത്രം 
നുഴഞ്ഞു  കയറണം.
പ്രകാശത്തെയും ശൂന്യതയേയും
മറി കടന്നു കൊണ്ട് അറ്റമില്ലാത്ത
ലോകങ്ങളിലേക്കങ്ങനെ യാത്ര തുടർന്ന്
കൊണ്ടേയിരിക്കണം.

ഭൂതവും  വർത്തമാനവും മറന്ന്
ഭാവിയിലേക്കുള്ള ഉറ്റു നോക്കലുകളില്ലാതെ
അജ്ഞാത ലോകങ്ങളിലേക്കങ്ങിനെ  നുഴഞ്ഞു കയറുമ്പോൾ
ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുക
കാവൽക്കാരും ചോദ്യ കർത്താക്കളും
നിയമപാലകരും ഭരണകൂടങ്ങളും ഒന്നുമില്ലാത്ത
സ്വാതന്ത്ര്യത്തിന്റെ പുതിയ  വ്യവസ്ഥിതിയെയായിരിക്കും.
-pravin-

Sunday, August 2, 2015

നിശബ്ദതക്ക് മൂർച്ചയേറുമ്പോൾ

ഏറ്റവും മൂർച്ചയേറിയ 
ശബ്ദം നിശബ്ദതക്കാണ് . 
അത് ചെവിയിലൂടെ 
ഇരച്ചു കയറി 
മനസ്സിനേയും തുരന്നു കൊണ്ട്‌ 
ആൾക്കൂട്ട ബഹളങ്ങളിലും 
ആഘോഷ ശബ്ദങ്ങളിലും ലയിക്കുന്നു . 
ആരും കേൾക്കാത്ത 
രോദന ശബ്ദങ്ങൾ മാത്രമാണ് 
അവിടെ നിശബ്ദതക്ക് 
ആശ്വാസവും കൂട്ടുമാകുന്നത് .
ആൾക്കൂട്ട - ആഘോഷ ബഹളങ്ങൾക്കിടയിൽ
ചില ശബ്ദതരംഗങ്ങൾക്ക് 
അത്രയേ പ്രസക്തിയുള്ളൂ 
എന്നാണ് കാലത്തിന്റെ പക്ഷം .
-pravin- 

Tuesday, July 14, 2015

ശൂന്യതയിൽ നിന്നും ശൂന്യതയിലേക്ക്

എല്ലാം ഒരു ശൂന്യതയിൽ 
നിന്നാണ് ഉണ്ടായതെന്ന് 
അറിഞ്ഞപ്പോൾ  ഞാൻ ആ 
ശൂന്യതയുടെ ഭാഗമായതായിരുന്നു. 
ശൂന്യതയുടെ സിദ്ധാന്തങ്ങൾ 
ഓരോരോന്നായി പഠിച്ചു.
എല്ലാം സർവ്വത്ര ശൂന്യമല്ലോ 
എന്ന്  തോന്നി തുടങ്ങിയപ്പോൾ 
ശൂന്യത എങ്ങിനെ ഉണ്ടായി 
എന്ന് ചിന്തിക്കാൻ തുടങ്ങി. 
അങ്ങിനെ പല കുറി 
ഇരുത്തി ചിന്തിച്ചപ്പോൾ 
ഞാൻ  ശൂന്യതക്കപ്പുറമുള്ള 
മഹാ ശൂന്യതയുടെ ഭാഗമായി. 
പിന്നെ മഹാശൂന്യതയുടെ സിദ്ധാന്തങ്ങളും  
ഓരോരോന്നായി പഠിച്ചു. 
അതും സർവ്വത്ര   മഹാശൂന്യമല്ലോ 
എന്ന് തോന്നി തുടങ്ങിയപ്പോൾ 
മനസ്സ് മടുത്തു പോയതായിരുന്നു.
പക്ഷേ ഇനിയുമെത്രയെത്ര ശൂന്യതകളുടെ 
ഭാഗമാകണം എന്ന് ചിന്തിച്ചപ്പോൾ 
ഞാൻ അനന്ത ശൂന്യതയുടെ 
ഭാഗമായി മാറുകയുണ്ടായി. 
എന്നാൽ അനന്ത ശൂന്യതയുടെ സിദ്ധാന്തങ്ങൾ 
പഠിക്കാൻ ഞാൻ ശ്രമിച്ചില്ല.
പകരം മനസ്സിൽ ഞാനേറ്റു 
പറഞ്ഞത് ഒന്ന് മാത്രം 
"എത്ര അർത്ഥ ശൂന്യമായ 
ശൂന്യതാ പഠനങ്ങൾ " 

-pravin-

Friday, June 5, 2015

ഒരു ബ്രോയിലർ കോഴിയുടെ സ്പോയിലർ ചിന്തകൾ

സമയം വൈകീട്ട് അഞ്ചു മണി ആയിക്കാണും. ഫാമിൽ ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തേക്ക് മാനേജരും കൂട്ടരും വന്നെത്തി നോക്കി. പരിചയമില്ലാത്ത മറ്റൊരാളും കൂടെയുണ്ടായിരുന്നു. അയാളോട് വില പറഞ്ഞുറപ്പിക്കുന്ന മാനേജരെ കണ്ടപ്പോൾ ഞങ്ങൾക്കൊരു കാര്യം മനസിലായി. ഞങ്ങൾ പുര നിറഞ്ഞിരിക്കുന്നു അഥവാ പ്രായപൂർത്തിയായിരിക്കുന്നു. ഇനി ജീവിക്കാൻ അവകാശമില്ല. ഞങ്ങൾ വിൽക്കപ്പെടാൻ പോകുന്നു. കാര്യം ഏകദേശം മനസിലായപ്പോൾ തന്നെ പലരും ഉച്ചത്തിൽ കരയാൻ തുടങ്ങി. ഇവരുടെയൊക്കെ കരച്ചിൽ കേട്ടാൽ തോന്നും മാനേജർ എല്ലാരെയും കൊല്ലാൻ പോകുകയാണെന്ന്. ഏതൊരു ബിസിനസ്സും ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശ്യം ലാഭം കിട്ടുക എന്നത് തന്നെയാണ്. അയാളും അത് ഭംഗിയായി നിർവ്വഹിക്കുന്നു എന്ന് മാത്രം. അതിലിത്ര കരയാനും പേടിക്കാനുമെന്തിരിക്കുന്നു ? എനിക്ക് മനസിലാകുന്നില്ലായിരുന്നു.

കോയമ്പത്തൂർ ഫാമിൽ നിന്നും യാത്ര തിരിക്കുമ്പോൾ ഞങ്ങൾക്ക്  ആഴ്ചകളുടെ പ്രായം മാത്രം. ഒന്നിന് മുകളിൽ ഒന്നായി ലോറിയിൽ അടുക്കി വച്ചിരിക്കുന്ന ഓരോ ഇരുമ്പ് കൂടുകൾക്കുള്ളിലും അഞ്ചിലധികം പേരെ കുത്തി നിറച്ചിട്ടുണ്ട്. കഴുത്തൊന്നു നേരെ തിരിക്കാനോ പിടിക്കാനോ പറ്റാത്ത അവസ്ഥ. ശ്വാസം മുട്ടുന്ന പോലെ തോന്നി. ഇത്രയും കാലം ഒന്നുമില്ലെങ്കിലും ഫാമിനുള്ളിൽ അതിനെല്ലാമുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടായിരുന്നു. അതെല്ലാം  നഷ്ട്ടപ്പെട്ടു എന്ന് മനസിലായപ്പോളായിരിക്കാം ഒരു പക്ഷേ എല്ലാവരും കൂടുതൽ ദുഖിതരായത്. ഫാമിനുള്ളിൽ നിന്ന് പുറത്തേക്ക് എത്തിയത് കൂടുകളിൽ കുത്തി നിറച്ച നിലയിലായിരുന്നു. പലരും ഉച്ചത്തിൽ കരഞ്ഞെങ്കിലും എന്തോ എനിക്ക് കരയാൻ തോന്നിയില്ല. ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെ- അത് നല്ലതായാലും ചീത്തയായാലും ഒരു പഠനത്തിനെന്നോണം നിരീക്ഷിക്കുന്നത് എന്റെ പതിവായിരുന്നു. അല്ലെങ്കിൽ തന്നെ കരയുന്നതെന്തിന്? ഈ കുറഞ്ഞ കാലയളവിലെ ജീവിതത്തിനിടയിൽ കേവലം ശരീര ഭാരം കൊണ്ട് ഞങ്ങൾ പോലും അറിയാതെ ഞങ്ങൾക്കൊരു വില കൈ വന്നിരിക്കുന്നു. ആ വില കൊണ്ട് മറ്റൊരാൾക്ക് ബിസിനസ് ലാഭവും. അതിന്റെയെല്ലാം  ഭാഗമാകാൻ സാധിച്ചല്ലോ എന്നോർത്ത്  സന്തോഷിക്കുകയല്ലേ വേണ്ടത്.   മറ്റുള്ളവരുടെ കൂട്ടക്കരച്ചിലുകൾക്കിടയിൽ ഞാൻ  ഇപ്രകാരം വേറിട്ട നിരീക്ഷണങ്ങളിൽ മുഴുകിയമർന്നു കൊണ്ടിരിക്കുകയായിരുന്നു.

ഇരുമ്പ് കൂടുകൾക്കിടയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ചതുര രൂപത്തിലാണ് എനിക്ക്  ഈ ലോകത്തെ കാണാൻ സാധിച്ചത് . പണ്ട് ഈ ലോകം  അങ്ങിനെയായിരുന്നില്ലല്ലോ എന്ന് ഞാൻ ഓർത്തു. അപ്പോൾ സത്യത്തിൽ എനിക്ക് മറ്റൊരു സംഗതിയാണ് മനസിലായത്. നമ്മൾ സഞ്ചരിക്കുമ്പോൾ ഈ ലോകം മാറുന്നു. ലോകത്തിനു പല രൂപവും പല നിറവും പല കാലാവസ്ഥയും ഉണ്ടാകുന്നത് നമ്മൾ ഒരിടത്ത് നിന്ന് ഒരിടത്തേക്ക് സഞ്ചരിക്കുമ്പോൾ ആണ്. ലോറി പതിയെ നീങ്ങിത്തുടങ്ങുകയും എന്റെ ചതുര കാഴ്ചകളിൽ നിന്ന് ഫാം മറഞ്ഞു പോകുകയും ചെയ്തപ്പോൾ ഞാൻ ചിന്തിച്ചത് ശരി തന്നെ എന്ന് ഉറപ്പായി. 

നാഷണൽ ഹൈവേയിലെക്ക് വണ്ടി എത്തിയപ്പോഴേക്കും എല്ലാവരും അവശരായിരുന്നു. അത്രക്കുണ്ടായിരുന്നു വണ്ടിയുടെ കുലുക്കം. ഇതിനിടയിൽ എന്റെ കൂടെ ഉണ്ടായിരുന്നവർക്ക് കലശലായ ദാഹവും അനുഭവപ്പെടാൻ തുടങ്ങി. ആരോട് ചോദിക്കാൻ ? അല്ലെങ്കിൽ തന്നെ ഈ ഭൂമിയിൽ അധിക കാലം ജീവിക്കാൻ തരത്തിലുള്ള ആരോഗ്യ സ്ഥിതിയിലല്ലായിരുന്നു ഞങ്ങളുടെ ഓരോരുത്തരുടെയും ജനനവും വളർച്ചയുമെല്ലാം. ഫാമിലെ കാലാവസ്ഥയും പുറത്തെ കാലാവസ്ഥയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് . ഇത്രയും പോരെ ഞങ്ങളെ പോലുള്ള അൽപ്പായുസ്സുകളുടെ കാര്യത്തിൽ ദൈവത്തിനൊരു തീരുമാനമെടുക്കാൻ? അങ്ങിനെ പറയുമ്പോൾ മറ്റൊന്ന് കൂടി പറയാനുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഈ ദൈവം എന്നൊക്കെ പറയുന്നത് ഒരു വലിയ സംഭവമൊന്നുമല്ല  കേട്ടോ. മനുഷ്യന്റെ ആഗ്രഹങ്ങളും  തീരുമാനങ്ങളും നടപ്പിലാക്കി  കൊടുക്കുന്ന ഒരു ഇടനിലക്കാരൻ മാത്രമല്ലേ  ഈ ദൈവം എന്ന് ഇടക്ക് ഞങ്ങളിൽ പലരും ചിന്തിക്കുകയും ചർച്ചിക്കുകയുമൊക്കെ ചെയ്തതാണ്. ഞങ്ങളുടെ  ജനുസിന്റെ കാര്യത്തിൽ അത് ഏറെക്കുറെ ശരിയുമാണ്. മാസ പിണ്ഡത്തിന് താൽക്കാലികമായി ജീവൻ വപ്പിക്കുന്ന മനുഷ്യന്റെ ഏർപ്പാടിന്റെ ഇരകളാണ് ഞങ്ങൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ മാംസം നൽകാൻ വേണ്ടി മാത്രം ജനിക്കുന്നവർ. ഈ ലോകത്ത് ജീവിക്കാൻ ഞങ്ങൾക്ക് അവകാശമില്ല എന്ന് ഉറച്ച് വിശ്വസിക്കാൻ ഇപ്പറഞ്ഞ കാരണങ്ങളെല്ലാം ധാരാളം. 

സമയം രാത്രി ഏറെ നേരം പിന്നിട്ടിരിക്കുന്നു. ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ തൊട്ടു പുറകിൽ വന്നു കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വെളിച്ചം കണ്ണിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു. പലരിലും ആ അസ്വസ്ഥത ശബ്ദമായി പൊങ്ങിത്തുടങ്ങിയത് കൊണ്ടോ എന്തോ ഡ്രൈവർ വണ്ടി ഒരു അരികിലേക്ക് ചേർന്ന് നിർത്തി.  വണ്ടിയുടെ പുറകു വശത്ത് വന്നു നിന്ന ഡ്രൈവർ  എന്റെ കൂടിനു മുകളിൽ കൈ കൊണ്ടെന്തോ പരതികൊണ്ട് മറ്റൊരു കൂട് വലിച്ചു താഴെയിട്ടു. അതിൽ നിന്ന് ഒരുത്തനെ പുറത്തേക്ക് വലിച്ചിട്ടു. അവനാളൊരു ഗുണ്ട് മണിയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്നവൻ. അവനെ തല കുത്തനെ പിടിച്ചു കൊണ്ട് വലിച്ചിട്ട കൂട് അയാൾ തിരികെ വച്ചു. തല തൂക്കി പിടിച്ചപ്പോൾ അവൻ കൊക്കി കരയാൻ തുടങ്ങി. പിന്നെന്തുണ്ടായെന്നറിയില്ല അവനെയും കൊണ്ട് അയാൾ റോഡരികിലെ ഒരു വീട്ടിലേക്ക് കയറിപ്പോയി. അവന്റെ ശബ്ദം പിന്നെ ഞങ്ങൾക്കൊരു ഓർമ്മ മാത്രമാകുകയായിരുന്നു. 

ഏറെ സമയത്തിന് ശേഷം ഒരു വലിയ ഏമ്പക്ക ശബ്ദത്തോടെയാണ് ഡ്രൈവർ തിരിച്ചു വന്നത്. ഡ്രൈവറുടെ ഭാര്യയായിരുന്നിരിക്കാം വീടിനു പുറത്തു നിന്ന് അയാൾക്ക് നേരെ കൈ വീശി കൊണ്ടെന്തോ പറഞ്ഞു. അയാൾ തിരിച്ചും. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അപ്പോഴേക്കും എല്ലാവരും ലോറിയിലെ പുതിയ ആവാസ വ്യവസ്ഥയുമായി താദാത്മ്യം  പ്രാപിച്ചിരുന്നു. എല്ലാവരുടെയും കണ്ണുകൾ ക്ഷീണം കൊണ്ട് പാതി മയക്കത്തിലേക്ക് വീണു പോയി. സംശയിക്കണ്ട, കോഴിയുറക്കം എന്ന പേരിൽ പണ്ടേ പ്രശസ്തിയാർജ്ജിച്ച ആ മയക്കം തന്നെയാണ് ഞങ്ങളും അന്ന് നടപ്പിലാക്കിയത്. 

ഉറക്ക ശേഷം കണ്ണ് തുറന്നപ്പോൾ  ഞങ്ങളുടെ കൂടുകൾക്ക് ഒരൽപ്പം കൂടി വിസ്താരം കൈ വന്നിരിന്നു. കൂടുകളുടെയും കൂടെയുണ്ടായിരുന്നവരുടെയും  എണ്ണവും കുറഞ്ഞതായി  മനസിലായി. അപ്പോഴാണ്‌ പരിസരം ഞാൻ ശ്രദ്ധിക്കുന്നത്. ലോറിക്ക് പകരം മനുഷ്യന്മാരുടെ തിരക്കുള്ള ഒരു വലിയ ചന്തയായിരുന്നു അത്. എല്ലാവരും ഞങ്ങളിലേക്ക് കണ്ണ് നട്ടു നിൽക്കുകയായിരുന്നു. ആ സമയം എന്റെ കാലിൽ ഒരാൾ അറ്റം വളഞ്ഞ വടി വച്ച് പിടിച്ചു. കൂട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചു. തല കുത്തനെ ത്രാസിൽ കെട്ടി തൂക്കിയിട്ടു. അവസാനമായി കുടിക്കാൻ വെള്ളവും തന്നു. അയാളുടെ മുഖവും എന്നെ വാങ്ങാൻ വന്നയാളുടെ മുഖവും ഞാൻ തല കുത്തനെയും ചരിഞ്ഞുമെല്ലാം നോക്കി കണ്ടു. അന്നും ഞാൻ കരയാൻ നിന്നില്ല. പക്ഷേ ഒരത്ഭുതം സംഭവിച്ചു. അയാൾ എന്നെ വീണ്ടും കൂട്ടിലേക്ക് തന്നെ തിരികെ പിടിച്ചിട്ടു. ശേഷം കൂട്ടത്തിലെ മറ്റൊരു തടിയനെ പിടിച്ചു കൊണ്ട് എന്നെ ചെയ്ത പോലെയെല്ലാം ചെയ്തു. അവൻ വെറുതെയെങ്കിലും പ്രതീക്ഷിച്ചു കാണും അവനെയും എന്നെ പോലെ തിരികെ കൂട്ടിലേക്ക് തന്നെ പിടിച്ചിടുമെന്ന്. പക്ഷേ, അതുണ്ടായില്ല. അവന്റെ കഴുത്തും അയാളുടെ കയ്യിലെ ആയുധവും ദ്രുതഗതിയിൽ തമ്മിലടുത്തു. 'ടക്' എന്നൊരു ശബ്ദത്തോടെ ആ പ്രണയം അവസാനിച്ചു. അവനെ അയാൾ വലിയൊരു ബക്കറ്റിലേക്കെടുത്തിട്ടു. ഇരുളടഞ്ഞ  കുഴിയുള്ള ആ ബക്കറ്റിൽ നിന്നും അവന്റെ പിടച്ചിൽ ശബ്ദം തെല്ലു നേരം എനിക്ക് കേൾക്കേണ്ടതായി വന്നു. ജീവൻ പോയ ശേഷം തൂവലുരിഞ്ഞ അവന്റെ ശരീരത്തെ  ഖണ്ഡിച്ചു കൊണ്ടിരിക്കെ അയാൾ  അതിലൊരു   താളം സൃഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു . ടക് ടക് ..ടക് .ടക് ..

ഭാഗം 2  

ആഴ്ചകളുടെ വളർച്ചാ കാലഘട്ടത്തിൽ ഒന്നിച്ചു കളിച്ചു വളർന്നവർ ആയിരത്തിലധികം വരും. തൂക്കത്തിൽ മാത്രമായിരുന്നു ഞങ്ങൾ വിഭിന്നർ. വരാനിരിക്കുന്ന വിധിയുടെ കാര്യത്തിൽ ഞങ്ങൾ എല്ലാവരും സമാനർ. എത്തിപ്പെടുന്ന ഇടങ്ങൾ വ്യത്യസ്തമാകാമെങ്കിലും ഞങ്ങളെ കാത്തിരിക്കുന്നവർ ആഗ്രഹിക്കുന്ന രുചി വികാരം ഒന്ന് തന്നെ. തൂക്കം കൂടിയവർ മരണത്തിലേക്ക് പെട്ടെന്ന് പാഞ്ഞടുത്തു. കൂടെയുണ്ടായിരുന്ന പലരുടെയും കാലുകളിൽ അറ്റം വളഞ്ഞ വടി മരണത്തിന്റെ പിടി മുറുക്കിയപ്പോൾ എന്റെ കാലുകൾ മാത്രം അതിൽ നിന്ന് സ്വതന്ത്രമായി നടന്നു. ഓരോ ദിവസവും  അളവിൽ കുറവായി മാത്രമേ ഞാൻ എന്തെങ്കിലും ഭക്ഷിച്ചിരുന്നുള്ളൂ. അതിനാൽ തന്നെ എന്റെ തൂക്കം കുറവായി തന്നെ തുടർന്നു. എന്നിരുന്നാലും എനിക്കറിയാം അറ്റം വളഞ്ഞ വടി ഒരു നാൾ എന്റെ കാലിലും വന്നു വീഴുമെന്ന്. അത് വരെ ഈ കളി തുടരാം എന്ന് ഞാനും കരുതി. 

അങ്ങിനിരിക്കെയാണ്  എന്റെ ജീവന് പുതിയൊരു അവകാശി എത്തുന്നത്. അയഞ്ഞ ബനിയനും ട്രൌസറും ഇട്ടു നിൽക്കുന്ന ഒരു കൊച്ചു പയ്യൻ. ബാല്യം വിട്ടു മാറാത്ത അവൻ ഏറെ കൌതുകത്തോടെയാണ് ഞങ്ങളെ ഓരോരുത്തരെയും നോക്കി കണ്ടത്. നിരാശയോടെ കയ്യിലുള്ള പൈസ എണ്ണി തിട്ടപ്പെടുത്തി കൊണ്ട് അവൻ കടക്കാരന് നേരെ നീട്ടി. അയാൾ അതും വാങ്ങി മേശവലിപ്പിൽ ഇട്ട ശേഷം ഞങ്ങളുടെ കൂട്ടത്തിലെ  പലരെയും തല കുത്തനെ കെട്ടിത്തൂക്കി കൊണ്ട് തൂക്കം അളന്നു. അവൻ കൊടുത്ത പൈസ കൊണ്ട് അവരുടെ തൂക്കത്തിൽ ഒന്നിനെ നൽകാൻ അയാൾ സമ്മതിച്ചില്ല. അവന്റെ പൈസ തിരിച്ചു കൊടുക്കാനായി മേശ വീണ്ടും തുറക്കുന്ന സമയത്താണ് അവൻ അയാൾക്ക് എന്നെ ചൂണ്ടി കാണിച്ചു കൊടുക്കുന്നത്. ഒരു അവസാന ശ്രമമെന്ന നിലയിൽ അയാൾ എന്റെ കാലിൽ അറ്റം വളഞ്ഞ വടി കൊണ്ട് പിടിച്ചു വലിച്ചു. മരണത്തെ ഞാൻ വീണ്ടും മുഖാമുഖം കാണുകയായിരുന്നു. ഇത്തവണ കൂട്ടിലേക്ക് ഒരു തിരിച്ചു പോക്കുണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 

തല കുത്തനെ തുലാസിൽ കിടന്നു തൂങ്ങിയപ്പോൾ അവന്റെ മുഖം തെളിയുന്നത് ഞാൻ കണ്ടു. അവൻ കൊടുത്ത പൈസക്കും എന്റെ തൂക്കത്തിനും ഒരേ ഒരു വില. എന്റെ ജീവന്റെ വില. ഞാൻ കണ്ണടച്ച് പിടിച്ചു. ചെവിയിൽ എനിക്ക് മുൻപേ പോയവരുടെ പിടച്ചിൽ ശബ്ദങ്ങൾ മുഴങ്ങി. ഞാനിന്നു വരെ കണ്ടിട്ടില്ലാത്ത ഇരുളടഞ്ഞ ആ വലിയ ബക്കറ്റിന്റെ ആഴം ഞാൻ ഊഹിച്ചെടുത്തു. എന്റെ ഹൃദയമിടിപ്പ് കൂടി. അയാളുടെ കയ്യിലെ കത്തിയിലെ ഉണങ്ങിയ ചോര മണം എന്റെ മൂക്കിനുള്ളിലെക്ക് ഇരച്ചു കയറി. ചോര നനവുള്ള മരക്കഷ്ണത്തിന്റെ മുകളിൽ എന്റെ കഴുത്ത് അമർത്തി കിടത്തിയപ്പോഴും ഞാൻ കണ്ണ് തുറന്നില്ല. പെട്ടെന്നാണ് അവനെന്തോ പറഞ്ഞത്. അയാൾ എന്നെ കൊന്നില്ല. പകരം അവന്റെ കയ്യിലെ സഞ്ചിയിലേക്ക് എന്നെ ജീവനോടെ എടുത്തിട്ടു കൊടുത്തു . അവൻ എന്നെയും കൊണ്ട് എങ്ങോട്ടോ ഓടി. 

സഞ്ചിക്കുള്ളിലിരുന്നു കൊണ്ട് അവന്റെ ഓട്ടത്തിന്റെ വേഗം എനിക്ക് മനസിലാക്കാമായിരുന്നു. അങ്ങിങ്ങായി കീറിയ സഞ്ചിയുടെ ദ്വാരങ്ങളിലൂടെ എന്റെ മുഖത്തേക്ക് നനുത്ത കാറ്റ് വീശാൻ തുടങ്ങി. ആ ഓട്ടം ചെന്ന് നിന്നത് ചെറിയൊരു കൂരയിലായിരുന്നു. അവന്റെ അമ്മ ആ സമയം പുറത്തേക്കു വന്നു കൊണ്ട് അവനോടെന്തോ  ചോദിച്ചു. അവൻ പറഞ്ഞ മറുപടി കേട്ട ശേഷം അമ്മ മൂക്കത്ത് വിരൽ വച്ച് കൊണ്ട്  സഹതാപം രേഖപ്പെടുത്തി. അതിനു ശേഷം അടുക്കളയിലെ പുക മറയിലേക്ക് തിരിച്ചു നടന്നു. അവൻ എന്നെയും കൊണ്ട് വീടിന്റെ പുറകു വശത്തേക്കും. അവിടെ എന്റെ രൂപത്തിലുള്ള എന്നാൽ എന്നെക്കാളും ആരോഗ്യവും സൌന്ദര്യവുമുള്ളവർ സന്തോഷത്തോടെ താമസിക്കുന്ന ഒരു ചെറിയ കൂടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അവർ 'ആരാടാ നീ ? എവിടുന്നാ ഇപ്പൊ" എന്നൊക്കെ തുടങ്ങി കുറെ ചോദ്യങ്ങൾ ഒരേ സമയം ചോദിച്ചു. ആകെ കലപിലാ ശബ്ദ മയം. ഞാൻ മറുപടിയായി ചെറുതായൊന്നു കൊക്കി ശബ്ദം ഉണ്ടാക്കി. അത്രയല്ലേ എനിക്ക് പറയാനുള്ളൂ താനും. അതോടെ അവർക്ക് മനസിലായി ഞാൻ ഒരു വരുത്തൻ ആണെന്ന്. 

അക്കാലം വരെ ഞാൻ കിടന്നിരുന്ന കൂടുകളെ പോലെയായിരുന്നില്ല എനിക്ക് കിട്ടിയ പുതിയ കൂട്. അവരെല്ലാം ഒരുമിച്ച് ഒരു കൂട്ടിൽ കിടന്നപ്പോൾ ഞാൻ മാത്രം വേറൊരു കൂട്ടിൽ തനിച്ചു കിടന്നു. ഓർമ്മകൾ ആ രാത്രി  എന്നെ ഉറങ്ങാൻ വിട്ടില്ല. തൊട്ടപ്പുറത്തെ  കൂട്ടിൽ  നിന്നും ആരോ കൂകിയപ്പോഴാണ് നേരം വെളുത്തെന്ന് പോലും ഞാൻ മനസിലാക്കിയത്. ഇത്രയും കാലത്തെ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാതം ആ  ദിവസത്തിലായിരുന്നു  ഞാൻ കണ്ടത്. കൂട് തുറന്നാൽ തുലാസിൽ തല കുത്തനെ കിടന്ന് മരണത്തെ  കാണാൻ വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലെ ഒരാൾക്ക് ജീവിതത്തിലാദ്യമായി കൂട് തുറന്നപ്പോൾ   സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു.  പേടിച്ചും മടിച്ചും   നടന്നു കൊണ്ട് ഞാൻ പരിപൂർണ്ണ സ്വാതന്ത്ര്യം ഉറപ്പ് വരുത്തി.  എന്നെ വരുത്തനായി കണ്ടിരുന്നവർ അപ്പോഴേക്കും എന്നെയും അവരുടെ കൂട്ടത്തിൽ ചേർത്തിരുന്നു. അവർ എന്നെയും   കൊണ്ട് വീടിനു പരിസരത്തുള്ള ചളിക്കുഴിയിലേക്ക് നടന്നു നീങ്ങി. പിന്നെ മണ്ണിൽ നിന്ന് എന്തൊക്കെയോ  ചിക്കി ചിനക്കിയെടുത്ത് എനിക്ക് തന്നു.  ജീവനുള്ള ഒരു ജീവിയായി ഞാൻ പരിണാമപ്പെടുകയായിരുന്നു അവിടുന്നങ്ങോട്ട്.  പൂർണ്ണമായും അവരെ പോലെയാകാൻ സാധിക്കില്ലെങ്കിലും ഞാനും ഇപ്പോൾ അവരിലൊരാളായി മാറിയല്ലോ എന്ന തോന്നൽ  എന്തിനെന്നില്ലാതെ എനിക്ക് ശക്തി പകർന്നു തരുന്നുണ്ടായിരുന്നു.  

ക്ഷണിക ജീവിതമെങ്കിലും പ്രതീക്ഷകൾ നമ്മളെ നാളേക്ക് ജീവിക്കാൻ പ്രേരിപ്പിക്കുമല്ലോ. എനിക്കും അങ്ങിനെ തന്നെ. നാളെ എന്നത് എന്നെ സംബന്ധിച്ച് ഒരു ഉറപ്പും പറയാനില്ലാത്ത ഒന്നാണെങ്കിൽ കൂടി ഇപ്പോൾ എനിക്കും ആഗ്രഹം തോന്നുന്നു- ഒന്ന് ജീവിക്കാൻ. കീറിയ സഞ്ചിക്കുള്ളിൽ  കിടന്ന സമയത്ത്  എന്റെ മുഖത്തേക്ക് വീശിയ അതേ നനുത്ത കാറ്റ്  എനിക്ക് ചുറ്റും  വീശുന്നുണ്ട്- എനിക്കെല്ലാ പിന്തുണയും തന്നു കൊണ്ട്. എന്റെ കാലുകൾ ആ സമയം ഞാൻ അറിയാതെ മണ്ണിൽ ചിക്കി ചിനക്കുകയായിരുന്നു. നിമിഷങ്ങൾക്കകം  എനിക്ക് ഭക്ഷിക്കാനായി ഒരു ഇരയെ അത് കണ്ടെത്തി തന്നു. ഞാൻ സ്വയം മറന്ന് പറഞ്ഞു പോകുന്നു - ഞാൻ ജീവിക്കുകയാണ്. എനിക്കിനിയും ജീവിക്കണം.  ഈ നിമിഷം മുതൽ ജീവിക്കണം എന്നത് എന്റെ ഒരു അത്യാഗ്രഹം കൂടിയായി മാറിയിരിക്കുന്നു. . ജീവിതത്തിന് ഇത്രയേറെ ലഹരി ഉണ്ടായിരുന്നെന്ന്   ഇപ്പോഴാണ് ഞാൻ  മനസിലാക്കുന്നത്.

-pravin-

2015 ജൂണ്‍ ലക്കം ഇ -മഷി ഓണ്‍ ലൈന്‍ മാഗസിനില്‍ പബ്ലിഷ് ചെയ്തത് വായിക്കാന്‍ ലിങ്കില്‍  ക്ലിക്കുക ..